മുംബൈ: പുനെ സിറം ഇൻസ്റ്റിറ്റ്യൂട്ടിലെ തീപ്പിടിത്തം കോവിഡ് വാക്സിൻ വിതരണത്തെ ബാധിക്കില്ലെന്ന് സിറം ഇൻസ്റ്റിറ്റ്യൂട്ട് സിഇഒ അദാർ പൂനാവാല. തീപ്പിടിത്തത്തിൽ കോവിഷീൽഡ് വാക്‌സിനുകൾക്ക് കേടുപാടുണ്ടായിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. മഹാരാഷ്ട്ര മുഖ്യമന്ത്രി ഉദ്ധവ് താക്കറെയുമായി നടത്തിയ സംയുക്ത വാർത്താ സമ്മേളനത്തിലാണ് പൂനാവാല ഇക്കാര്യം വ്യക്തമാക്കിയത്. ആയിരംകോടി മൂല്യംവരുന്ന ഉപകരണങ്ങളും ഉത്പന്നങ്ങളും തീപ്പിടിത്തത്തിൽ നശിച്ചതായും പൂനാവാല പറഞ്ഞു.

തീപ്പിടിത്തം ഉണ്ടായത് പുതിയ കെട്ടിടത്തിലാണെന്നും ഭാവിയിൽ ബി.സി.ജി., റോട്ടാവൈറസ് വാക്‌സിനുകൾ ഉത്പാദിപ്പിക്കാൻ ലക്ഷ്യമിട്ടായിരുന്നു ഈ കെട്ടിടത്തിന്റെ നിർമ്മാണമെന്നും അദാർ പൂനാവാല വ്യക്തമാക്കി. അവിടെ വാക്‌സിനുകൾ ഉത്പാദിപ്പിച്ചിരുന്നില്ല. അതിനാൽ വാക്‌സിനുകൾ ഒന്നും നശിച്ചു പോയിട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

അശ്രദ്ധയാണോ അപകടകാരണമെന്ന ചോദ്യത്തിന് അന്വേഷണം പുരോഗമിച്ചു കൊണ്ടിരിക്കുകയാണെന്ന് ഉദ്ധവ് താക്കറേ പറഞ്ഞു. അന്വേഷണം പൂർത്തിയാകുന്നതിനു മുൻപ് പ്രതികരിക്കാനാവില്ല. അന്വേഷണം പൂർത്തിയായതിനു ശേഷമേ അശ്രദ്ധയാണോ മറ്റു വല്ലതുമാണോ അപകടകാരണമെന്ന് പറയാനാകൂവെന്നും ഉദ്ധവ് കൂട്ടിച്ചേർത്തു.

വ്യാഴാഴ്ച ഉച്ചയ്ക്കു ശേഷം 2.45-ഓടെയാണ് നിർമ്മാണം പുരോഗമിച്ചു കൊണ്ടിരുന്ന കെട്ടിടത്തിൽ തീപ്പിടിത്തമുണ്ടായത്. അപകടത്തിൽ അഞ്ചുപേർ മരിച്ചിരുന്നു. കോവിഡ് വാക്‌സിൻ നിർമ്മിക്കുന്ന കേന്ദ്രത്തിന് ഒരു കിലോമീറ്റർ അകലെയാണ് അപകടമുണ്ടായത്.