തിരുവനന്തപുരം: രാവിലെ 10 മുതൽ രാത്രി 8 വരെ പ്രവർത്തിക്കുന്ന 242 സപ്ലൈക്കോ വിൽപ്പനശാലകളിൽ ജീവനക്കാർക്ക് ഉപയോഗിക്കാൻ ശുചിമുറിയില്ലെന്ന് സപ്ലൈക്കോ.

നിലവിൽ ശുചിമുറി സൗകര്യമില്ലാത്ത എല്ലാ വിൽപ്പന ശാലകളിലും അടിയന്തിരമായി ശുചിമുറി സൗകര്യം ഒരുക്കണമെന്ന് സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻ അധ്യക്ഷൻ ജസ്റ്റിസ് ആന്റണി ഡൊമിനിക് സപ്ലൈക്കോ മാനേജിങ് ഡയറക്ടർക്ക് നിർദ്ദേശം നൽകി.

1534 വിൽപ്പനശാലകളാണ് സപ്ലൈക്കോക്ക് സംസ്ഥാനത്തുള്ളത്. സ്ഥാപനങ്ങളിലെ ജീവനക്കാരിൽ ഭൂരിപക്ഷവും സ്ത്രീകളാണ്. 528 വിൽപ്പനശാലകളിൽ ശുചിമുറി സൗകര്യമില്ലെങ്കിലും ഇതിൽ 286 കേന്ദ്രങ്ങളിൽ സമീപപ്രദേശത്തുള്ള കടമുറികളിൽ ശുചിമുറി സൗകര്യമുണ്ടെന്ന് എം ഡിയുടെ റിപ്പോർട്ടിൽ പറയുന്നു. ബാക്കിയുള്ള 242 കേന്ദ്രങ്ങളിൽ ശുചിമുറി സൗകര്യം ലഭ്യമല്ല. ഇതിൽ കൊല്ലം കടപ്പാക്കടയിലുള്ള മാവേലി സ്റ്റോർ കെട്ടിടം സപ്ലൈക്കോയുടെ ഉടമസ്ഥതതയിലുള്ളതാണ്. ഇവിടെ ശുചിമുറി സ്ഥാപിക്കാമെന്ന് എം ഡി അറിയിച്ചു. സപ്ലൈക്കോ എംപ്ലോയീസ് കോൺഗ്രസ് പ്രസിഡന്റ് എം. ശശിധരൻ നായർ സമർപ്പിച്ച പരാതിയിലാണ് നടപടി.