തിരുവനന്തപുരം: സപ്ലൈകോയുടെ ഒരേ ഔട്ട്‌ലെറ്റുകളിൽ തുടർച്ചയായി മൂന്ന് വർഷം പൂർത്തിയാക്കിയ താൽക്കാലികജീവനക്കാരെ സ്ഥലംമാറ്റി പുനക്രമീകരിക്കണമെന്ന അഡീഷണൽ ജനറൽ മാനേജരുടെ നിർദ്ദേശം അനുസരിക്കാതെ കീഴ്ജീവനക്കാർ. മൂന്നാം തീയതി അഞ്ച് മണിക്ക് മുമ്പ് നടപ്പാക്കണമെന്ന അന്ത്യശാസനവുമായി ഇറങ്ങിയ ഉത്തരവിന് ആറ് ദിവസമായിട്ടും മറുപടിയില്ല. കീഴ്ഉദ്യോഗസ്ഥരുടെ നിരുത്തരവാദപരമായ നടപടിയിൽ കണ്ണടച്ച് എജിഎമ്മും.

താൽക്കാലികജീവനക്കാരെ അടിയന്തിരമായി സ്ഥലംമാറ്റി പുനക്രമീകരിക്കണമെന്ന എജിഎമ്മിന്റെ ഉത്തരവ് ആദ്യം പുറത്തിറക്കിയത് നവംബർ 15നായിരുന്നു. സപ്ലൈകോയുടെ ഒരേ ഔട്ട്‌ലെറ്റിൽ തുടർച്ചയായി മൂന്ന് വർഷം പൂർത്തിയാക്കിയ താൽക്കാലികജീവനക്കാരെയാണ് സ്ഥലംമാറ്റാൻ എജിഎം നിർദ്ദേശിച്ചത്. എല്ലാ മേഖലാ മാനേജർമാർക്കും ഡിപ്പോ മാനേജർമാർക്കുമാണ് സപ്ലൈകോ എജിഎം നിർദ്ദേശം നൽകിയത്.

നിർദ്ദേശം നടപ്പാകാത്തതിനെ തുടർന്ന് ഇക്കഴിഞ്ഞ മൂന്നാം തീയതി എജിഎമ്മിന്റെ പുതുക്കിയ ഉത്തരവ് പുറത്തിറങ്ങിയിരുന്നു. ആ ഉത്തരവ് പ്രകാരം ജീവനക്കാരുടെ പുനക്രമീകരണം അന്നേദിവസം അഞ്ച് മണിക്കുള്ളിൽ പൂർത്തിയാക്കി പൂർത്തീകരണ റിപ്പോർട്ട് മേഖലാതലത്തിൽ ക്രോഡീകരിച്ച് അടിയന്തരമായി എജിഎമ്മിന്റെ ഓഫീസിൽ ലഭ്യമാക്കണമെന്ന് നിർദ്ദേശിച്ചിരുന്നു. എന്നാൽ ആറ് ദിവസം കഴിഞ്ഞിട്ടും ഈ നിർദ്ദേശം ഒരു ഡിപ്പോയിൽ പോലും നടപ്പിലായിട്ടുമില്ല.

താൽക്കാലിക ജീവനക്കാരുടെ പുനക്രമീകരണം സംബന്ധിച്ച് ഇപ്പോൾ ധൃതിപിടിച്ച് ഉത്തരവിറക്കിയത് അത് കാണിച്ച് അവർക്കിടയിൽ പിരിവ നടത്താനെന്നുള്ള ആരോപണവും ഉയർന്നിട്ടുണ്ട്. ആദ്യ ഉത്തരവ് പുറത്തിറങ്ങിയ 15-ാം തീയതി മുതൽ ദിവസവേതനക്കാരിൽ നിന്നും സ്ഥലംമാറ്റാതിരിക്കാൻ യൂണിയൻ നേതാക്കളും ഉന്നത ഉദ്യോഗസ്ഥരും പണപ്പിരിവ് നടത്തിയെന്നാണ് ഒരു വിഭാഗം ജീവനക്കാർ ആരോപിക്കുന്നത്. പണം നൽകാൻ തയ്യാറാകാത്തവരിൽ നിന്നും രണ്ടാമത്തെ ഉത്തരവ് ഭയപ്പെടുത്തിയാണ് പണം വാങ്ങിയതെന്നും ഇവർ പറയുന്നു. അതുകൊണ്ടാണ് തുടർനടപടികൾ ഇല്ലാത്തതെന്നും അവർ പറയുന്നു. ഉത്തരവ് നടപ്പിലാക്കിയിട്ടില്ലെങ്കിലും ഉത്തരവ് പിൻവലിക്കാൻ അധികൃതർ തയ്യാറായിട്ടില്ല.

അതേസമയം രണ്ടാമത്തെ ഉത്തരവ് ഇറക്കിയ ശേഷം ഒറ്റദിവസം കൊണ്ട് പുനക്രമീകരണം സാധ്യമല്ല എന്ന് ഉദ്യോഗസ്ഥർ അറിയിച്ചതിനാലാണ് ഉത്തരവിൽ അയവ് വരുത്തിയതെന്ന് എജിഎം മറുനാടനോട് പറഞ്ഞു. എന്നാൽ പ്രായോഗികമല്ലാത്ത ഉത്തരവ് പിൻവലിച്ചിട്ടില്ലെന്നും അദ്ദേഹം സമ്മതിക്കുന്നു. ഉത്തരവ് പിൻവലിച്ചിട്ടില്ലാത്ത സ്ഥിതിക്ക് കാലാവധി നീട്ടുകയാണോ ഉണ്ടായത് എന്ന ചോദ്യത്തിനും അദ്ദേഹം വ്യക്തമായ മറുപടി നൽകിയില്ല.