കൊച്ചി: കിറ്റ് വിതരണവുമായി ബന്ധപ്പെട്ടു തുണിസഞ്ചി വാങ്ങുന്നതിൽ സപ്ലൈകോയുടെ ടെൻഡർ വീണ്ടും സംശയത്തിന്റെ നിഴലിൽ. ടെൻഡർ തുറക്കുന്നതിന്റെ തലേന്നു തന്നെ ഉയർന്ന വിലയ്ക്ക് സപ്ലൈകോ തുണിസഞ്ചിക്കായുള്ള പർച്ചേസ് ഓർഡർ കുടുംബശ്രീക്കു നൽകി.മാത്രമല്ല ഇതിനോടകം കുടുംബശ്രീ വഴി വിതരണം ചെയ്ത തുണിസഞ്ചിയുടെ ഗുണനിലവാരത്തിൽ സംശയമുള്ളപ്പോഴാണ് വീണ്ടും ഓർഡർ കുടുംബശ്രീക്ക് തന്നെ നൽകിയത്.

ഒരു കോടി സഞ്ചികൾ നൽകാനാണ് ഓർഡർ. മുൻപുള്ള മാസങ്ങളിലും കുടുംബശ്രീകളുടെ മറവിൽ തമിഴ്‌നാട്ടിൽ നിന്നുള്ള ഗുണമേന്മ വളരെക്കുറഞ്ഞ ബാഗ് വാങ്ങി പല കമ്പനികളും കോടികളുടെ അഴിമതി നടത്തി.സപ്ലൈകോ ഉന്നത ഉദ്യോഗസ്ഥർ ബന്ധപ്പെട്ട ഈ അഴിമതി പ്രമുഖ മാധ്യമത്തിലുടെ പുറത്ത് വന്നിരുന്നു. ഇതിനെ തുടർന്ന് തിരഞ്ഞെടുപ്പ് മുന്നിൽ കണ്ട് കിറ്റ് വിതരണം വിവാദ രഹിതമാക്കാൻ സപ്ലൈകോ ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്കു ഉത്തരവു നൽകിയ സമയത്തു തന്നെയാണ് തുണിസഞ്ചി വാങ്ങൽ പഴയപടിതന്നെ മതിയെന്ന ഈ തീരുമാനം.

കോട്ടൺ സഞ്ചിക്കായുള്ള ടെൻഡറിൽ ശുദ്ധമായ കോട്ടൺ എന്നു പ്രത്യേകം പറയുന്നില്ല. നിലവിൽ കിറ്റ് വിതരണത്തിന് ഉപയോഗിക്കുന്ന തരത്തിലുള്ള തുണിസഞ്ചി 7 മുതൽ8 രൂപയ്ക്കു വരെ വിപണിയിൽ ലഭിക്കും. സപ്ലൈകോ വിളിച്ച ടെൻഡറിൽ 7.87 രൂപയ്ക്കു ക്വോട്ട് ചെയ്ത കമ്പനിയാണ് ഒന്നാമതെത്തിയത് (എൽ1). 8 രൂപയ്ക്കു താഴെയുള്ള വിലയിൽ ക്വോട്ട് ചെയ്ത മറ്റു കമ്പനികളുമുണ്ട്.ഈ സാഹചര്യത്തിലാണ് 13 രൂപയും ജിഎസ്ടിയും ചേർന്ന വിലയിൽ കുടുംബശ്രീക്ക് ഒരു കോടി തുണിസഞ്ചികളുടെ ഓർഡർ നൽകുന്നത്. ഒരു കോടി സഞ്ചി വാങ്ങുമ്പോൾ ഖജനാവിന് കുറഞ്ഞത് 5 കോടി രൂപ നഷ്ടം വരും. അതേസമയം കുടുംബശ്രീ യൂണിറ്റുകൾക്ക് ടെൻഡറിൽ പങ്കെടുക്കാതെയും പർച്ചേസ് ഓർഡർ നൽകാൻ സപ്ലൈകോയ്ക്ക് ചട്ടപ്രകാരം കഴിയും.

അഴിമതി ഇങ്ങനെ

കോയമ്പത്തൂരിലും മറ്റും 7 രൂപയ്ക്കു താഴെ ഇത്തരം തുണി സഞ്ചികൾ ലഭ്യമാണ്. ഇവിടെ നിന്നു വാങ്ങുന്ന സഞ്ചികൾ ഇരട്ടി വിലയ്ക്കാണ് ചില കമ്പനികൾ സപ്ലൈകോയ്ക്കു നൽകുന്നത്.ഇത് സംബന്ധിച്ച വാർത്തകൾ വന്ന സാഹചര്യത്തിൽ പാലക്കാട് കേന്ദ്രീകരിച്ചുള്ള ചില കുടുംബശ്രീ യൂണിറ്റുകൾക്കെതിരെ സപ്ലൈകോ വിജിലൻസ് അന്വേഷണം നടത്തുകയും നടപടിയെടുക്കാൻ കുടുംബശ്രീയോട് ആവശ്യപ്പെടുകയും ചെയ്തിരുന്നു. എന്നാൽ വമ്പൻ കമ്പനികൾക്കെതിരെ ഇതുവരെ നടപടികളൊന്നുമുണ്ടായിട്ടില്ല.വീണ്ടും വലിയ പർച്ചേസ് ഓർഡർ കുടുംബശ്രീയിലേക്കു പോകുമ്പോൾ വലിയ അഴിമതി നടക്കാനുള്ള സാധ്യതയാണു തെളിയുന്നത്.