തിരുവനന്തപുരം: സംസ്ഥാനത്തെ വിലക്കയറ്റം നിയന്ത്രിക്കാനായി മൊബൈൽ വിൽപ്പനശാലകളുമായി സപ്ലൈക്കോ. ഡിസംബർ 9 വരെ 700 കേന്ദ്രങ്ങളിലായി മൊബൈൽ വിൽപ്പനശാലകളിലൂടെ കുറഞ്ഞ വിലയ്ക്ക് അരിയും വെള്ളിച്ചെണ്ണയും, ഉഴുന്നും അടക്കമുള്ള സാമഗ്രികൾ വിൽപ്പന നടത്താനാണ് നീക്കം. റേഷൻ കാർഡ് ഉടമകൾക്ക് ഒരു മാസത്തേക്ക് വേണ്ട സാധനങ്ങൾ വാങ്ങാനാകും. ഇന്നും നാളെയും തിരുവനന്തപുരത്തായിരിക്കും വിൽപ്പന. അടുത്ത ദിവസങ്ങളിൽ മറ്റ് ജില്ലകളിലേക്കും മൊബൈൽ വിൽപ്പനശാലകൾ എത്തും. സഞ്ചരിക്കുന്ന വിൽപ്പനശാലകളുടെ ഫ്‌ളാഗ് ഓഫ് മന്ത്രി ജിആർ അനിൽ നിർവഹിച്ചു.

അതേ സമയം, സംസ്ഥാനത്ത് പച്ചക്കറി വില വീണ്ടും കുതിച്ചുയരുകയാണ്. അറുപതിലേക്ക് താഴ്ന്ന ഒരു കിലോ തക്കാളിക്ക് ഇന്ന് തിരുവനന്തപുരത്ത് നൂറ് രൂപയിലധികമാണ് വില. അയൽ സംസ്ഥാനങ്ങളിലെ മഴക്കെടുതിയാണ് വിലക്കയറ്റത്തിന്റെ കാരണമെന്നാണ് കച്ചവടക്കാർ പറയുന്നത്.

നേരത്തെ സർക്കാർ ഇടപെട്ട് നേരിട്ട് ഇതര സംസ്ഥാനങ്ങളിൽ നിന്നും പച്ചക്കറിയെത്തിച്ചതോടെ വിപണിയിലെപച്ചക്കറി വില കുറഞ്ഞിരുന്നു. മറ്റ് സംസ്ഥാനങ്ങളിൽ നിന്നും ഹോർട്ടികോർപ്പ് നേരിട്ട് പച്ചക്കറി വാങ്ങി വിൽപ്പന തുടങ്ങിയതോടെയാണ് പൊതുവിപണിയിൽ വില താഴ്ന്നു തുടങ്ങിയത്. എന്നാൽ ഇന്ന് വീണ്ടും തക്കാളിയടക്കമുള്ള പച്ചക്കറികളുടെ വില ഉയരുകയാണ്. കഴിഞ്ഞ ദിവസങ്ങളിൽ 60 രൂപയായി കുറഞ്ഞ തക്കാളിക്ക് തിരുവനന്തപുരത്തെ ചില്ലറക്കച്ചവടക്കാർ ഇന്ന് 100 മുതൽ 120 രൂപയ്ക്ക് വരെയാണ്.

വില കുത്തനെ കൂടിയെങ്കിലും വില പിടിച്ചുനിർത്താനുള്ള ശ്രമം ഹോർട്ടികോർപ്പ് തുടരുകയാണ്. കഴിഞ്ഞ തിങ്കളാള്ച മുതൽ ശരാശരി 80 ടൺ പച്ചക്കറി തമിഴ്‌നാട്ടിൽ നിന്നും കർണാടകത്തിൽ നിന്നുമായി ഹോർട്ടികോർപ്പ് കേരളത്തിലെത്തിക്കുന്നുണ്ട്. തക്കാളിക്ക് 56, മുരിങ്ങയ്ക്കിക്ക് 89, വെണ്ട 31 എന്നിങ്ങനെയാണ് തിരുവനന്തപുരത്തെ ഇന്നത്തെ ഹോർട്ടികോർപ്പ് വില. ഇതേ നിരക്കിൽ വിൽപ്പന തുടരാനും കൂടുതൽ ലോഡ് എത്തിക്കാനുമാണ് നീക്കം.