ന്യൂഡൽഹി: വിവാഹേതര ലൈംഗികബന്ധം ക്രിമിനൽ കുറ്റമല്ലാതാക്കിയ വിധിക്കെതിരെ കേന്ദ്ര സർക്കാർ സുപ്രീംകോടതിയിൽ. സൈനികരുടെപേരു പറഞ്ഞാണ് കേന്ദ്രസർക്കാർ വിധിക്കെതിരെ രംഗത്തുവന്നിരിക്കുന്നത്. 2018-ലെ പരമോന്നത നീതിപീഠത്തിന്റെ വിധി സേനാവിഭാഗങ്ങളിൽ ഉള്ളവർക്ക് ബാധകമാക്കരുതെന്നും ഇത് സൈന്യത്തെ അച്ചടക്കമില്ലാത്തവരാക്കുമെന്നുമാണ് കേന്ദ്രസർക്കാറിന്റെ വാദം. ഇക്കാര്യം ചൂണ്ടിക്കിട്ടി കേന്ദ്രസർക്കാർ സുപ്രീംകോടതിയെ സമീപിച്ചു.

കേന്ദ്രത്തിന്റെ ആവശ്യത്തിൽ സുപ്രീം കോടതി നോട്ടീസ് അയച്ചിട്ടുണ്ട്. വിഷയം അഞ്ചംഗ ഭരണഘടന ബെഞ്ചിന്റെ മുമ്പാകെ ലിസ്റ്റ് ചെയ്യാൻ ജസ്റ്റിസ് റോഹിങ്ടൺ നരിമാന്റെ അധ്യക്ഷതയിലുള്ള ബെഞ്ച് ചീഫ് ജസ്റ്റിസിനോട് അഭ്യർത്ഥിച്ചു. സൈന്യത്തിൽ സഹപ്രവർത്തകരുടെ ഭാര്യമാരുമായി ലൈംഗികബന്ധത്തിൽഏർപ്പെടുന്ന സേനാവിഭാഗങ്ങളിൽ ഉള്ളവരെ പിരിച്ചുവിടാൻ അനുവദിക്കണമെന്നാണ് കേന്ദ്ര സർക്കാരിന്റെ ആവശ്യം. ഇത്തരം പ്രവർത്തികളിൽ ഏർപ്പെട്ടവരുടേത് അച്ചടക്ക ലംഘനമായി കണക്കാക്കാൻ സുപ്രീംകോടതി വിധി കൊണ്ട് സാധിക്കുന്നില്ലെന്നും കേന്ദ്രം ചൂണ്ടിക്കാട്ടുന്നു.

വിവേഹതര ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്നവർ സൈനിക ഉദ്യോഗസ്ഥരുടെ പെരുമാറ്റത്തിന് യോജിച്ച പ്രവർത്തിയല്ല ചെയ്യുന്നത്. എന്നാൽ, 2018-ലെ സുപ്രീം കോടതി വിധിക്ക് ശേഷം ഇത്തരം ബന്ധത്തിൽ ഏർപ്പെടുന്നവർ തങ്ങൾ ക്രിമിനൽ കുറ്റം ചെയ്തിട്ടില്ലെന്ന നിലപാടാണ് സ്വീകരിക്കുന്നതെന്ന് സുപ്രീം കോടതിയിൽ ഫയൽ ചെയ്ത ഹർജിയിൽ കേന്ദ്രം ചൂണ്ടിക്കാട്ടിയിട്ടുണ്ട്.

2018-ൽ ഭരണഘടനാ ബെഞ്ച് പുറപ്പെടുവിച്ച വിധി ആയതിനാൽ, അതിൽ വ്യക്തത വരുത്തേണ്ടത് ഭരണഘടനാ ബെഞ്ച് ആണെന്ന് കേന്ദ്ര സർക്കാരിന്റെ ഹർജി പരിഗണിച്ച ജസ്റ്റിസ് റോഹിങ്ടൺ നരിമാൻ അധ്യക്ഷനായ ബെഞ്ച് ചൂണ്ടിക്കാട്ടി. വിവാഹേതര ലൈംഗികബന്ധം ക്രിമിനൽ കുറ്റമാക്കുന്ന ഇന്ത്യൻ ശിക്ഷ നിയമത്തിലെ 497-ാം വകുപ്പ് ഭരണഘടന വിരുദ്ധമാണെന്ന് 2018-ലാണ് സുപ്രീം കോടതിയുടെ അഞ്ചംഗ ഭരണഘടന ബെഞ്ച് വിധിച്ചത്. വിവാഹേതര ലൈംഗികബന്ധം വിവാഹമോചനത്തിന് കാരണമായി തുടരുമെങ്കിലും അത് ക്രിമിനൽ കുറ്റമല്ലെന്നായിരുന്നു ഭരണഘടന ബെഞ്ചിന്റെ വിധി.