ന്യൂഡൽഹി: വിവിധ ഹൈക്കോടതികളിലേക്ക് ചീഫ് ജസ്റ്റിസുമാരെ ശുപാർശ ചെയ്ത് സുപ്രീംകോടതി കൊളീജിയം. എട്ട് പേരുടെ നാമനിർദേശ പട്ടികയാണ് കൊളീജിയം കേന്ദ്രസർക്കാരിന് സമർപ്പിച്ചത്.

ഇതുകൂടാതെ നിലവിൽ വിവിധ ഹൈക്കോടതികളിലുള്ള ചീഫ് ജസ്റ്റിസുമാരിൽ അഞ്ച് പേർക്ക് സ്ഥലംമാറ്റവും കൊളീജിയം നിർദേശിച്ചിട്ടുണ്ട്. സുപ്രീംകോടതി ചീഫ് ജസ്റ്റിസ് എൻ.വി രമണ, യു.യു ലളിത്, എ.എം ഖാൻവിൽകർ എന്നിവരടങ്ങുന്നതാണ് കൊളീജിയം.

രാജേഷ് ബിന്ദൽ (അലഹബാദ് ഹൈക്കോടതി), പ്രകാശ് ശ്രീവാസ്തവ (കൊൽക്കത്ത ഹൈക്കോടതി), പ്രശാന്ത് കുമാർ മിശ്ര (ആന്ധ്രാ പ്രദേശ് ഹൈക്കോടതി), റിതു രാജ് അശ്വതി (കർണാടക ഹൈക്കോടതി), സതീഷ് ചന്ദ്ര ശർമ (തെലങ്കാന ഹൈക്കോടതി), രഞ്ജിത്ത് വി (മേഘാലയ ഹൈക്കോടതി), അരവിന്ദ് കുമാർ (ഗുജറാത്ത് ഹൈക്കോടതി), ആർ.വി മാളിമത് (മദ്ധ്യപ്രദേശ് ഹൈക്കോടതി) എന്നിങ്ങനെയാണ് ശുപാർശ ചെയ്തിട്ടുള്ളത്.

കഴിഞ്ഞ മാസമാണ് കൊളീജിയം ഒമ്പത് പേരെ സുപ്രീംകോടതിയിലേക്ക് ശുപാർശ ചെയ്തത്. ചരിത്രത്തിലാദ്യമായി ശുപാർശ ചെയ്ത മുഴുവൻ പേരെയും കേന്ദ്ര സർക്കാർ അംഗീകരിച്ചതിനെ തുടർന്ന് ജസ്റ്റിസുമാർ സത്യപ്രതിജ്ഞ ചെയ്ത് ചുമതലയേറ്റു. മൂന്ന് വനിതകൾ ഉൾപ്പെടെ ഒമ്പത് പേരാണ് ചുമതലയേറ്റത്.