ന്യൂഡൽഹി: ഉത്തരാഖണ്ഡ് മുഖ്യമന്ത്രി ത്രിവേന്ദ്ര സിങ് റാവത്തിനെതിരായ സിബിഐ. അന്വേഷണത്തിന് സുപ്രീംകോടതിയുടെ സ്റ്റേ. ത്രിവേന്ദ്ര സിങ് റാവത്തിനെതിരെ സിബിഐ. അന്വേഷണത്തിന് ഉത്തരവിട്ട ഉത്തരാഖണ്ഡ് ഹൈക്കോടതി ഉത്തരവ് സുപ്രീം കോടതി സ്റ്റേ ചെയ്തു. ചൊവ്വാഴ്ചയാണ് കൈക്കൂലി കേസിൽ റാവത്തിനെതിരെ സിബിഐ. അന്വേഷണത്തിന് ഹൈക്കോടതി ഉത്തരവിട്ടത്. അതേസമയം, പരാതിക്കാരൻ സിബിഐ. അന്വേഷണം ആവശ്യപ്പെട്ടിരുന്നില്ലെന്ന് സുപ്രീംകോടതി ചൂണ്ടിക്കാട്ടി.

മുഖ്യമന്ത്രിക്ക് അവസരം നൽകാതെയാണ് ഹൈക്കോടതി ഉത്തരവ് പുറപ്പെടുവിച്ചതെന്നും സുപ്രീം കോടതി നിരീക്ഷിച്ചു. ജസ്റ്റിസ് അശോക് ഭൂഷൻ അധ്യക്ഷനായ ബെഞ്ചിന്റേതാണ് വിധി. റാവത്ത് മുഖ്യമന്ത്രിയാകുന്നതിന് മുൻപാണ് കേസിന് ആധാരമായ സംഭവം നടന്നത്. പ്രാദേശിക വാർത്താ ചാനലായ സമാചാർ പ്ലസിന്റെ ഉടമ ഉമേഷ് കുമാർ ശർമയാണ് റാവത്തിനെതിരെ പരാതി നൽകിയത്.

ജാർഖണ്ഡ് ഗോ സേവാ ആയോഗ് സമിതിയുടെ ചെയർമാനായി നിയമിക്കാൻ റാഞ്ചി സ്വദേശിയായ ഒരാൾ 25 ലക്ഷം രൂപ റാവത്തിന്റെ ബന്ധുവിന്റെ അക്കൗണ്ടിൽ നിക്ഷേപിച്ചുവെന്നാണ് പരാതി. 2016 നവംബറിൽ നോട്ട് നിരോധന സമയത്തായിരുന്നു സംഭവം. അന്ന് ഝാർഖണ്ഡിന്റെ ചുമതല വഹിച്ചിരുന്ന ബിജെപി. നേതാവായിരുന്നു റാവത്ത്.