തിരുവനന്തപുരം: രാജ്യത്ത് ഇന്ധനവില കുതിച്ചുയരുകയാണ്. രാജ്യത്തെ പ്രധാന നഗരങ്ങളിലും സംസ്ഥാനത്തെ വിവിധ നഗരങ്ങളിലും പെട്രോൾ, ഡീസൽ വിലയിൽ വർധന. കേരളത്തിൽ ഇന്ധന വില റെക്കോർഡിലാണ്. തിരുവനന്തപുരത്ത് ഇന്ന് ഒരു ലിറ്റർ പെട്രോളിന് 90.87 രൂപയാണ് വില. ഡീസലിന് 85.30 രൂപയും. കൊച്ചിയിൽ പെട്രോളിന് 88.90 രൂപയാണ് വില. ഡീസലിന് 83.41 രൂപയും. കോഴിക്കോട് പെട്രോൾ വില 89.28രൂപയാണ്. ഡീസലിന് 83. 80 രൂപയും. മുംബൈയിൽ പെട്രോൾ ലിറ്ററിന് 100 രൂപ എന്ന നിലവാരത്തിലേയ്ക്ക് കുതിക്കുകയാണ്.ഒരു ലിറ്റർ പെട്രോളിന് 95. 46രൂപയാണ് ഇന്നത്തെ വില. ഡീസലിന് 86.34 രൂപയും. ഈ സാഹചര്യത്തിൽ ബിജെപിയെയും കെ സുരേന്ദ്രനെയും ട്രോളി യൂത്ത് കോൺഗ്രസ് സംസ്ഥാന പ്രസിഡന്റ് ഷാഫി പറമ്പിൽ രം​ഗത്തെത്തി. കെ സുരേന്ദ്രന്റെ നാവ് പൊന്നാണെന്ന് ഷാഫി പറമ്പിൽ ഫേസ്‌ബുക്കിൽ കുറിച്ചു.

'കെ സുരേന്ദ്രന്റെ നാവ് പൊന്നാണ്. 50 രൂപക്ക് പെട്രോൾ കിട്ടുമ്പോൾ വേണ്ടെന്ന് പറയരുതെന്ന് അദ്ദേഹം അന്നേ നമ്മളോട് പറഞ്ഞതാണ്. അത് ഏതാണ്ട് ശരിയായിട്ടുണ്ട്. അര ലിറ്റർ-50 രൂപക്കുറപ്പായിട്ടുണ്ട്.' ഇത് മോദി-അമിത് ഷാ കൂട്ടുകെട്ടിന്റെ വിജയമാണെന്നും ഷാഫി പരിഹസിച്ചു. ഇന്ധന വില കൊള്ളക്കെതിരെ ഇന്ന് നിരാഹാര സമര വേദിക്ക് മുന്നിൽ യൂത്ത് കോൺഗ്രസ്സ് പ്രതിഷേധം സംഘടിപ്പിക്കുമെന്നും ഷാഫി ഇറിയിച്ചു.

 

ഇത് മോദി-അമിത്ഷാ കൂട്ടുകെട്ടിന്റെ വിജയം. കെ സുരേന്ദ്രന്റെ നാവ് പൊന്നാണ്. 50 രൂപക്ക് പെട്രോൾ കിട്ടുമ്പോൾ വേണ്ടെന്ന്...

Posted by Shafi Parambil on Sunday, February 14, 2021