തിരുവനന്തപുരം: തിരുവനന്തപുരം അന്താരാഷ്‌ട്രവിമാനത്താവളം വഴി സ്വർണവും കഠാരയും വെടിമരുന്നും കടത്തുന്നതിന് പിന്നിൽ വിമാനത്താവളത്തിന്റെ ദുരവസ്ഥ തന്നെയാണ് കാരണമെന്ന് നടനും ബിജെപി നേതാവുമായ സുരേഷ് ​ഗോപി എംപി. വിമാനത്താവളത്തിന്റെ സൗകര്യക്കുറവ് നേരിട്ട് അനുഭവിച്ചറിഞ്ഞ യാത്രക്കാരനാണ് താനെന്നും അ​ദ്ദേഹം പറഞ്ഞു. പൂജപ്പുരയിൽ തിരഞ്ഞെടുപ്പ് കൺവെൻഷൻ ഉദ്‌ഘാടനം ചെയ്യുകയായിരുന്നു അ​ദ്ദേഹം. തിരുവനന്തപുരം വിമാനത്താവളവും വിഴിഞ്ഞംതുറമുഖവും യാഥാർത്ഥ്യമാകുന്നതോടെ തലസ്ഥാനത്തെ ചെറുപ്പക്കാരുടെ ഭാവി ജീവിതം മികച്ചതാകുമെന്നും സുരേഷ് ഗോപി വ്യക്തമാക്കി.

'തിരുവനന്തപുരത്ത് പുതിയ എയർപോർട്ട് സമുച്ചയം വന്നുവെന്ന് സമ്മതിക്കുന്നു. പക്ഷേ, അതിന്റെ അവസ്ഥ എന്താണെന്നും ഏതുതരത്തിലാണ് നമുക്ക് ഉപയോഗിക്കുവാൻ സാധിക്കുന്നതെന്നും അനുഭവത്തിലൂടെ മനസിലാക്കിയ യാത്രക്കാരനാണ് ഞാൻ. വിദേശയാത്ര കഴിഞ്ഞ് രാവിലെ മൂന്ന് മണിക്ക് വന്നിറങ്ങുന്നത് ഏതാണ്ട് ഏഴ് രാജ്യങ്ങളിൽ നിന്നുള്ള ഫ്ളൈറ്റുകളാണ്. ബാഗ്ഗേജു കിട്ടാൻ വേണ്ടി ഒന്നരമണിക്കൂർ ഞാനൊക്കെ കാത്തു നിൽക്കണം. എന്നുപറഞ്ഞാൽ, നമുക്കവിടെ കുറച്ച് ഗ്രേസ് മാർക്കുണ്ടാകും. ഒന്നുവേഗത്തിൽ ബാഗ്ഗേജ് എടുത്തുകൊണ്ടുവരാൻ അവർ നോക്കും. പക്ഷേ അവിടെയും കസ്‌റ്റംസുകാർ അന്ന് പറഞ്ഞത്, നാലു ബെൽറ്റുണ്ട്; അതിൽ ഒരു ബെൽറ്റിനു മാത്രമേ കസ്‌റ്റംസിന്റെ സ്‌കാനർ ഉള്ളൂവെന്നാണ്. ഇതാണ് കേരളത്തിലെ ആദ്യത്തെ അന്താരാഷ്‌ട്ര വിമാനത്താവളമായ തിരുവനന്തപുരം വിമാനത്താവളത്തിന്റെ അവസ്ഥ. ഇതാണ് അവസ്ഥയെങ്കിൽ സ്വർണവും കഠാരയും വെടിമരുന്നും വന്ന വഴിയെ കുറിച്ച് പ്രത്യേകം അന്വേഷിക്കേണ്ട കാര്യമില്ലല്ലോ?'

'കേരളത്തിലെ ജനത അവരുടെ ശത്രുവാരെന്ന് കണ്ടെത്തി. ഇനി അവർ തീരുമാനിക്കും. ഇത്തവണയെങ്കിലും എനിക്ക് ഈ വാക്ക് ഉപയോഗിക്കേണ്ടി വരരുത്. ഇത്തവണയെങ്കിലും ശരിയായ തീരുമാനമെടുത്ത് അവസരം നൽകണം. നിങ്ങളുടെ ചെറിയൊരു മനംമാറ്റം മതി. ശക്തമായ ഭരണത്തിന്റെ പ്രകടനം കാഴ്ചവയ്ക്കുവാനുള്ള അവസരമാണ് ചോദിക്കുന്നത്. ശക്തമായ പിന്തുണ നൽകിയാൽ കേരളത്തിൽ എവിടെയൊക്കെ ബിജെപി ഭരിക്കുന്നുവോ അവിടെയൊക്കെ ഭരണം വേറിട്ടു നിൽക്കും.'–സുരേഷ് ഗോപി പറഞ്ഞു.