തൃശ്ശൂർ: ഗുരുവായൂർ മണ്ഡലത്തിൽ മുസ്ലിം ലീഗ് സ്ഥാനാർത്ഥി കെ.എൻ.എ ഖാദർ ജയിക്കണമെന്ന് നടനും തൃശ്ശൂരിലെ ബിജെപി സ്ഥാനാർത്ഥിയുമായ സുരേഷ് ഗോപി. ന്യൂസ് 18 ചാനലിലെ ഗ്രൗണ്ട് റിപ്പോർട്ട് എന്ന പരിപാടിയിലായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. എൻ.ഡി.എയ്ക്ക് സ്ഥാനാർത്ഥിയില്ലാത്ത മണ്ഡലങ്ങളിൽ ആർക്ക് വോട്ട് ചെയ്യണമെന്നാണ് ആഗ്രഹമെന്ന ചോദ്യത്തിനായിരുന്നു സുരേഷ് ഗോപിയുടെ മറുപടി. ആദ്യം നോട്ടയ്ക്ക് വോട്ട് ചെയ്യണമെന്നായിരുന്നു അദ്ദേഹം പറഞ്ഞത്. പിന്നാലെ, ​ഗുരുവായൂരിൽ കെ.എൻ.എ ഖാദർ ജയിക്കണമെന്നാണ് ആ​ഗ്രഹമെന്നും അദ്ദേഹം കൂട്ടിച്ചേർക്കുകയായിരുന്നു.

നോട്ടയ്ക്കല്ല ചെയ്യേണ്ടതെന്നാണ് അഭിപ്രായം എങ്കിൽ കൃത്യമായി പറയാം ഗുരുവായൂരിൽ കെ.എൻ.എ ഖാദർ ജയിക്കണമെന്നാണ് ആഗ്രഹം - സുരേഷ് ​ഗോപി പറഞ്ഞു. ഗുരുവായൂരിൽ ഡെമോക്രാറ്റിക് സോഷ്യൽ ജസ്റ്റിസ് പാർട്ടി (ഡി.എസ് .ജെ.പി) സ്ഥാനാർത്ഥി ദിലീപ് നായർക്കാണ് ബിജെപി പിന്തുണ നൽകിയിരിക്കുന്നത്. ഇതിനിടെയാണ് കെ.എൻ.എ ഖാദറെ വിജയിപ്പിക്കണമെന്ന് സുരേഷ് ഗോപി പറഞ്ഞിരിക്കുന്നത്.

തലശേരിയിൽ ഷംസീർ തോൽക്കണമെന്നാണ് തന്റെ നിലപാടെന്നും സുരേഷ് ഗോപി പറഞ്ഞു. "നിവേദിതയ്ക്ക് പോകേണ്ട അത്രയും വോട്ട് ഇന്ത്യയിലെ ചരിത്രം കുറിക്കുന്ന നോട്ട വോട്ടായി മാറണമെന്നാണ് ഞാൻ ആഗ്രഹിക്കുന്നത്. നോട്ടയ്ക്കല്ല ചെയ്യേണ്ടതെങ്കിൽ കെഎൻഎ ഖാദർ വിജയിക്കണമെന്ന് ഞാൻ പറയും. തലശേരിയിൽ ഷംസീർ ഒരുകാരണത്താലും വിജയിക്കരുത്." കേരളത്തിൽ മൂന്നു സീറ്റുകളിൽ എൻഡിഎ ഉറപ്പായും വിജയിക്കുമെന്നും സുരേഷ് ഗോപി പറഞ്ഞു. കഴക്കൂട്ടത്ത് ശോഭാ സുരേന്ദ്രനും നേമത്ത് കുമ്മനം രാജശേഖരനും ഇ ശ്രീധരനും വിജയിക്കുമെന്നാണ് അദ്ദേഹം പറഞ്ഞത്.

ശബരിമല പ്രക്ഷോഭ കാലത്തു സിപിഎമ്മിനെ അടിക്കാനുള്ള വടിയായി എതിരാളികളെല്ലാം ഉപയോഗിച്ചതു കെ.എൻ.എ. ഖാദറിന്റെ പ്രസംഗങ്ങളായിരുന്നു. ഹിന്ദു പുരാണങ്ങളും തത്വസംഹിതകളും മതസൗഹാർദവുമെല്ലാം നിറഞ്ഞു തുളുമ്പുന്ന പ്രസംഗങ്ങൾ. സ്വന്തം സമുദായത്തിലും ആദരണീയൻ. ഈ സാഹചര്യത്തിൽ ബിജെപി എംപി കൂടിയായ സുരേഷ് ​ഗോപിയുടെ പുതിയ വെളിപ്പെടുത്തൽ വലിയ രാഷ്ട്രീയ വിവാദങ്ങൾക്കാകും വഴിയൊരുക്കുക.

​ഗുരുവായൂരിൽ ബിജെപി സ്ഥാനാർത്ഥിയുടെ പത്രിക തള്ളിയതിന് പിന്നിൽ ബിജെപി-യുഡിഎഫ് ധാരണയെന്നാണ് സിപിഎം ആരോപിക്കുന്നത്. ഗുരുവായൂരിൽ ബിജെപിയുടെ സ്ഥാനാർത്ഥി ഇല്ലാതായതിന് പിന്നിൽ എന്തോ ഒരു കൈയബദ്ധം പറ്റി പോയതാണെന്ന് വിശ്വസിക്കാൻ കുറച്ച് വിഷമമുണ്ട് എന്നായിരുന്നു മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞത്. ഖാദർ സ്ഥാനാർത്ഥി ആയപ്പോൾ തന്നെ ബിജെപിയുടെ കൂടി പിന്തുണ കിട്ടാനുള്ള ചില നടപടികൾ സ്വീകരിച്ചിരുന്നുവെന്നും പിണറായി വിമർശിച്ചു. ഖാ‌ദർ ബിജെപിയെ പ്രീണിപ്പിക്കാൻ ശ്രമിക്കുകയാണെന്നും മുഖ്യമന്ത്രി കുറ്റപ്പെടുത്തി. കെ എൻ എ ഖാദർ ഗുരുവായൂർ ക്ഷേത്രം സന്ദർശിച്ചതടക്കം ചൂണ്ടിക്കാട്ടിയായിരുന്നു മുഖ്യമന്ത്രിയുടെ പരോക്ഷ വിമർശനം.

1957 മുതൽ 2006 വരെ സിപിഎമ്മിനു പാർട്ടി ചിഹ്നത്തിൽ ജയിക്കാനാകാത്ത മണ്ഡലമാണിത്. 77 മുതൽ 91 വരെയുള്ള 5 തിരഞ്ഞടുപ്പിൽ ലീഗു പിടിച്ച മണ്ഡലം. 96 ൽ സ്വതന്ത്രനിലൂടെ എൽഡിഎഫ് ജയിച്ചു. 2006 മുതൽ 3 തിരഞ്ഞെടുപ്പിലും കെ.വി. അബ്ദുൽ ഖാദറിലൂടെ സിപിഎം പിടിച്ചെടുത്തു. 2016 ലെ തിരഞ്ഞടുപ്പിൽ എൽഡിഎഫിനു 2011 ലെ തിരഞ്ഞെടുപ്പിനെക്കാൾ 3.77% വോട്ടു കുറവായിരുന്നു. 2011 ൽ 9306 വോട്ടു നേടിയ ബിജെപി 2016 ൽ നേടിയതു 25,490 വോട്ടാണ്.