ഇന്ത്യൻ പ്രീമിയർ ലീഗിന്റെ 13–ാം എഡിഷനായി യുഎഇയിലെത്തിയ ചെന്നൈ സൂപ്പർ കിങ്സ് താരം സുരേഷ് റെയ്ന അപ്രതീക്ഷിതമായി ഇന്ത്യയിലേക്ക് മടങ്ങിയത് പിതാവിന്റെ സഹോദരി ഭർത്താവ് കൊല്ലപ്പെട്ടതിനെ തുടർന്നെന്ന് റിപ്പോർട്ട്. ഓഗസ്റ്റ് 19ന് പത്താൻകോട്ടിലെ വീട്ടിൽ അജ്ഞാതരുടെ ആക്രമണം നടന്നു എന്നാണ് വിവരം. വീട്ടിന്റെ ടെറസിന് മുകളിൽ കിടക്കുകയായിരുന്ന അമ്മാവനെയും അമ്മായിയെയും അർധരാത്രിയോടെ മാരകായുധങ്ങളുമായിട്ട് ആക്രമിച്ചതെന്നാണ് റിപ്പോർട്ടുകൾ പുറത്തു വരുന്നത്. പിതാവിന്റെ സഹോദരിയുടെ നില ഗുരുതരമാണ്.

സുരേഷ് റെയ്‌നയുടെ പിതാവിന്റെ സഹോദരിയായ ആശാദേവിയുടെ ഭർത്താവ് അശോക് കുമാറാണ് ദാരുണമായി കൊല്ലപ്പെട്ടത്. ആശാ ദേവി മരണത്തോട് മല്ലിടുകയാണ്. ഇവരുടെ മക്കളായ കൗശൽ കുമാറിനും അപിൻ കുമാറിനും ആക്രമണത്തിൽ പരുക്കേറ്റിട്ടുണ്ട്. അശോക് കുമാറിന്റെ എൺപതുവയസുള്ള മാതാവിനും പരുക്കുണ്ട്. നാടിനെ നടുക്കിനെ സംഭവത്തിൽ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ഫോറൻസിക് വിദഗ്ദ്ധർ സംഭവസ്ഥലത്തെത്തി തെളിവുകൾ ശേഖരിച്ചു. ഡോക് സ്‌ക്വാഡ് പരിശോധന നടത്തിയെങ്കിലും കൊലപാതകികളെ കുറിച്ചുള്ള തുമ്പൊന്നും ലഭിച്ചിട്ടില്ല.

സുരേഷ് റെയ്ന ഇന്ത്യയിലേക്ക് മടങ്ങിയ കാര്യം ചെന്നൈ സൂപ്പർ കിങ്സ് സ്ഥിരീകരിച്ചിട്ടുണ്ട്. ‘വ്യക്തിപരമായ കാരണങ്ങളാൽ സുരേഷ് റെയ്ന ഇന്ത്യയിലേക്ക് മടങ്ങിപ്പോയി. ഇത്തവണ ഐപിഎല്ലിൽ അദ്ദേഹത്തിന്റെ സേവനമുണ്ടാകില്ല. ഈ ഘട്ടത്തിൽ സുരേഷ് റെയ്നയ്ക്കും അദ്ദേഹത്തിന്റെ കുടുംബത്തിനും ചെന്നൈ സൂപ്പർ കിങ്സ് എല്ലാ പിന്തുണയും ഉറപ്പുനൽകുന്നു' – ചെന്നൈ സൂപ്പർ കിങ്സ് സിഇഒ കാശി വിശ്വനാഥന്റെ സന്ദേശം വ്യക്തമാക്കുന്നു.

ഐപില്ലിനായി തയ്യാറെടുക്കുന്ന ചെന്നൈ സൂപ്പർ കിങ്സിന് കനത്ത തിരിച്ചടിയാണ് സുരേഷ് റെയ്‌നയുടെ അപ്രതീക്ഷിത മടക്കം. ഐപിഎല്ലിൽ ചെന്നൈയ്‌ക്കായി ഏറ്റവും കൂടുതൽ റൺസ് നേടിയിട്ടുള്ള താരമാണ് ഇദ്ദേഹം. 164 ഐപിഎൽ മത്സരങ്ങളിൽനിന്ന് 4527 റൺസാണ് റെയ്നയുടെ സമ്പാദ്യം. ചെന്നൈ സൂപ്പർ കിങ്സ് ജഴ്സിയിൽ തുടർച്ചയായി 158 മത്സരങ്ങൾ കളിച്ചിട്ടുള്ള റെയ്ന, 2018ലെ പരുക്കിനുശേഷം ടീമിൽനിന്ന് വിട്ടുനിൽക്കുന്നത് ഇതാദ്യമാണ്.