ചെന്നൈ: സൂര്യയുടെ നിർമ്മാണക്കമ്പനിയായ 2ഡി എന്റർടെയ്ന്മെന്റ് നിർമ്മിക്കുന്ന നാല് ചിത്രങ്ങൾ ഡയറക്റ്റ് ഒടിടി റിലീസ് ആയി ആമസോൺ പ്രൈമിലൂടെ. സൂര്യ തന്നെ നായകനാവുന്ന 'ജയ് ഭീ'മിനൊപ്പം മറ്റു മൂന്ന് ചിത്രങ്ങളുടെ റിലീസും പ്രൈം വീഡിയോ പ്രഖ്യാപിച്ചു.
ടി ജെ ജ്ഞാനവേൽ സംവിധാനം ചെയ്യുന്ന 'ജയ് ഭീം' കൂടാതെ ശശികുമാറിനെയും ജ്യോതികയെയും പ്രധാന കഥാപാത്രങ്ങളാക്കി ഇറ ശരവണൻ സംവിധാനം ചെയ്യുന്ന 'ഉടൻപിറപ്പേ', സരോവ് ഷൺമുഖം സംവിധാനം ചെയ്യുന്ന 'ഓ മൈ ഡോഗ്', അരിസിൽ മൂർത്തി സംവിധാനം ചെയ്യുന്ന 'രാമെ ആണ്ടാളും രാവണെ ആണ്ടാളും' എന്നിവയാണ് ആമസോൺ പ്രൈമിലൂടെ നേരിട്ടെത്തുന്ന മറ്റ് സൂര്യ പ്രൊഡക്ഷനുകൾ.

'രാമേ അണ്ടാളും രാവണെ ആണ്ടാളും' സെപ്റ്റംബറിലും 'ഉടൻപിറപ്പേ' ഒക്ടോബറിലും 'ജയ് ഭീം' നവംബറിലും 'ഓ മൈ ഡോഗ്' ഡിസംബറിലുമാണ് റിലീസ് ചെയ്യുക. എന്നാൽ ചിത്രത്തിന്റെ തീയതി പ്രഖ്യാപിച്ചിട്ടില്ല.സൂര്യ നായകനായ കഴിഞ്ഞ ചിത്രം 'സൂരറൈ പോട്ര്', ജ്യോതിക നായികയായ 'പൊന്മകൾ വന്താൽ' എന്നിവ ആമസോൺ പ്രൈമിലൂടെത്തന്നെയാണ് എത്തിയിരുന്നത്. ഇരുചിത്രങ്ങളുടെ നിർമ്മാണവും 2ഡി എന്റർടെയ്ന്മെന്റ് ആയിരുന്നു.

മലയാളത്തിൽ പ്രിഥ്വിരാജും ഒടിടിയിൽ വിശ്വാസമർപ്പിക്കുകയാണ്.കോൾഡ് കേസിന് പിന്നാലെ തൊട്ടടുത്ത പൃഥ്വിരാജ് ചിത്രവും ഒടിടി റീലീസ് പ്രഖ്യാപിച്ചു കഴിഞ്ഞു.പൃഥ്വിരാജിനെ നായകനാക്കി മനു വാര്യർ സംവിധാനം ചെയ്യുന്ന 'കുരുതി'യാണ് പ്രൈം വീഡിയോയിലൂടെ എത്തുന്ന അടുത്ത മലയാള ചിത്രം. പൃഥ്വിരാജിന്റെ ഓണം റിലീസ് ആണിത്. ഈ മാസം 11 ആണ് റിലീസ് തീയതി.

'കോഫി ബ്ലൂം' എന്ന ബോളിവുഡ് ചിത്രം ഒരുക്കിയ മനു വാര്യർ മലയാളത്തിൽ ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രമാണ് 'കുരുതി'. സോഷ്യോ പൊളിറ്റിക്കൽ ത്രില്ലർ വിഭാഗത്തിൽ പെടുന്ന ചിത്രമാണിത്. പൃഥ്വിരാജ് പ്രൊഡക്ഷൻസിന്റെ ബാനറിൽ പൃഥ്വിരാജ് തന്നെയാണ് നിർമ്മാണം. പൃഥ്വിരാജിനൊപ്പം റോഷൻ മാത്യു, മണികണ്ഠൻ ആർ ആചാരി, മുരളി ഗോപി, നവാസ് വള്ളിക്കുന്ന്, ഷൈൻ ടോം ചാക്കോ, നസ്‌ലെൻ, ശ്രിണ്ഡ, സാഗർ സൂര്യ, മാമുക്കോയ എന്നിവരും പ്രാധാന്യമുള്ള കഥാപാത്രങ്ങളായി എത്തുന്നു.