ന്യൂഡൽഹി: രാജ്യത്തിന് വേണ്ടി അഭിമാനം സമ്മാനിച്ച ചാമ്പ്യന്റെ ഇപ്പോഴത്തെ ദുര്യോഗത്തിൽ ഞെട്ടലിലാണ് ആരാധകർ. ഗുസ്തി കളത്തിന് പുറത്ത് ശത്രുതയുടെ ബാക്കിപത്രമായാണ് സുശീൽ കുമാർ കൊലപാതക കേസിൽ പ്രതിയായത്. പ്രശസ്തിയുടെ നെറുകയിൽ നിന്ന് തനിക്കെതിരെ കൈ ഉയർത്താൻ ആരും ഉണ്ടാകില്ലെന്ന അഹങ്കാരത്തിലാണ് സുശീൽ കുമാർ തന്റെ അനുചരനെ കൊലപ്പെടുത്താൻ നിർദ്ദേശിച്ചത്.

ഇന്ത്യയിലെ ഏറ്റവും മികച്ച ഗുസ്തിതാരം അഴിക്കുള്ളിലായപ്പോൾ പുറത്ത് വരുന്നത് ഞെട്ടിക്കുന്ന വിവരങ്ങളാണ് പുറത്തുവരുന്നത്. ഭയപ്പെടുത്താൻ ജൂനിയർ ഗുസ്തി ചാംപ്യനെ മർദ്ദിക്കുന്ന ദൃശ്യങ്ങൾ പകർത്തി വൈറലാക്കാൻ താരം നിർദ്ദേശിച്ചു. തനിക്കെതിരേ ഇനിയാരെങ്കിലും കൈ പൊക്കാൻ ഭയപ്പെടണമെന്ന ഉദ്ദേശത്തോടെ ദൃശ്യം വൈറലാക്കാനും ആവശ്യപ്പെട്ടു.

ഡൽഹിയിലെ ഛത്രസാൽ സ്റ്റേഡിയത്തിനു സമീപം മെയ്‌ 4ന് രാത്രി സുശീലും സുഹൃത്തുക്കളും ചേർന്ന് മർദ്ദിക്കുന്നതിനിടെയാണ് ജൂനിയർ താരം 23 കാരൻ സാഗർ ധൻകഡ് മരിച്ചത്. സുശീലിനൊപ്പം കൂട്ടാളി അജയ് കുമാറും പിടിയിലായിട്ടുണ്ട്. സംഭവം വിവാദമായതോടെ ഒളിവിൽ പോയ താരത്തെ കഴിഞ്ഞ ദിവസം പഞ്ചാബിൽ നിന്നുമായിരുന്നു ഡൽഹി പൊലീസ് അറസ്റ്റ് ചെയ്തത്.

സാഗറിനെ മർദ്ദിക്കുന്ന ദൃശ്യങ്ങൾ മൊബൈലിൽ പകർത്തി എല്ലായിടത്തും വൈറലാക്കാൻ സുശീൽ കുമാർ നിർദ്ദേശിച്ചിരുന്നു. തനിക്കെതിരെ ഇനിയാരും ശബ്ദമുയർത്താതിരിക്കുന്നതിനാണ് സാഗറിനെ മർദ്ദിക്കുന്ന ദൃശ്യങ്ങൾ എല്ലായിടത്തും പ്രചരിപ്പിക്കാൻ സുശീൽ കുമാർ നിർദ്ദേശിച്ചത്. തന്റെ സഹായിയായ പ്രിൻസ് എന്നയാളെ സുശീൽ ദൃശ്യങ്ങൾ പകർത്താൻ നിയോഗിച്ചു. മരിച്ച സാഗറും കൂട്ടുകാരും വാടകയ്ക്ക് താമസിച്ചിരുന്ന ഫ്‌ളാറ്റ് സുശീൽകുമാറിന്റെ ഉടമസ്ഥതയിൽ ഉള്ളതായിരുന്നു. ഇവർ ഒഴിയാൻ വിസ്സമ്മതിച്ചാണ് കൊലപാതകത്തിലേക്ക് നയിച്ചത്.

കൊലപാതകത്തിന് പിന്നാലെ മുങ്ങിയ സുശീൽ കഴിഞ്ഞ ദിവസമാണ് അറസ്റ്റിലായത്. ജലന്ധറിൽ നിന്നുമായിരുന്നു സുശീൽ പിടിയിലായത്. മാറി മാറി ഒളിവിൽ കഴിഞ്ഞ താരം കയ്യിലിരുന്ന പണം തീർന്നതോടെയാണ് കുടുങ്ങിയത്. പണം സംഘടിപ്പിക്കാൻ സുഹൃത്തുക്കളെ കാണാൻ നടത്തിയ ശ്രമത്തിനിടയിലായിരുന്നു അറസ്റ്റിലായതെന്നാണ് വിവരം. കണ്ടെത്താൻ കഴിയാതെ ഡൽഹിപൊലീസ് ലുക്കൗട്ട് നോട്ടീസും പുറപ്പെടുവിച്ചിരുന്നു.

കുറ്റകൃത്യത്തിൽ സുശീലിനു പ്രഥമദൃഷ്ട്യാ പങ്കുടുണ്ടെന്ന ചൂണ്ടിക്കാട്ടിയ ഡൽഹിയിലെ അഡീഷനൽ സെഷനൽസ് കോടതി മുൻകൂർ ജാമ്യം നിഷേധിച്ചിരുന്നു. ഒളിംപിക്‌സിൽ 2 വ്യക്തിഗത മെഡലുകൾ സ്വന്തമായുള്ള സ്വതന്ത്ര ഇന്ത്യയിലെ ഒരേയൊരു താരമാണ് സുശീൽ. 2008 ബെയ്ജിങ് ഒളിംപിക്‌സിൽ വെങ്കലവും 2012 ലണ്ടൻ ഒളിപിക്‌സിൽ വെള്ളിയും നേടിയ സുശീലായിരുന്നു 2012ലെ ലണ്ടൻ ഒളിംപിക്‌സിൽ ഇന്ത്യൻ ടീമിനെ നയിച്ചതും.