ന്യൂഡൽഹി: മുൻ ദേശീയ ജൂനിയർ ഗുസ്തി ചാമ്പ്യൻ സാഗർ കുമാറിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് ഒളിവിൽ കഴിയുന്ന ഒളിമ്പിക് മെഡൽജേതാവ് സുശീൽ കുമാറിന്റെ മുൻകൂർ ജാമ്യാപേക്ഷ ഡൽഹി കോടതി തള്ളി.

സുശീൽ കുമാറിനെതിരേ ഡൽഹി പൊലീസ് ലുക്കൗട്ട് നോട്ടീസും പിന്നാലെ ജാമ്യമില്ലാ വാറണ്ട് പുറപ്പെടുവിച്ചിരുന്നു. ഇതിനു പിന്നാലെയാണ് സുശീൽ മുൻകൂർ ജാമ്യാപേക്ഷയുമായി കോടതിയെ സമീപിച്ചത്.

സുശീലിനെ കണ്ടെത്താൻ സഹായിക്കുന്നവർക്ക് തിങ്കളാഴ്ച ഡൽഹി പൊലീസ് ഒരു ലക്ഷം രൂപ പാരിതോഷികം പ്രഖ്യാപിച്ചിരുന്നു.

മുൻ ദേശീയ ജൂനിയർ ഗുസ്തി ചാമ്പ്യനായ സാഗർ റാണ കൊല്ലപ്പെട്ടതുമായി ബന്ധപ്പെട്ടാണ് സുശീൽ അടക്കമുള്ളവർ ഒളിവിൽ പോയത്. മെയ് നാലാം തീയതിയാണ് സാഗർ റാണ കൊല്ലപ്പെട്ടത്. ഛത്രസാൽ സ്റ്റേഡിയത്തിലെ പാർക്കിങ്ങിൽ വെച്ചുണ്ടായ അടിപിടിക്കിടെയാണ് കൊലപാതകം.

ഇതിൽ സുശീൽകുമാറിന് ബന്ധമുണ്ടെന്ന ആരോപണത്തിന് പിന്നാലെയാണ് താരം ഒളിവിൽ പോയത്. താരം ഹരിദ്വാറിലേക്കും പിന്നീട് ഋഷികേശിലേക്കും കടന്നതായാണ് പൊലീസിന് നേരത്തെ വിവരം ലഭിച്ചത്. പിന്നാലെയാണ് ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ചത്.

താരത്തിനെതിരെ ഒന്നിലധികം പേരുടെ സാക്ഷി മൊഴികൾ ഉണ്ടെന്നും മറ്റ് ഗുസ്തി താരങ്ങൾക്ക് മുന്നിൽ സാഗർ റാണ സുശീലിനെക്കുറിച്ച് മോശമായി സംസാരിച്ചതാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നും പൊലീസ് വ്യക്തമാക്കിയിരുന്നു.

ഒളിവിൽ കഴിയുന്ന സുശീലിനെ പിടികൂടാൻ ഡൽഹി, ഉത്തരാഖണ്ഡ്, ഹരിയാന എന്നിവിടങ്ങളിലെ ചില പ്രദേശങ്ങളിൽ പൊലീസ് റെയ്ഡ് നടത്തിയിരുന്നു. സംഭവ സ്ഥലത്ത് നിന്ന് തന്നെ അറസ്റ്റ് ചെയ്ത പ്രിൻസ് ദാലാലിന്റെ മൊബൈൽ ഫോണിൽ നിന്ന് സംഘർഷത്തിന്റെ വീഡിയോയും ലഭിച്ചതായും പൊലീസ് പറഞ്ഞു.