ബെർലിൻ: കോവിഡിന്റെ പുതിയ വകഭേദമായ ഒമിക്രോൺ യൂറോപ്യൻ രാജ്യമായ ജർമനിയിലും സ്ഥിരീകരിച്ചു. ദക്ഷിണാഫ്രിക്കയിൽനിന്നെത്തിയ യാത്രക്കാരനിലാണ് വൈറസ് സ്ഥിരീകരിച്ചതെന്ന് ഹെസ്സെയുടെ സാമൂഹ്യകാര്യ വകുപ്പ് മന്ത്രി കയ് ക്ലോസെ ട്വീറ്റ് ചെയ്തു. നേരത്തെ ബെൽജിയത്തിൽ പുതിയ കോവിഡ് വകഭേദം സ്ഥിരീകരിച്ചിരുന്നു.

ഒമിക്രോൺ സ്ഥിരീകരിക്കുന്ന രണ്ടാമത്തെ യൂറോപ്യൻ രാജ്യമാണ് ജർമനി. യാത്രക്കാരൻ നിലവിൽ ഐസൊലേഷനിലാണെന്നും കൂടുതൽ പരിശോധനകൾക്ക് വിധേയമാക്കുമെന്നും ക്ലോസെ വ്യക്തമാക്കി. കഴിഞ്ഞ കുറച്ചു ആഴ്ചകൾക്കിടയിൽ ദക്ഷിണാഫ്രിക്കയിൽനിന്ന് വന്നവർ ആളുകളുമായി ഇടപഴകുന്നത് കുറയ്ക്കണമെന്നും കോവിഡ് ടെസ്റ്റിന് വിധേയമാകണമെന്നും മന്ത്രി നിർദേശിച്ചു.

ഒമിക്രോൺ വകഭേദം യൂറോപ്പിലുമെത്തിയതോടെ ഏഷ്യൻ രാജ്യങ്ങൾക്ക് ലോകാരോഗ്യ സംഘടന മുന്നറിയിപ്പ് നൽകി. നിരീക്ഷണവും ജാഗ്രതയും മുൻകരുതലും ശക്തമാക്കണമെന്നാണ് ലോകാരോഗ്യ സംഘടനയുടെ മുന്നറിയിപ്പ്.

കോവിഡ് വകഭേദമായ ഒമിക്രോണിനെ നേരിടാൻ വാക്സിൻ വികസിപ്പിക്കാൻ കഴിയുമെന്ന് ബയോ ഫാർമസ്യൂട്ടിക്കൽ കമ്പനിയായ ആസ്ട്രാസെനക്ക വ്യക്തമാക്കി. ഈ വാക്സിൻ വേഗത്തിൽ വികസിപ്പിക്കാൻ കഴിയുമെന്നും ആസ്ട്രാസെനക്ക ഗവേഷണ വിഭാഗം അവകാശപ്പെടുന്നു.