കണ്ണൂർ: സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ തലശ്ശേരി നിയോജക മണ്ഡലത്തിൽ എൻഡിഎ സ്ഥാനാർത്ഥിയുടെ നാമനിർദ്ദേശ പത്രിക തള്ളിയത് സിപിഎം -ബിജെപി ഒത്തുകളിയാണെന്ന് സംശയിക്കുന്നതായി ഡി.സി.സി പ്രസിഡൻറ്​ സതീശൻ പാച്ചേനി. ബിജെപി ജില്ലാ പ്രസിഡൻറ്​ കൂടിയായ എൻ.ഡി.എ സ്ഥാനാർത്ഥി എൻ ഹരിദാസിന്റെ പത്രിക സൂക്ഷ്മ പരിശോധനയെ തുടർന്ന് തള്ളിയ സംഭവത്തിലായിരുന്നു കോൺ​ഗ്രസ് നേതാവിന്റെ പ്രതികരണം. മുഖ്യമന്ത്രിയുടെ ജില്ലയിൽ കോട്ടകൾ തകരുന്നതിൽ നിന്ന് രക്ഷനേടാനുള്ള സിപിഎം - ബിജെപി ഭായി ഭായി കളികൾ ജനങ്ങൾ തിരിച്ചറിയുമെന്നും സതീശൻ പാച്ചേനി പ്രസ്താവനയിൽ പറഞ്ഞു.

ബിജെപിയുടെ ഉന്നത നേതാവും കേന്ദ്രമന്ത്രിയുമായ വി. മുരളീധരന്റെ ജന്മദേശം കൂടിയായ തലശ്ശേരിയിൽ ബിജെപി ജില്ല പ്രസിഡന്റിന്റെ പത്രിക തള്ളിപ്പോയത് ദുരൂഹത ഉയർത്തുന്നതാണ്. തലശ്ശേരിയിലെ സിപിഎം സ്ഥാനാർത്ഥി എ.എൻ. ഷംസീർ ശക്തമായ വെല്ലുവിളി നേരിടുമ്പോൾ ഭയാശങ്കയിലായ സിപിഎം തലശ്ശേരി കോട്ട കൈവിടാതിരിക്കാൻ സംസ്ഥാന തലത്തിലുണ്ടായ ബി.ജെ പി- സിപിഎം ധാരണയുടെ ഭാഗമായി നാമനിർദ്ദേശ പത്രിക കൃത്യതയില്ലാതെ നൽകിയതാണെന്ന് സംശയിക്കേണ്ടിയിരിക്കുന്നു.