തിരുവനന്തപുരം: സുതാര്യ കേരളത്തിൽ അഴിമതിക്കാർക്ക് ഇനി നല്ല കാലം. സർക്കാർ ഉദ്യോഗസ്ഥർക്കെതിരായ അഴിമതി പരാതികൾ ഇനി തീർപ്പാക്കുന്നത് അവരുടെ വകുപ്പു മേധാവികൾ.

അതായത് ആരോപണ വിധേയനായ കീഴുദ്യോഗസ്ഥൻ മേധാവിയുടെ അഴിമതി പങ്കാളിയോ വേണ്ടപ്പെട്ട വ്യക്തിയോ ആണെങ്കിൽ പരാതി ഫയൽ അപ്പോൾ തന്നെ അവസാനിപ്പിക്കും. ഇനി ആരോപണം ചീഫ് സെക്രട്ടറിയ്‌ക്കെതിരെയാണെങ്കിൽ ആരാകും അന്വേഷിക്കുകയെന്ന ചോദ്യവും ബാക്കി. കേരളത്തിലെ വിജിലൻസ് അന്വേഷണത്തെ അട്ടിമറിക്കാനാണ് ഈ പിണറായി ബുദ്ധിയെന്നാണ് ആരോപണം.

2021 ലെ മുഖ്യമന്ത്രിയുടെ പത്തിന പരിപാടിയിൽപെടുത്തി അഴിമതിരഹിത കേരളത്തിനായി സർക്കാർ തയാറാക്കിയ ജനജാഗ്രത പോർട്ടലിൽ ലഭിക്കുന്ന രഹസ്യ പരാതികളാണ് ആരോപണവിധേയന്റെ മേലുദ്യോഗസ്ഥൻ തീർപ്പാക്കുന്നത്. സെക്രട്ടേറിയറ്റ് ആഭ്യന്തര വകുപ്പിലെ 2 ഉദ്യോഗസ്ഥരെ പരാതികൾ ഏൽപിക്കാനായിരുന്നു തീരുമാനം. എന്നാൽ അവിടെ പരാതികൾ കുമിഞ്ഞു കൂടുമെന്ന് ഉന്നതതല യോഗത്തിൽ മറ്റ് ഉദ്യോഗസ്ഥർ പറഞ്ഞതോടെയാണു പുതിയ പരീക്ഷണം. ഇതോടെ അട്ടിമറിയിൽ തീരുമാനവുമായി. സംസ്ഥാനത്തെ പല വകുപ്പു മേധാവികളും വിജിലൻസ് അന്വേഷണം നേരിടുന്നവരോ കേസിൽ ഉൾപ്പെട്ടവരോ ആണ്.

സർക്കാരിന്റെ പോർട്ടലിലാണ് അഴിമതി പരാതി നൽകേണ്ടത്. പരാതിക്കാരന്റെ വിവരം രഹസ്യമായി സൂക്ഷിക്കുമെന്നാണു സർക്കാർ ഉറപ്പ്. ആരോപണ വിധേയന്റെ മേലുദ്യോഗസ്ഥൻ പരാതിയിൽ തീർപ്പു കൽപിക്കുമ്പോൾ വിവരം രഹസ്യമാകുകയുമില്ല. അതിനാൽ തന്നെ കൂടുതൽ പരാതികൾ ലഭിക്കുന്നുമില്ല. പോർട്ടലിൽ ഒരു ഉദ്യോഗസ്ഥനെതിരെ ജനത്തിനു പരാതി നൽകണമെങ്കിൽ അതിലെ ആകെയുള്ള 10 ചോദ്യങ്ങളിൽ നക്ഷത്ര ചിഹ്നമിട്ട 9 എണ്ണവും പൂരിപ്പിച്ചു നൽകണം.

തെളിവുകൾ, ആരോപണത്തിന്റെ ചുരുക്കം, ഉദ്യോഗസ്ഥന്റെ പേര്, ഓഫിസ്, വകുപ്പ്, ജില്ല, ശീർഷകം, അതിന്റെ വിവരണം എന്നിവയെല്ലാം നക്ഷത്ര ചിഹ്നത്തിലാണ്. ഇതെല്ലാം പൂരിപ്പിച്ചു നൽകിയാൽ മാത്രമേ പരാതി പോർട്ടലിൽ സ്വീകരിക്കുകയുള്ളൂ. തുടർന്ന് ആ പരാതി ബന്ധപ്പെട്ട വകുപ്പു മേധാവിക്ക് ഓൺലൈനായി ലഭിക്കും. പരാതിയിൽ കഴമ്പുണ്ടോ, അന്വേഷണം വേണോ എന്നിവയെല്ലാം ആ ഉദ്യോഗസ്ഥനു തീരുമാനിക്കാം.

അന്വേഷണം നടത്താൻ തീരുമാനിച്ചാൽ ആഭ്യന്തര വിജിലൻസ് സംവിധാനമുള്ള വകുപ്പാണെങ്കിൽ അവർക്കു കൈമാറും. അതില്ലെങ്കിൽ വിജിലൻസ് ബ്യൂറോയ്ക്കു കൈമാറാം. ഓരോ ദിവസവും ജനജാഗ്രതാ പോർട്ടലിൽ വരുന്ന പരാതികളുടെ എണ്ണം, അവയുടെ സ്ഥിതി എന്നിവ മുഖ്യമന്ത്രി, ചീഫ് സെക്രട്ടറി, ആഭ്യന്തര സെക്രട്ടറി, ഐടി സെക്രട്ടറി എന്നിവർക്കും പരിശോധിക്കാം.