തൃശ്ശൂർ: സ്വർണ്ണക്കടത്തു കേസിലെ രണ്ടാം പ്രതി സ്വപ്‌ന സുരേഷിനെ നെഞ്ചുവേദനയെ തുടർന്ന് വീണ്ടും ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വേദനയെ തുടർന്ന് സ്വപ്നയെ മെഡിക്കൽ കോളേജിലാണ് പ്രവേശിപ്പിച്ചിരിക്കുന്നത്. ഇതിനുമുമ്പും നെഞ്ചുവേദനയെ തുടർന്ന് സ്വപ്നയെ ആശുപത്രിയിലേക്ക് മാറ്റിയിരുന്നു. അതിനുശേഷം ഇന്നലെയാണ് അവരെ വിയ്യൂരിലേക്ക് മാറ്റിയത്.

ആശുപത്രിയിൽ നിന്നും മടങ്ങിയെത്തി മണിക്കൂറുകൾക്ക് ശേഷമാണ് സ്വപ്നയ്ക്ക് വീണ്ടും നെഞ്ചു വേദനയുണ്ടായത്. ആറ് ദിവസത്തെ ചികിത്സയ്ക്ക് ശേഷമാണ് സ്വപ്‌ന സുരേഷ് ഇന്നലെ ജയിലിൽ മടങ്ങി എത്തിയത്. മാനസികസമ്മർദ്ദത്തെ തുടർന്നുള്ള അസ്വസ്ഥതകളാണ് സ്വപ്നയ്ക്ക് ഉണ്ടായിരുന്നതെന്ന് നേരത്തെ ഡോക്ടർമാർ പരിശോധനയിൽ കണ്ടെത്തിയിരുന്നു.

മെഡിക്കൽ ബോർഡ് ചേർന്ന ശേഷമാണ് നേരത്തെ സ്വപനയെ ജയിലിലേക്ക് മാറ്റാൻ തീരുമാനിച്ചത്. എൻ.ഐ.എ കോടതി നിർദ്ദേശപ്രകാരം രൂപീകരിച്ച സ്പെഷ്യൽ മെഡിക്കൽ ബോർഡാണ് ചികിത്സ നടത്തിയത്. വൈകിട്ട് മൂന്നോടെയാണ് ജയിലിലെത്തിച്ചത്. കാക്കനാട് ജയിലിൽ കഴിയുകയായിരുന്ന സ്വപ്ന സുരേഷിനെ ഏതാനും ആഴ്‌ച്ചകൾക്ക് മുമ്പാണ് വിയ്യൂർ ജയിലിലേക്ക് മാറ്റിയത്. അതീവ സുരക്ഷാവിഭാഗം ജയിലിലാണ് ഇവരെ പാർപ്പിച്ചിരുന്നത്. അതിനിടെ ദേഹസ്വാസ്ഥ്യം പ്രകടിപ്പിച്ച കെടി റമീസിനെയും മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിക്കാനാണ് നീക്കമുണ്ട്. ഇത് സംമ്പന്ധിച്ചുള്ള ജയിൽ നടപടി ക്രമങ്ങൾ ആരംഭിച്ചിട്ടുണ്ട്.

അതേസമയം സ്വർണ്ണക്കടത്തു കേസിൽ മന്ത്രി ഇ പി ജയരാജനെയും വിവാദത്തിലാക്കുന്ന വിവരങ്ങളും പുറത്തുവന്നിട്ടുണ്ട്. സ്വപ്നാ സുരേഷുമായി ചേർന്ന് നിൽക്കുന്നത് ജയരാജന്റെ മകനാണെന്ന തരത്തിൽ ഒരു ചിത്രം സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നുണ്ട്. ലൈഫ് മിഷനിൽ മന്ത്രി പുത്രനും കമ്മീഷൻ കിട്ടിയെന്ന് മനോരമ റിപ്പോർട്ട് ചെയ്തിരുന്നു. ഈ വാർത്തയെ സാധൂകരിക്കും വിധമാണ് ചിത്രം പ്രചരിപ്പിക്കുന്നത്. ചിത്രം അത്ര വ്യക്തമല്ല. ഈ ചിത്രത്തിന്റെ ആധികാരികത സ്ഥിരീകരിക്കാൻ കേന്ദ്ര അന്വേഷണ ഏജൻസികളും തയ്യാറുമല്ല. ഏതായാലും രാഷ്ട്രീയ കോളിളക്കമായി ഈ ചിത്രം മാറുമെന്നാണ് സൂചനയാണ് പുറത്തുവന്നത്.

പ്രചരിക്കുന്ന ചിത്രത്തിലുള്ളത് ജയരാജന്റെ മകനാണ്. തിരുവനന്തപുരത്തെ ഹോട്ടലിൽ എടുത്തതാണ് ഈ ഫോട്ടോ എന്നാണ് പ്രചരണം. എന്നാൽ ഇത് മോർഫ് ചെയ്തതാണോ എന്ന് വ്യക്തവുമല്ല. ലൈഫ് മിഷൻ പദ്ധതിയിൽ കമ്മിഷനായി പോയെന്നു കരുതുന്ന 4 കോടി രൂപയുടെ പങ്കു പറ്റിയവരിൽ സംസ്ഥാനത്തെ ഒരു മുതിർന്ന മന്ത്രിയുടെ മകനും ഉള്ളതായി കേന്ദ്ര അന്വേഷണ ഏജൻസികൾക്കു സൂചന ലഭിച്ചുവെന്നാണ് മനോരമ റിപ്പോർട്ട്. സ്വർണക്കടത്തുകേസ് പ്രതി സ്വപ്ന സുരേഷും മന്ത്രിപുത്രനും തമ്മിലെ അടുത്ത സൗഹൃദം വ്യക്തമാക്കുന്ന ചിത്രങ്ങളടക്കമാണ് ലഭിച്ചത്. ഇത് കേന്ദ്ര ഏജൻസികൾ പരിശോധിക്കുകയാണ്. താമസിയാതെ ഈ മന്ത്രി പുത്രനേയും ചോദ്യം ചെയ്യുമെന്നും പറയുന്നു. ഈ വാർത്തയ്ക്ക് പിന്നാലെയാണ് ഈ ചിത്രം പ്രചരിക്കാൻ തുടങ്ങിയത്. ചിത്രത്തിലുള്ളത് ജയരാജന്റെ മകനാണ്. എന്നാൽ ഇത് കൃത്രിമമായി ഉണ്ടാക്കിയതാണോ എന്ന് വ്യക്തമല്ല.

തലസ്ഥാനത്ത് പ്രമുഖ സിനിമാ താരങ്ങളുടെ ഉടമസ്ഥതയിലുള്ള ഹോട്ടൽ മുറിയിൽ വച്ചുള്ളതാണ് ചിത്രങ്ങളെന്നും വിവരം ലഭിച്ചു. ഇതു പരിശോധിക്കുകയാണെന്നും സ്വപ്നയുമായുള്ള ഇടപാടിനു കൂടുതൽ തെളിവുകൾ ലഭിക്കുന്ന മുറയ്ക്ക് മന്ത്രിപുത്രനെയും ചോദ്യം ചെയ്യാൻ വിളിപ്പിക്കുമെന്നുമാണു വിവരമെന്ന് റിപ്പോർട്ട് ചെയ്യുന്നത് മനോരമായണ്. ലൈഫ് മിഷൻ ഇടപാടിൽ കമ്മിഷനായി 4 കോടി രൂപ കൈമറിഞ്ഞതിൽ പ്രമുഖ പങ്ക് ഈ ആൾക്ക് ഉണ്ടെന്നാണ് ഉദ്യോഗസ്ഥർ കരുതുന്നതെന്നും റിപ്പോർട്ടിൽ പറയുന്നു. മന്ത്രി ആരെന്ന് വ്യക്തമാക്കുന്നുമില്ലായിരുന്നു. ഇതിന് പിന്നാലെയാണ് ഫോട്ടോ പ്രചരിച്ചത്.

മന്ത്രി ദുബായിൽ ഒരു യോഗത്തിൽ പങ്കെടുക്കാൻ പോകുന്നതിനു മുൻപായിരുന്നത്രെ ഈ ഇടപാട്. സ്വപ്ന സുരേഷും മന്ത്രിപുത്രനും മറ്റൊരു ഇടനിലക്കാരനും ഹോട്ടൽ മുറിയിൽ ഉണ്ടായിരുന്നു. ആദ്യം ഇവർക്കു കൈമറിഞ്ഞ 2 കോടിയിൽ 30 ലക്ഷം ഈ മൂന്നാമനു നൽകാമെന്നായിരുന്നുവത്രെ വാഗ്ദാനം. ഇതു പക്ഷേ, മന്ത്രിപുത്രൻ ലംഘിച്ചതോടെയാണ് ചിത്രങ്ങൾ പുറത്തേക്കു പോയത്. ഇതിൽ ചിലത് അന്വേഷണ സംഘത്തിനും കിട്ടിയെന്നാണ് സൂചനയെന്നും മനോരമ വിശദീകരിച്ചിരുന്നു. ലൈഫ് മിഷൻ ഇടപാടിൽ യുണിടാക്കിന്റെയും റെഡ് ക്രസന്റിന്റെയും ഇടനിലക്കാരനായി പ്രവർത്തിച്ചിരുന്നത് മന്ത്രിപുത്രനാണെന്ന് അന്വേഷണ സംഘം കരുതുന്നു. കണ്ണൂരിൽ ഒരു പ്രമുഖ റിസോർട്ടിന്റെ ചെയർമാൻ കൂടിയാണ് ഇദ്ദേഹം. സ്വർണക്കടത്തു കേസിൽ അന്വേഷണ പരിധിയിലുള്ള യുഎഎഫ്എക്‌സ് എന്ന വീസ സ്റ്റാംപിങ് ഏജൻസിയുടെ ഡയറക്ടർക്കും ഈ റിസോർട്ടിൽ പങ്കാളിത്തമുണ്ടെന്നാണു വിലയിരുത്തൽ. ഏതായാലും കണ്ണൂരിലെ മന്ത്രിയിലേക്കാണ് മനോരമ വാർത്തയുടെ സൂചനകൾ പോകുന്നത്.

സ്വർണക്കടത്ത് കേസുമായി ബന്ധപ്പെട്ട് വിവാദത്തിലായ യുഎഎഫ്എക്‌സ് സൊല്യൂഷൻസുമായി വ്യവസായ മന്ത്രി ഇ.പി ജയരാജന് അടുത്ത ബന്ധമുണ്ടെന്ന വാർത്ത നേരത്തെ പുറത്തു വന്നിരുന്നു. മന്ത്രിയുടെ മകൻ ചെയർമാനായ ആയുർവേദ റിസോർട്ടിൽ യുഎഎഫ്എക്‌സ് ഡയറക്ടർക്ക് ബിസിനസ് പങ്കാളിത്തമുണ്ടെന്ന് കോൺഗ്രസ് ചാനലയാ ജയ്ഹിന്ദ് ടിവിയാണ് നൽകിയത്. ബിനീഷ് കോടിയേരിക്കും യുഎഎഫ്എക്സ് സൊല്യൂഷൻസ് ഡയറക്ടർമാരുമായി അടുത്ത സൗഹൃദമുണ്ട്. സ്വർണക്കടത്ത് കേസ് പ്രതി സ്വപ്ന സുരേഷിന് ബാംഗ്ലൂരിലേക്ക് കടക്കാൻ യുഎഎഫ്എക്‌സ് സൊല്യൂഷൻസ് സൗകര്യമൊരുക്കിയതായും സംശയമുണ്ട്.

സ്വർണ്ണക്കടത്ത് കേസിൽ സ്വപ്ന സുരേഷ് എൻഫോഴ്സ്മെന്റിന് നൽകിയ മൊഴിയിലാണ് യുഎഎഫ്എക്സിനെ കുറിച്ച് പ്രതിപാദിക്കുന്നത്. തന്റെ ലോക്കറിൽ നിന്ന് കണ്ടെടുത്ത ഒരു കോടി രൂപ യുഎഎഫ്എക്സ് ഉൾപ്പെടെയുള്ള കമ്പനികൾ യുഎ ഇ കോൺസുലേറ്റുമായി നടത്തിയ ഇടപാടിൽ ലഭിച്ച കമ്മീഷൻ എന്നായിരുന്നു മൊഴി. ഇതിൽ എൻഫോഴ്‌സ്‌മെന്റ് ഉൾപ്പെടെ അന്വേഷണം നടത്തുന്നുണ്ട്. യുഎഎഫ്എക്‌സ് സൊല്യൂഷൻ ഡയറക്ടർ സുജാതന്റെ ഉടമസ്ഥതയിലുള്ള മാർബിൾ വിപണന ശൃംഖലയുടെ ഉദ്ഘാടനത്തിൽ ഇ.പി. ജയരാജന്റെ സാന്നിധ്യമുണ്ട്. ഇ.പി.ജയരാജന് ഇദ്ദേഹത്തിന്റെ വ്യവസായ സംരഭങ്ങളിൽ നിക്ഷേപമുണ്ടെന്നാണ് സിപിഎം നേതാക്കൾക്കിടയിലെ സംസാരമെന്നും ജയ്ഹിന്ദ് ടിവി വാർത്ത കൊടുത്തിരുന്നു.-