തിരുവനന്തപുരം: സ്വർണ്ണക്കടത്തു കേസുമായി ബന്ധപ്പെട്ട് സ്വപ്‌ന സുരേഷ് നൽകിയ രഹസ്യ മൊഴിയുടെ അടിസ്ഥാനത്തിലും മാധ്യമങ്ങളോട് പ്രതികരിച്ചതിനും കേസെടുത്ത സംഭവത്തിൽ സർക്കാർ വൃത്തങ്ങളിലും ആശയക്കുഴപ്പം. കോടതിയിൽ കൊടുത്ത മൊഴിയാണ് മാധ്യമങ്ങൾക്ക് മുന്നിലും സ്വപ്ന ആവർത്തിച്ചത്. കോടതിയുടെ പരിഗണനയിലിരിക്കയുള്ള മൊഴിയിൽ എങ്ങനെ കേസെടുക്കാവുമെന്ന സംശയവും ബാക്കിയാകുകയാണ്.

പൊലീസ് രജിസ്റ്റർ ചെയ്ത കേസ് നിയമപരമായി നിലനിൽക്കുമോ എന്ന സംശയമുണ്ട്. ജനപ്രതിനിധികൾക്കും രാഷ്ട്രീയ നേതാക്കൾക്കുമെതിരെ ആരോപണങ്ങൾ ഇതിനു മുമ്പും ഉണ്ടായിട്ടുണ്ട്. ആരോപണങ്ങൾക്ക് പിന്നാലെ പ്രതിപക്ഷ സംഘടനകൾ സമരവും നടത്തും. അത് സാധാരണമാണ്. അത്തരം സമരങ്ങൾക്ക് പിന്നിൽ ഗൂഢാലോചനയും കലാപ ആഹ്വാനവും ഉന്നയിച്ച് കേസെടുക്കുന്നത് നിലനിൽക്കുമോ എന്നാണ് സേനയിലെ തന്നെ ചില ഉദ്യോഗസ്ഥരുടെ സംശയം.

അതേസമം ഗൂഢാലോചന കേസിൽ പൊലീസ് അന്വേഷണം ഊർജ്ജിതമാക്കി. കെ ടി ജലീലിന്റെ പരാതിയിൽ കന്റോൺമെന്റ് പൊലീസ് എടുത്ത കേസ് പ്രത്യേക അന്വേഷണ സംഘത്തിന് കൈമാറും. സ്വപ്നയുടെ നീക്കങ്ങളെ കുറിച്ച് പി സി ജോർജും സരിതയും തമ്മിലുള്ള ഫോൺ സംഭാഷണങ്ങൾ നേരത്തേ വിവിധ മാധ്യമങ്ങളിലൂടെ പുറത്തുവന്നിരുന്നു.

സ്വർണക്കടത്ത് കേസിൽ സ്വപ്നയ്‌ക്കെതിരായ പരാതിയിൽ സമഗ്ര അന്വേഷണം നടത്തുമെന്ന് ഡി.ജി.പി. പ്രത്യേകസംഘം രൂപീകരിക്കുമെന്നും അനിൽ കാന്ത് അറിയിച്ചു. സ്വപ്നയുടെ ആരോപണങ്ങൾക്ക് പിന്നിൽ ഗൂഢാലോചനയെന്ന് എഡിജിപി വിജയ് സാഖറെയും പ്രതികരിച്ചു. ഉന്നത പൊലീസ് ഉദ്യോഗസ്ഥന്റെ നേതൃത്വത്തിലായിരിക്കും അന്വേഷണം. കോടതിയുടെ പരിഗണനയിലിരിക്കയുള്ള മൊഴിയിൽ എങ്ങനെ കേസെടുക്കാവുമെന്ന സംശയവും ബാക്കി.

സർക്കാരിനെ സമ്മർദ്ദത്തിലാക്കിയ സ്വപ്ന സുരേഷിന്റെ വെളിപ്പെടുത്തലുകൾ പ്രത്യേക സംഘം രൂപീകരിച്ച് അന്വേഷിക്കാനാണ് പൊലീസ് തലപ്പത്തെ തീരുമാനം. ഇതിനായി ഉന്നത പൊലീസ് ഉദ്യോഗസ്ഥന്റെ മേൽനോട്ടത്തിൽ അന്വേഷണ സംഘത്തെ നിയോഗിക്കുമെന്ന് ഡി.ജി.പി.അനിൽ കാന്ത് വ്യക്തമാക്കി. എന്നാൽ സ്വപ്നയുടെ ആരോപണങ്ങൾ ഗൂഢാലോചനയുടെ ഭാഗമായിട്ടാണെന്ന് എ.ഡി.ജി.പി.വിജയസാക്കററെയും പ്രതികരിച്ചു.

സ്വർണ്ണക്കടത്ത് കേസ് പ്രതി സരിത്തിന്റെ ഫോൺവിജിലൻസ് പിടിച്ചെടുത്തതും ഈ നീക്കത്തിന്റെ ഭാഗമായാണ്. പാലക്കാട് വിജിലൻസ് യൂണിറ്റ് പിടിച്ചെടുത്ത ഫോൺ തിരുവനന്തപുരത്തെ എഫ്.എസ്.എല്ലിൽ എത്തിക്കും. ഈ ഫോണിൽ നിന്നും സരിത്ത് ആരെയെല്ലാം ബന്ധപ്പെട്ടുവെന്ന് പരിശോധിക്കും.

ലൈഫ് മിഷൻ കേസിലെ തെളിവ് ശേഖരണത്തിന്റെ ഭാഗമായാണ് ഫോൺ പിടിച്ചെടുത്തതെന്നാണ് പൊലീസിന്റെ വിശദീകരണം. അതേസമയം സ്വപ്നയ്‌ക്കെതിരായ വ്യാജബിരുദ സർട്ടിഫിക്കറ്റ് കേസും കടുപ്പിക്കുന്നു. അന്തിമ തെളിവെടുപ്പിനായി പൊലീസ് പഞ്ചാബിലേക്ക് പോകും രണ്ട് മാസത്തിനുള്ളിൽ കുറ്റപത്രം നൽകാനും നീക്കമുണ്ട്.

നോട്ടീസ് പോലും നൽകാതെ ലൈഫ് മിഷൻ അഴിമതിക്കേസിലെ സരിത്തിനെ കസ്റ്റഡിലെടുത്ത് ഫോൺ പിടിച്ചെടുത്ത വിജിലൻസ് പക്ഷേ പിന്നോട്ടു പോകുന്നില്ല. ഈ ഫോൺ തിരുവനന്തപുരത്ത് ഫൊറൻസിക് പരിശോധനക്ക് ഹാജരാക്കും. ലൈഫ് കേസിലെ വിശദാംശങ്ങളെടുക്കാനെന്നാണ് വിജിലൻസ് വിശദീകരണം. ലൈഫ് കേസ് കാലത്ത് ഉപയോഗിച്ച ഫോണല്ല ഇതെന്ന് സരിത്ത് ഇന്നലെ തന്നെ വ്യക്തമാക്കിയിട്ടുണ്ട്. അഴിമതി കേസിന്റെ അന്വേഷണത്തിലൂടെ ഇപ്പോഴുന്നയിച്ചിരിക്കുന്ന ഈ ആരോപണങ്ങൾക്ക് പിന്നിൽ സ്വപ്നക്കു പിന്തുണയുമായി ആരെന്ന് കണ്ടെത്തുകയാണ് ഫോൺ പരിശോധനയിലൂടെ സർക്കാർ ലക്ഷ്യം.

സ്വപ്നയുടെ വെളിപ്പെടുത്തൽ ഉണ്ടാക്കിയ ഞെട്ടൽ മാറും മുമ്പാണ് വേഗത്തിൽ സർക്കാർ തിരിച്ചടിച്ചത്. മുഖ്യമന്ത്രിയും ഡിജിപിയും ക്രമസമാധാനാചുമതലയുള്ള എഡിജിപിയും തമ്മിൽ ഇന്നലെ രാവിലെ കൂടിക്കാഴ്ച നടത്തിയതിന് പിന്നാലെയാണ് നാടകീയ നീക്കങ്ങൾ തുടങ്ങിയത്. പിന്നാലെ കെ ടി ജലീൽ കന്റോൺമെന്റ് പൊലീസ് സ്റ്റേഷനിലെത്തി പരാതി നൽകി. സ്വപ്നയും പി സി ജോർജും ചേർന്ന് ഗൂഢാലോചന നടത്തി, കലാപം ഉണ്ടാക്കാൻ ശ്രമിച്ചു എന്നായിരുന്നു പരാതി. ആദ്യം പരാതിയിൽ കേസെടുക്കാൻ കഴിയുമോ എന്ന് പൊലീസ് സംശയിച്ചു. പിന്നീട് നിയമോപദേശത്തിന്റെ അടിസ്ഥാനത്തിലാണ് 120 ബി, 153 വകുപ്പുകൾ പ്രകാരം കേസ് എടുത്തിരിക്കുന്നത്.