തിരുവനന്തപുരം: സ്വർണ്ണ കടത്തിൽ രണ്ടാം മന്ത്രിയും കുടുങ്ങുമോ? മന്ത്രി കെ ടി ജലീലിനെതിരായ പ്രതിപക്ഷ സമരം തുടരുമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പ്രഖ്യാപിച്ചിരുന്നു. അതിന് ശേഷം ഒരു മന്ത്രിയുടെ പേര് കൂടി ഇപ്പോൾ പുറത്തുവരുന്നുണ്ട്. അത് ആരാണെന്ന് തനിക്ക് അറിയാം. മന്ത്രി ആരാണെന്ന് സർക്കാർ തന്നെ വ്യക്തമാക്കണമെന്നും ചെന്നിത്തല പറഞ്ഞിരുന്നു. ഇതോടെ വാർത്തകളിൽ നിറഞ്ഞ രണ്ടാം മന്ത്രി ആരോപണം സജീവ ചർച്ചയായി. അതിന് പിന്നാലെ ചില സൂചനകളുമായി ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രനും നൽകുകകയാണ്. സെക്രട്ടറിയേറ്റിലേക്ക് ബിജെപി നടത്തിയ മാർച്ചിനിടെയായിരുന്നു സൂചനകൾ ഒളിച്ചു വച്ചുള്ള കെ സുരേന്ദ്രന്റെ പ്രസ്താവന.

തിരുവനന്തപുരത്തെ ഒരു മന്ത്രിയെ രണ്ട് ദിവസം കൊണ്ട് കാണുന്നില്ല. കോവിഡിൽ ഭീഷണിയുമായി രണ്ട് ദിവസം മുമ്പ് എത്തിയ മന്ത്രിയാണ്.. എന്തു കൊണ്ടാണ് കാണാത്തതെന്ന് എല്ലാവർക്കും അറിയാമെന്നും സെക്രട്ടറിയേറ്റിന് മുന്നിലെ പ്രസംഗത്തിനിടെ കെ സുരേന്ദ്രൻ പറഞ്ഞു. സ്വർണ്ണ കടത്തിൽ കുടുങ്ങുന്ന രണ്ടാം മന്ത്രിയാരാണെന്ന സൂചന ഇതിലുണ്ടെന്നാണ് ബിജെപി വൃത്തങ്ങളും പ്രതികരിക്കുന്നത്. അതിരൂക്ഷമായ വിമർശനമാണ് കെ സുരേന്ദ്രൻ സർക്കാരിനെതിരെ നടത്തിയത്. മനോനില തെറ്റിയ അവസ്ഥയിലാണ് മുഖ്യമന്ത്രിയെന്നും സുരേന്ദ്രൻ പറഞ്ഞു. മുഖ്യമന്ത്രിക്ക് അന്വേഷണത്തെ ഭയമാണെന്നും സുരേന്ദ്രൻ പറഞ്ഞു.

കെടി ജലീൽ, മന്ത്രി ഇപി ജയരാജന്റെ മകൻ, സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ മകൻ..... സ്വർണ്ണ കടത്തിൽ കേന്ദ്ര ഏജൻസികൾ ക്ലീൻ ചിറ്റ് നൽകാൻ മടിക്കുന്ന ഉന്നത വ്യക്തിത്വങ്ങളാണ് ഇവരെല്ലാം. ഈ പട്ടികയിലേക്ക് ഇനിയൊരു മന്ത്രി കൂടി എത്തുന്നതായി സൂചന. സ്വർണക്കടത്തു കേസിൽ ഒരു മന്ത്രിയിൽ നിന്നു കൂടി അന്വേഷണ സംഘം വിവരങ്ങൾ ആരായും. സ്വർണ്ണ കടത്തിലെ ആസൂത്രക സ്വപ്നാ സുരേഷിന്റെ മൊബൈൽ ഫോണിൽ നിന്ന് കിട്ടിയ വിവരങ്ങളാണ് അടുത്തൊരു മന്ത്രിയെ കൂടി പ്രതിക്കൂട്ടിലാക്കുന്നത്. ഇദ്ദേഹത്തേയും സ്വർണ്ണ കടത്ത് കേസിൽ എൻഐഎ ചോദ്യം ചെയ്യാനാണ് സാധ്യത.

നയതന്ത്ര കടത്തിൽ മന്ത്രി കെടി ജലീലിനെ മുഖ്യമന്ത്രി പിണറായി വിജയൻ പരസ്യമായി ന്യായീകരിക്കുകയാണ്. ജലീൽ തെറ്റൊന്നും ചെയ്തിട്ടില്ലെന്ന് എണ്ണി എണ്ണി പറയുന്നു. ഇതിനിടെയാണ് മറ്റൊരു മന്ത്രി കൂടി പ്രതിക്കൂട്ടിൽ നിർത്തുന്നത്. ഈ മന്ത്രിയെ ചോദ്യം ചെയ്താൽ പിണറായി സർക്കാർ കൂടുതൽ വിവാദത്തിലേക്ക് ചെന്നു വീഴും. ഇടതു സർക്കാരിലെ പല പ്രമുഖരുമായും സ്വപ്നാ സുരേഷിന് അടുത്ത ബന്ധമുണ്ടെന്നാണ് എൻഐഎ കണ്ടെത്തുന്നത്. ഇത് അന്വേഷണത്തിൽ പുതിയ വഴിത്തിരിവാകും.

സ്വപ്ന സുരേഷിന്റെയും സന്ദീപ് നായരുടെയും മൊബൈൽ ഫോണുകളും ലാപ്ടോപ്പുകളും പരിശോധിച്ചപ്പോൾ ഞെട്ടിക്കുന്ന പല വിവരങ്ങളും ലഭിച്ചതായാണ് സൂചന. പലതും വാട്സാപ്പിലൂടെയുള്ള ആശയ വിനിമയമായിരുന്നു. ഫോട്ടോകൾ പലതും തിരിച്ചു പിടിച്ചു. ഇതെല്ലാം നിർണ്ണായക വിവരങ്ങളായി മാറുകയാണ്. ഇങ്ങനെ ലഭിച്ച തെളിവുകളുടെ അടിസ്ഥാനത്തിലാണ് മറ്റൊരു മന്ത്രി കൂടി സംശയ നിഴലിലാകുന്നത്. സ്വപ്നയുമായി ഈ മന്ത്രിക്ക് എന്ത് തരം ബന്ധമാണുണ്ടായിരുന്നതെന്നതിനെ കുറിച്ചാണ് അന്വേഷണം. ഈ മന്ത്രിയുമായുള്ള നിരന്തര ആശയവിനിമയത്തിന്റെ വിവരങ്ങൾ ലഭ്യമായതായാണു സൂചന.

ലൈഫ് പദ്ധതി കമ്മിഷൻ ഇടപാടിൽ ആരോപണ വിധേയനായ മന്ത്രിപുത്രനുമായുള്ള സ്വപ്നയുടെ സമ്പർക്ക വിവരങ്ങളും കിട്ടിയിട്ടുണ്ട്. മൊബൈലിൽ നിന്ന് സൈബർ ഫൊറൻസിക് വിദഗ്ധരുടെ സഹായത്തോടെ എൻഐഎ കണ്ടെത്തിയിട്ടുണ്ട്. ഉന്നതബന്ധം സംബന്ധിച്ചു സ്വപ്ന നൽകിയ മൊഴികൾ ശരിയല്ലെന്നാണു ഇത് വ്യക്തമാക്കുന്നത്. ശിവശങ്കറിന് അപ്പുറത്തേക്കുള്ള പല വിവിഐപികളുമായും സ്വപ്നയ്ക്ക് അടുത്ത സൗഹൃദം ഉണ്ടായിരുന്നു. കേസ് അന്വേഷണം ശിവശങ്കറിൽ നിന്നും വഴുതി മാറി മറ്റ് പല പ്രമുഖരിലേക്കും നീളുകയാണെന്ന സൂചനയാണ് ഇതിലൂടെ ലഭിക്കുന്നത്.

എൻഐഎയും കസ്റ്റംസും എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റും (ഇഡി) മുൻപു നടത്തിയ ചോദ്യംചെയ്യലിൽ സ്വപ്ന പേരു വെളിപ്പെടുത്താതിരുന്ന പ്രമുഖരുമായുള്ള ഓൺലൈൻ ആശയവിനിമയ വിവരങ്ങളാണ് ഇപ്പോൾ കണ്ടെത്തിയത്. അതി നിർണ്ണായകമാണ് ഈ തെളിവുകൾ. ഇതിന്റെ അടിസ്ഥാനത്തിൽ സ്വപ്നയെ എൻഐഎ വീണ്ടും ചോദ്യം ചെയ്യും. സ്വപ്നയുടെയും സന്ദീപിന്റെയും മൊബൈൽ ഫോണുകൾ, ലാപ്ടോപ്പുകൾ, ഹാർഡ് ഡിസ്‌ക് എന്നിവയിൽ നിന്ന് 2000 ജിബി ഡേറ്റ (ഏകദേശം 2780 സിഡികളിൽ കൊള്ളുന്ന വിവരം )വീണ്ടെടുത്തു.

മറ്റു ചില പ്രതികളുടെ ഡിജിറ്റൽ ഉപകരണങ്ങളിൽ നിന്നു വേറെ 2000 ജിബി ഡേറ്റയും ശേഖരിച്ചിട്ടുണ്ട്. പ്രതികൾ മായ്ച്ചുകളഞ്ഞ സന്ദേശങ്ങളും വീണ്ടെടുത്തു. ഇതും നിർണ്ണായകമാണ്.സ്വർണക്കടത്തു കേസ് 4 ാം പ്രതി സന്ദീപ് നായർ, 7 ാം പ്രതി മുഹമ്മദ് ഷാഫി, 11 ാം പ്രതി മുഹമ്മദാലി ഇബ്രാഹിം എന്നിവരെ വെള്ളിയാഴ്ച വരെ എൻഐഎ കസ്റ്റഡിയിൽ നൽകിയിരുന്നു. അതിനിടെ സുരേന്ദ്രന് വാർത്താ സമ്മേളനത്തിലൂടെയല്ല മറുപടി പറയുകയെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞതിൽ ദുരൂഹതയുണ്ടെന്ന് ബിജെപി. സംസ്ഥാന ജനറൽ സെക്രട്ടറി എം ടി. രമേശ് പറഞ്ഞു. എങ്ങനെയാണ് മറുപടി കൊടുക്കുകയെന്ന് വ്യക്തമാക്കണം. ഇങ്ങനെ പലർക്കും മുമ്പ് മറുപടി കൊടുത്തതിന്റെ ചരിത്രം പിണറായിക്കുണ്ട്. വെല്ലുവിളിയാണെങ്കിൽ ഏറ്റെടുക്കാൻ ബിജെപി തയ്യാറാണെന്നും എം. ടി രമേശ് കോഴിക്കോട് മാധ്യമങ്ങളോട് പറഞ്ഞു.

സുരേന്ദ്രനെ ഒറ്റ തിരിഞ്ഞ് അക്രമിക്കാൻ അനുവദിക്കില്ല. മുഖ്യമന്ത്രി ഇന്നലെ സംസാരിച്ചത് ഭീഷണിയുടെ രൂപത്തിലാണ്. ബിജെപി പ്രസിഡന്റിനെക്കുറിച്ച് ഞങ്ങൾ അന്വേഷിച്ചോളാം. സുരേന്ദ്രൻ ഉന്നയിച്ചത് ബിജെപി ചോദിക്കുന്ന കാര്യങ്ങളാണ്. അതിന് മറുപടി പറയുകയാണ് മുഖ്യമന്ത്രി ചെയ്യേണ്ടത്. പകരം ഭീഷണി വേണ്ട. ഇങ്ങനെ ഒരാളെ മുഖ്യമന്ത്രി സ്ഥാനത്ത് ഇരുത്തണമോയെന്ന് സിപിഎം ചിന്തിക്കണം. മുഖ്യമന്ത്രി കെ സുരേന്ദ്രന്റെ മാനസിക നിലയെക്കുറിച്ച് വേവലാതിപ്പെടേണ്ട . സ്വന്തം മാനസികാവസ്ഥയെക്കുറിച്ച് വേവലാതി പെടുകയാണ് വേണ്ടത്. കെ സുരേന്ദ്രനെതിരേ മുഖ്യമന്ത്രി നടത്തിയ പ്രസ്താവന പ്രതിഷേധാർഹമാണെന്നും എം ടി രമേശ് പറഞ്ഞു.

അതിനിടെ സ്വപ്ന സുരേഷ് ആശുപത്രിയിൽ കഴിഞ്ഞ ആറ് ദിവസം ആശുപത്രി സന്ദർശിച്ച പ്രമുഖരുടെ വിവരങ്ങൾ എൻ.ഐ.എ. പരിശോധിക്കുന്നുണ്ട്. ആറ് ദിവസം വിശദമായ പരിശോധന നടത്തി ആശുപത്രിയിൽ നിന്ന് പൂർണ ആരോഗ്യവതിയായി മടങ്ങിയ സ്വപ്ന തൊട്ടടുത്ത ദിവസം തന്നെ നെഞ്ചുവേദന എന്ന് പറഞ്ഞ് ആശുപത്രിയിൽ എത്തിയതിൽ അസ്വാഭാവികത ഉണ്ടെന്നാണ് അന്വേഷണ ഏജൻസികളുടെ വിലയിരുത്തൽ. കഴിഞ്ഞ തവണ സ്വപ്നയെ അഡ്‌മിറ്റ് ചെയ്തിരുന്ന ആറ് ദിവസവും ഏതൊക്കെ പ്രമുഖരാണ് ആശുപത്രി സന്ദർശിച്ചതെന്നാണ് എൻ.ഐ.എ. പരിശോധിക്കുന്നത്. സ്വപ്നയെ തൃശൂർ മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ച ദിവസം രാത്രി അനിൽ അക്കരെ എന്തിനാണ് സന്ദർശനം നടത്തിയതെന്ന് എൻ.ഐ.എ. പരിശോധിക്കുകയാണ്.

സ്വപ്ന സുരേഷിനെ പോലെയുള്ള പ്രതിയെ താമസിപ്പിക്കുമ്പോൾ പലരീതിയിൽ കേസിനെ അട്ടിമറിക്കാൻ സാധ്യതയുണ്ട്. അതുകൊണ്ട് തന്നെ ആരെങ്കിലും ആശുപത്രിയിൽ എത്തുന്നുണ്ടോയെന്ന് പരിശോധിക്കുന്നതിന് വേണ്ടിയാണ് സ്ഥലം എംഎൽഎ. കൂടിയായ താൻ ആശുപത്രിയിലെത്തിയതെന്നാണ് എൻ.ഐ.എക്ക് അനിൽ അക്കരെ നൽകിയ വിശദീകരണം. അതേസമയം, സ്വപ്ന സുരേഷ് ആശുപത്രിയിലായിരുന്ന സമയത്ത് ആശുപത്രിയിൽ സന്ദർശനം നടത്തിയ മറ്റ് പ്രമുഖർ ആരൊക്കെയാണെന്നും എൻ.ഐ.എ. പരിശോധന നടത്തുകയാണ്.

സ്വപ്നാ സുരേഷ് പ്രമുഖരുമായി നടത്തിയ ഫോൺ ചാറ്റുകൾ എൻ.ഐ.എ. വീണ്ടെടുത്തത് കേസിൽ നിർണ്ണായകമാകും. സംസ്ഥാനത്തെ ഉന്നതരുമായി നടത്തിയ ചാറ്റുകളുടെ സ്‌ക്രീൻ ഷോട്ടുകൾ സ്വപ്ന ഗൂഗിൾ ഡ്രൈവിൽ പ്രത്യേകം സൂക്ഷിച്ചിരുന്നു. ഇതാണ് എൻ.ഐ.എ.യ്ക്ക് ലഭിച്ചിരിക്കുന്നത്. ഇത്തരം സ്വകാര്യ ചാറ്റുകളുടെ സ്‌ക്രീൻ ഷോട്ട് എടുത്ത് ഗൂഗിൾ ഡ്രൈവിൽ സ്വപ്ന പ്രത്യേകം സൂക്ഷിക്കുകയായിരുന്നുവെന്ന നിഗമനത്തിലാണ് എൻ.ഐ.എ. പരിധിവിട്ടുള്ള ചാറ്റ് പിന്നീട് ബ്ലാക്ക് മെയിലിങ്ങിന് ഉപയോഗിക്കാനായിരിക്കാമെന്നു കരുതുന്നു. ഇക്കാര്യങ്ങൾ എൻ.ഐ.എ.യുടെ കേസ് ഡയറിയിലുണ്ടെന്നാണ് അറിയുന്നത്.