തന്റെ നിലപാടുകൾ തുറന്നു പറയുന്നതിൽ ഒരു ഭയവും കാണിക്കാത്ത ബോളിവുഡ് താരമാണ് സ്വര ഭാസ്‌കർ. പലപ്പോഴും സ്വരയുടെ രാഷ്ട്രീയ നിലപാടുകൾ വിവാദങ്ങൾ ഉയർത്തുകയും താരം വിമർശനത്തിന് ഇരയാകുകയും ചെയ്യാറുണ്ട്. എന്നാൽ, തന്റെ നിലപാടുകളും ജോലിയുമായി കൂട്ടിക്കുഴയ്ക്കേണ്ടതില്ലെന്ന നിലപാടാണ് താരത്തിന്. ഒരു നടിയായതുകൊണ്ട് രാഷ്ട്രീയ കാഴ്‌ച്ചപ്പാടുകൾ മാറ്റി വെയ്ക്കാനാകില്ലെന്ന് താരം തുറന്ന് പറയുന്നു. കർഷക പ്രക്ഷോഭത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ചതിന് പിന്നാലെയാണ് താരം തന്റെ നിലപാട് വ്യക്തമാക്കുന്നത്. ഫിലിംഫെയറിന് നൽകിയ അഭിമുഖത്തിലായിരുന്നു സ്വര തന്റെ നിലപാടുകളും കാഴ്‌ച്ചപ്പാടുകളും വ്യക്തമാക്കിയത്.

'' അഭിനേതാവായ ആൾ രാഷ്ട്രീയ നിലപാടുകൾ പ്രകടിപ്പിക്കരുത് എന്നതിൽ വിശ്വസിക്കുന്നില്ല. ഞാനൊരു കലാകാരിയും രാജ്യത്തെ പൗരയുമാണ്. അതുകൊണ്ടു തന്നെ രാജ്യത്ത് എന്താണ് സംഭവിക്കുന്നത് എന്നതിൽ അഭിപ്രായം പറയാനുള്ള അവകാശവുമുണ്ട്. വിവിധ വിഷയങ്ങളിൽ അഭിപ്രായം പങ്കുവെയ്ക്കുന്നു എന്നതിന്മേൽ അഭിനേതാക്കളെ ഭീഷണിപ്പെടുത്തരുത്. ആളുകൾക്ക് വ്യത്യസ്ത അഭിപ്രായങ്ങളുണ്ടാകാം. പക്ഷേ വിദ്വേഷം പ്രചരിപ്പിക്കുന്നതും കൊലപാതകത്തെ സാധൂകരിക്കുന്നതുമൊന്നും അംഗീകരിക്കാനാവില്ല.

എന്നെ അനുകൂലിക്കാത്തവർക്കൊപ്പം ജോലി ചെയ്യുന്നതിൽ ഒരു പ്രശ്‌നവും തോന്നിയിട്ടില്ല. എന്നാൽ നെഗറ്റിവിറ്റി പ്രചരിപ്പിക്കുന്ന ഒരാൾക്കൊപ്പം ജോലി ചെയ്യേണ്ട എന്ന് തീരുമാനിക്കുന്നതാണ് ശരി. ഒരു നടിയായതുകൊണ്ട് എന്റെ രാഷ്ട്രീയ കാഴ്‌ച്ചപ്പാടുകൾ മാറ്റി വെയ്ക്കാനില്ല. ഒരു അഭിനേത്രിയാവുന്നതിനൊപ്പം തന്നെ അഭിപ്രായങ്ങൾ ഉണ്ടായിരിക്കുക എന്നതിൽ എന്താണ് പ്രശ്‌നം. ഇവിടെ നികുതി അടയ്ക്കുന്ന വ്യക്തിയാണ് ഞാൻ.

രാജ്യത്ത് സംഭവിക്കുന്നത് എന്തായാലും എന്റെ ജോലിയെ നേരിട്ട് ബാധിക്കും. പൊതു വിഷയങ്ങളിൽ മൗനം പാലിക്കുന്ന അഭിനേതാക്കളോട് എനിക്ക് അനുകൂലിക്കാനാവില്ല. പക്ഷേ, അവരെ വിധിക്കാൻ ഞാൻ ആളല്ല. ഒരു അഭിപ്രായം ഉണ്ടെന്നതിന്റെ പേരിൽ മറ്റുള്ളവരെ ഭീഷണിപ്പെടുത്തുന്നതിൽ യോജിപ്പില്ല. ജീവിക്കുക, ഒപ്പം ജീവിക്കാൻ അനുവദിക്കുക എന്ന നയത്തിലാണ് ഞാൻ വിശ്വസിക്കുന്നത് '' ഫിലിംഫെയറിന് നൽകിയ അഭിമുഖത്തിൽ സ്വര പറഞ്ഞു.