ചെന്നൈ: നിരന്തരം സോഷ്യൽ മീഡിയ ബുള്ളിയിങ്ങിന് വിധേയമാകുന്ന നടിയാണ് സ്വര ഭാസ്‌കർ. സാമൂഹിക മാധ്യമങ്ങളിൽ അവർ പങ്കുവയ്ക്കുന്ന പോസ്റ്റുകൾക്ക് പലപ്പോഴും മോശം രീതിയുള്ള പ്രതികരണങ്ങൾ ലഭിക്കാറുണ്ട്. കഴിഞ്ഞദിവസം സാരിയുടുത്തുനിൽക്കുന്ന ഒരു ചിത്രം സ്വര ട്വീറ്റ് ചെയ്തിരുന്നു. ഒരു സാരി, ഒരു പാർക്ക്, ഒരു നടത്തം, ഒരു പുസ്തകം...എന്ന ക്യാപ്ഷനോടെയാണ് സ്വര ചിത്രം പങ്കുവെച്ചത്.

ഈ ചിത്രത്തിന് താഴെ തന്റെ വീട്ടിലെ ജോലിക്കാരി സാരി ഉടുത്താൽ ഇതിലും മനോഹരമാണെന്ന് ഒരു യുവാവ് കമന്റ് ചെയ്തു.

ഇതിന് സ്വര നൽകിയ മറുപടി് ആരാധകരുടെ പ്രശംസയ്ക്ക് കാരണമായി. നിങ്ങളുടെ വീട്ടുജോലിക്കാരി സുന്ദരിയാണെന്ന കാര്യം എനിക്ക് ഉറപ്പുണ്ട്. അവരുടെ ജോലിയും അവരുടെ അന്തസ്സും നിങ്ങൾ ബഹുമാനിക്കുന്നുണ്ടെന്നാണ് ഞാൻ പ്രതീക്ഷിക്കുന്നത്. അവരോട് മോശം രീതിയിൽ പെരുമാറരുത്-സ്വര മറുപടി നൽകി.

കുറിക്കുകൊള്ളുന്ന മറുപടി നൽകിയതിന് നിരവധി പേരാണ് സ്വരയെ അഭിനന്ദിച്ച് രംഗത്തെത്തിയത്. കൂടാതെ, വീട്ടുജോലിക്കാരിയെക്കുറിച്ച് വിവേകശൂന്യമായ പരാമർശം നടത്തിയതിന് യുവാവിനെ ഒട്ടേറെപ്പേർ വിമർശിച്ചു.

എല്ലാ സ്ത്രീകളും സുന്ദരികളാണെന്നും അവരുടെ തൊഴിലിൽ കാര്യമില്ലെന്നുമാണ് മറ്റൊരാൾ കമന്റ് ചെയ്തു.