ഇടുക്കി: നിലത്ത് കുഴിച്ചിട്ടുള്ള കമ്പിൽ ബന്ധിപ്പിച്ച് നിരത്തിയിട്ടുള്ള ,വലിയ ബലമൊന്നുമില്ലാത്ത ഏതാനും പലകക്കഷണങ്ങൾ. ഇതിന് അഭിമുഖമായി ഏകദേശം നൂറിലേറെ പേർക്ക് കോവിഡ് ചട്ടം പാലിച്ച് ഇരിക്കാൻ പാകത്തിൽ ഭൂമിതട്ടുതട്ടായി രൂപപ്പെടുത്തിയിരിക്കുന്നു. സമീപത്തായി പുല്ലുകളും മറ്റുംകൊണ്ട് മേഞ്ഞ ചെറിയൊരു ഷെഡും. ഇടുക്കി രാജാക്കാടിൽ നിശാപാർട്ടി നടന്നതായിപ്പറയുന്ന മലമുകളിലെ ഇപ്പോഴത്തെ കാഴ്ച ഇതാണ്.

തണ്ണിക്കോട് മെറ്റൽസിന്റെ ഉൽഘാടനത്തോടനുബന്ധിച്ച് ഇടുക്കി ശാന്തൻപാറ രാജാപ്പാറയിൽ ബെല്ലിഡാൻസ് നടന്നതും വാഗമണ്ണിൽ നിശാപാർട്ടിയിക്കിടെ വൻതോതിൽ ലഹരിവസ്തുക്കൾ പിടിച്ചെടുത്തതിനും പിന്നാലെയാണ് സ്വർഗ്ഗംമേടിൽ പുതുവത്സരാഘോഷത്തിന്റെ ഭാഗമായി നിശാപാർട്ടി സംഘടിപ്പിച്ചതായുള്ള വാർത്ത പുറത്തുവരുന്നത്.ഇതുകൊണ്ടുതന്നെ സംഭവത്തിന് വലിയതോതിൽ വാർത്താപ്രാധാന്യം ലഭിക്കുകയും ചെയ്തിരുന്നു.

പുറത്തു വന്നതല്ല സംഭവത്തിന്റെ സത്യസ്ഥിതിെയന്നും തങ്ങളെ കരിവാരിതേയ്ക്കുന്നതിനും ഈ സ്ഥലത്തുനിന്നുതന്നെ ഓടിക്കുന്നതിനും ശ്രമിക്കുന്ന ചിലർ പൊലീസ് അടക്കമുള്ള ഗവൺമെന്റ് സംവിധാനങ്ങളെ ഉപയോഗിച്ച് നടത്തിയ ആസൂത്രിത നീക്കമായിരുന്നു ഇതെന്നും സ്ഥലം ഉടമകൾ പറയുന്നു. സ്വർഗ്ഗംമേടിലെ താമസക്കാരനായ പച്ചിലക്കാടൻ എൽദോയും ഭാര്യ ബിൻസിയും പറയുന്നത് തെളിവുകൾ നിരത്തിയുള്ള മറ്റൊരു കഥയാണ്. എൽദോ പരിസിഥിതി പ്രവർത്തകനും ഭാര്യ ബിൻസി അദ്ധ്യാപികയുമാണ്. കൂടിക്കാഴ്ചയിൽ വിവാദത്തെക്കുറിച്ച് ഇരുവരും മനസ്സുതുറന്നു.

എന്റെ സ്ഥലത്തിനുസമീപം കുറച്ച് പ്രദേശം റവന്യൂഭൂമിയാണ്. ഇത് വളരെ വർഷങ്ങളായി ഒരാളുടെ കൈവശത്തിലാണ്. ഇവിടെ ഒരു പാറക്കൂട്ടമുണ്ട്. ഇത് പൊട്ടിക്കാൻ ഉന്നത രാഷ്ട്രീയ ബന്ധങ്ങളുള്ള ഒരാൾ ശ്രമം തുടങ്ങിയിട്ട് വർഷങ്ങളായി. നേരത്തെ ഇവിടെ വഴിവെട്ടലും മറ്റും നടന്നപ്പോൾ ഞാൻ സബ്ബ്കളക്ടർ അടക്കമുള്ള ഉദ്യോഗസ്ഥരെ അറിയിക്കുകയും റവന്യൂവകുപ്പ് ഉദ്യോഗസ്ഥർ സ്ഥലം സന്ദർശിച്ച് നിർമ്മാണപ്രവർത്തനങ്ങൾ നിർത്തിവയ്‌പ്പിക്കുകയും ചെയ്തിരുന്നു.

ഇതിനുശേഷം പലരും ഇക്കാര്യത്തിൽ അനുനയനീക്കവുമായി വന്നുകണ്ടിരുന്നു. ഒരു അഭിഭാഷകനും സന്ദർശിച്ചവരിൽ ഉൾപ്പെടും. സമീപത്തുള്ളവരെല്ലാം എൻ ഒ സി ഒപ്പിട്ടുതന്നെന്നും നിങ്ങൾമാത്രമെ ഒപ്പിട്ടുതരാനുള്ളതെന്നും അതിനാൽ ഒപ്പിടണമെന്നുമായിരുന്ന വന്നവരുടെ ആവശ്യം. മരിക്കേണ്ടിവന്നാലും ഈ നീക്കത്തെ എതിർക്കുമെന്നാണ് വന്നവരോടെല്ലാം പറഞ്ഞത്. പിന്നാലെ പലതരത്തിൽ ഭീഷിണികൾ ഉണ്ടായി. എതിർത്താലും പാറപൊട്ടിക്കുമെന്നൊക്കെ വെല്ലുവിളികളും നടന്നു.

ഇതൊന്നും കാര്യമാക്കിയിരുന്നില്ല. ഇതിന്റെ പിന്നിലുണ്ടായിരുന്നവരാണ് ഗവൺമെന്റ് സംവിധാനങ്ങളെ ഉപയോഗിച്ച് പരിണാമ എന്ന് പേരിട്ടിരുന്ന പരിസ്ഥിതി സൗഹൃദ പ്രവർത്തനങ്ങൾ കോർത്തിണക്കിയുള്ള ക്യാപിനെ നശിപ്പിച്ചത്-എൽദോ വിശദമാക്കി. ക്യാപിൽ പങ്കെടുക്കാൻ ഒരു തള്ളിക്കയറ്റം തന്നെ ഉണ്ടായിരുന്നു. എന്നാൽ കുട്ടികൾ ഉൾപ്പെടെ കുടംബസഹിതമെത്തിയവർക്കാണ് മുൻഗണനൽകിയത്. ആകെ 42 പേരാണ് ക്യാംപിൽ പങ്കെടുത്തിരുന്നുള്ളു. ഇവർ എല്ലാവരും പൂർണ്ണമായും കോവിഡ് ചട്ടം പാലിച്ചിരുന്നു. ഇത് ബോദ്ധ്യമാവുന്ന ചിത്രങ്ങളും വീഡിയോകളും സൂക്ഷിച്ചിട്ടുണ്ട്.

നടത്താനുദ്ദേശിച്ചത് നിശാപ്പാർട്ടി ആയിരുന്നില്ല. 10 ദിവസത്തെ സയൻസ് ആർട്‌സ് ആൻഡ് മ്യൂസിക് ഫെസ്റ്റിവൽ ആയിരുന്നു. കോവിഡ് മാനദണ്ഡങ്ങൾ പാലിക്കാനായി ക്യാംപിനുവരുന്നവരോട് സ്ലീപിങ് ബാഗ് ,പ്ലേറ്റ്, ഗ്ലാസ് മുതലായവ കൊണ്ടുവരണമെന്നും മാസ്‌ക് സാനിറ്റൈസർ എന്നിവ ക്യാംപിൽ തന്നെ വിതരണം ചെയ്യുമെന്നും പറഞ്ഞിരുന്നു. ആർട്ട്, മ്യൂസിക് ,ആസ്‌ട്രോണമി ക്ലാസ്, ടെലസ്‌കോപ്പ് വഴി ആകാശനിരീക്ഷണം കുട്ടികൾക്കായുള്ള ക്ലാസുകൾ പ്രകൃതി സംരക്ഷണ സന്ദേശം ,യോഗ മെഡിറ്റേഷൻ ട്രക്കിങ് മുതലായവയായിരുന്നു നടത്താനുദ്ദേശിച്ചിരുന്നത്. ആദ്യ ദിവസം പരിപാടി രാത്രി 10-ന് മുന്നേ അവസാനിപ്പിച്ച് ക്യാംപംഗങ്ങളിൽ പകുതിയിലേറെപ്പേർ ഉറങ്ങാനായി പോയിരുന്നു.

ഇതിനുശേഷം ബാക്കിയുള്ളവർ ആഹാരം കഴിക്കുന്നതിനിടയിൽ ഒരു സംഘം പൊലീസുകാർ ക്യാംപിലെത്തി പരിശോധന നടത്തുകയായിരുന്നു. ക്യാംപിൽ കുടുംബമായെത്തിയവരുടെ ബാഗുകളും സ്ത്രീകളുടെ സ്വകാര്യ വസ്തുക്കളും പുരുഷ പൊലീസുകാരാണ് പരിശോധിച്ചത്. എന്നാൽ അവർക്ക് സംശയകരമായി ഒന്നും കണ്ടെത്താനായില്ല. ചില പൊലീസുകാർ ക്യാംപിലെ അതിഥികളോട് മോശമായിട്ടാണ് പെരുമാറിയത്. സ്വന്തം കുടുംബത്തോടൊപ്പം ഉറങ്ങിക്കിടന്ന യോഗാചാര്യനെ എഴുന്നേൽപ്പിച്ച് രാത്രി 12 മണിക്ക് സൂര്യമസ്‌കാരം ചെയ്യിച്ചു .ഗർഭിണിയോടു പോലും കരുണ കാണിച്ചില്ല.

ക്ലാസ്സുകളുടെ ഇടവേളകളിൽ പാട്ടുകൾ പാടാൻ വേണ്ടിമാത്രമാണ് ചുരുങ്ങിയ ചെലവിൽ സ്റ്റേജ് ഒരുക്കിയത്. പാട്ടിനെ നന്നായി ആസ്വദിക്കുക എന്ന ലക്ഷ്യം ക്യാപംഗങ്ങളിൽ പലർക്കും ഉണ്ടായിരുന്നു. മണിചിത്രത്താഴിലെ പഴന്തമിഴ്പാട്ടിഴിയും ശ്രുതിയിൽ എന്നുതുടങ്ങുന്ന പാട്ടുകളൊക്കെയാണ് അവടെ അവതരിപ്പിച്ചത്. ഒരു ഘട്ടത്തിലും ഡി ജെ സംഗീതമോ ഡാൻസോ ഇവിടെ നടത്തിയിട്ടില്ല. ഒരാൾപോലും ലഹരി ഉപയോഗിച്ചിട്ടില്ല.എൽദോ വ്യക്തമാക്കി.

29-നാണ് രാത്രി പൊലീസ് സംഘമെത്തി റെയ്ഡ് നടത്തിയത്. ഇവിടെ നിശാപാർട്ടി നടന്നെന്നും പൊലീസ് കേസെടുത്തെന്നും മറ്റുമുള്ള മാധ്യമവാർത്തകൾ കണ്ടപ്പോൾ വല്ലാത്ത വിഷമം തോന്നി. ഒരുവാക്ക് ഞങ്ങളോട് ചോദിക്കാതെ , ഇവിടെ വന്ന് കാര്യങ്ങൾ നേരിബോദ്ധ്യപ്പെടാതെ ഇത്തരമൊരുവാർത്ത പുറത്ത് വിട്ടതിലൂടെ ബന്ധപ്പെട്ടവർ ഇല്ലാതാക്കിയത് നല്ല ഒരുലക്ഷ്യത്തിനായി ആരംഭിച്ച പരിസ്ഥിതി സൗഹൃദ പദ്ധതിയെയാണ്. ക്യാപ് സംബന്ധിച്ച് സാമൂഹിക മാധ്യമങ്ങളിൽ നേരത്തെ അറിയിപ്പ് വന്നിരുന്നു.

ഇവിടെ നടക്കുന്ന പരിപാടിയെക്കുറിച്ചുള്ള മുഴുവൻ വിവരങ്ങളും അറിയിപ്പുകളിൽ ഉൾപ്പെടുത്തിയിരുന്നു. ഇതിനും പുറമെയാണ് ഉദ്യോഗസ്ഥരെ ഇൻവിറ്റേഷൻ കാർഡ് നൽകി നേരിൽ ക്ഷണിച്ചത്. ഇവിടെ നടക്കുന്ന എല്ലാകാര്യങ്ങളെക്കുറിച്ചും വിശദമായി ക്ഷണപത്രികയിൽ സൂചിപ്പിരുന്നു. ഈയവസരത്തിൽ രേഖാമൂലം ഇതിന് അനുമതി നൽകാനാവില്ലന്നും ശല്യംചെയ്യാൻ എത്തില്ലന്നും വാക്കാൽ ഇവർ ഉറപ്പും നൽകിയിരുന്നു-ഇരുവരും വ്യക്തമാക്കി

റെയ്ഡിന് നേതൃത്വം നൽകിയ ഉടുമ്പൻചോല സി ഐയും ഭൂരിഭാഗം പൊലീസ് ഉദ്യോഗസ്ഥരും വളരെ മാന്യമായിട്ടാണ് പെരുമാറിയത്. പൊലീസിന്റെ തിരച്ചിലുമായി പൂർണ്ണമായി സഹകരിക്കുകയും ചെയ്തു. മണിക്കൂറുകൾ ഇവിടെ ചിലവഴിച്ചെങ്കിലും ഇവിടെ നിന്നും ലഹരിവസ്തുക്കൾ പൊലീസിന് കണ്ടെടുക്കാനായില്ല. ലഹരിവസ്തുക്കൾ ആരും ഉപയോഗിക്കുന്നില്ല എന്ന് ഉറപ്പുവരുത്തിയ ശേഷമാണ് ക്യാപ് പ്രവർത്തനം ആരംഭിച്ചത്. ടെന്റുകൾ സ്ഥാപിച്ചിരുന്നതും സാമാന്യം ദൂരത്തിലാണ്-ഇരുവരും വാക്കുകൾ ചുരുക്കി.