തിരുവനന്തപുരം: കെഎസ് ആർടിസി ദീർഘദൂര സർവീസുകളിൽ ഇനി മുതൽ വെൽക്കം ഡ്രിങ്കും സ്‌നാക്‌സും സൗജന്യമായി നൽകും. പുതിയ സ്വിഫ്റ്റ് കമ്പനിയുടെ ബസുകളിലാണ് മാറ്റം. ആദ്യം 8 എസി സ്ലീപ്പർ, 20 എസി സെമി സ്ലീപ്പർ, 72 നോൺ എസി ബസുകളാണ് സ്വിഫ്റ്റിനായി സർവീസ് നടത്തുന്നത്.

വായിക്കാൻ പ്രസിദ്ധീകരണങ്ങളും ലഭിക്കും. ബസിൽ ശുചിത്വം ഉറപ്പുവരുത്തും. യാത്രക്കാരുടെ ബാഗും മറ്റും എടുത്തുവയ്ക്കാൻ കണ്ടക്ടർ സഹായിക്കും. ആവശ്യാനുസരണം ആഹാരം ഓർഡർ ചെയ്ത് എത്തിച്ചു നൽകും. ഇതിനു ഹോട്ടലുകളുമായി കമ്പനി ധാരണയുണ്ടാക്കും. അങ്ങനെ അടിമുടി മാറുകയാണ് കെ എസ് ആർ ടി സി.

സ്വിഫ്റ്റ് കമ്പനിയിലേക്ക് ഡ്രൈവർ കം കണ്ടക്ടർ തസ്തികയിൽ അപേക്ഷ ക്ഷണിച്ചിട്ടുണ്ട്. അതിൽ ഈ സേവനത്തിന്റെ ക്യാമെല്ലാം പറയുന്നുണ്ട്. ഒരു ബസിന് 4 ഡ്രൈവർ കം കണ്ടക്ടർ എന്ന രീതിയിലാണ് നിയമിക്കുക. പത്താം ക്ലാസ് പാസായ, ഇംഗ്ലിഷും മലയാളവും വായിക്കാനും എഴുതാനും അറിയുന്നവർക്കാണ് നിയമനം. പ്രായപരിധി 45.

8 മണിക്കൂറാണ് ഡ്യൂട്ടി സമയം. 715 രൂപയാണു ദിവസ വേതനമെങ്കിലും ദൂരമനുസരിച്ച് പ്രത്യേക ബത്ത ലഭിക്കും. അധികമുള്ള ഒരു മണിക്കൂറിന് 100 രൂപ, 2 മണിക്കൂർ വരെ 175 രൂപ, 2 മണിക്കൂറിനു ശേഷം 375 രൂപ എന്നിങ്ങനെ ലഭിക്കും. യാത്രക്കാർക്കു ഭക്ഷണം ഓർഡർ ചെയ്യുന്നതിനനുസരിച്ചു ലഭിക്കുന്ന കമ്മിഷൻ തുകയും കണ്ടക്ടർക്ക് കമ്പനി നൽകും. ബസിൽ ആഹാരം സൂക്ഷിക്കുന്നതിനുള്ള പ്രത്യേക ബോക്‌സും ഫ്രിജും സജ്ജമാക്കും.

കെഎസ്ആർടിസി ജീവനക്കാർക്കു താൽപര്യമുണ്ടെങ്കിൽ വർക്കിങ് അറേഞ്ച്‌മെന്റിൽ സ്വിഫ്റ്റിൽ ചേരാം. അപകടരഹിത ഡ്രൈവിങ്, യാത്രക്കാരോടുള്ള പെരുമാറ്റം എന്നിവ വിലയിരുത്തി ജീവനക്കാർക്ക് എല്ലാ മാസവും സമ്മാനം നൽകും.

175 പുതിയ സിഎൻജി ബസുകളും വാങ്ങുന്ന മുറയ്ക്കു ലഭിക്കും. ഡ്രൈവർ കം കണ്ടക്ടർ തസ്തികയിലേക്ക് അപേക്ഷിക്കേണ്ട അവസാന തീയതി അടുത്തമാസം 8. വെബ്‌സൈറ്റ് www.cmdkerala.net