തിരുവനന്തപുരം: കോൺസുലേറ്റിലെ ഉദ്യോഗസ്ഥർക്ക് മദ്യം ആവശ്യപ്പെട്ട് സ്വർണക്കടത്തുകേസിലെ പ്രതി സ്വപ്ന സുരേഷ് വിളിച്ചെന്ന് ബിജു രമേശ്. സ്വപ്ന സുരേഷിനെ വിളിച്ചിട്ടുണ്ടോയെന്ന മാധ്യമപ്രവർത്തകരുടെ ചോദ്യത്തോട് പ്രതികരിക്കുകയായിരുന്നു ബിജു രമേശ്.

സ്വപ്ന സുരേഷ് എന്നെയും ഞാൻ സ്വപ്ന സുരേഷിനെയും വിളിച്ചിട്ടുണ്ട്. അത് സ്വർണക്കടത്തുമായി ബന്ധപ്പെട്ടല്ല. എംബസിയിൽ ഇരിക്കുന്നവർക്ക് കുറച്ച് ബോട്ടിൽ വേണം അത് കിട്ടുമോ എന്ന് ചോദിച്ചിട്ടാണ് വിളിക്കുന്നത്. പിന്നീട് നോക്കിയിട്ട് ഉണ്ടെന്ന് പറഞ്ഞ് അവരെ തിരിച്ചുവിളിച്ചിച്ചു. അതിന്റെ വില എത്രയാണെന്ന് പറയാനും വിളിച്ചിരുന്നു. പിന്നീട് സ്വപ്ന പറഞ്ഞതുപ്രകാരം പി.ആർ.ഒ.വന്ന് പൈസയും കൊടുത്ത് സാധനം വാങ്ങിക്കൊണ്ടുപോയി.

സ്വപ്നയുമായി ബന്ധമുണ്ടെന്നും ബിജു രമേശ് പറഞ്ഞു. 'അച്ഛന്റെ സെക്കൻഡ് കസിന്റെ മകന്റെ മകളാണ് സ്വപ്ന സുരേഷ്. അച്ഛന്റെ മരണവാർത്ത അറിയിച്ചും, അച്ഛന്റെ മരണാനന്തര ചടങ്ങുമായി ബന്ധപ്പെട്ട് മദ്യം വേണമെന്നും ഉണ്ടാകുമോയെന്നും ചോദിച്ച് പിന്നീടും സ്വപ്ന വിളിച്ചിട്ടുണ്ടെന്നും ബിജു പറഞ്ഞു. ബിജുവിന്റെ അച്ഛൻ രമേശൻ കോൺട്രാക്ടറുടെ അടുത്ത ബന്ധുവാണ് സ്വപ്‌നയുടെ അച്ഛനെന്നാണ് ഇതോടെ വ്യക്തമാകുന്നത്. ബിജു രമേശിന്റെ വിശദീകരണം അനുസരിച്ച് വകയിലെ സഹോദരന്റെ മകളാണ് സ്വപ്ന.

സ്വപ്ന ആവശ്യപ്പെട്ടത് പ്രകാരം മദ്യം സംഘടിപ്പിച്ച് നൽകിയിരുന്നു. മദ്യം വാങ്ങിക്കൊണ്ടുപോയത് എംബസിയിലെ പിആർഒ ആണെന്നും ബിജു രമേശ് പറഞ്ഞു. 'കോൺസുലേറ്റിലെ വാഹനത്തിലാണ് മദ്യം കൊണ്ട് പോയത്. സ്വപ്ന തന്നെയും താൻ സ്വപ്നയേയും വിളിച്ചിട്ടുണ്ട്. സ്വപ്ന ബന്ധുവാണ്. മറ്റൊരു ഇടപാടും സ്വപ്നയുമായി ഇല്ല.'-ഇതാണ് വിശദീകരണം. ബാർ കോഴ കേസിലെ ആരോപണം ആവർത്തിച്ച് നടത്തിയ വാർത്താസമ്മേളനത്തിനിടെയാണ് ബിജു രമേശ് ഇക്കാര്യം പറഞ്ഞത്. കെ എം മാണി പിണറായി വിജയനുമായി കൂടിക്കാഴ്ച നടത്തിയ ശേഷമാണ് ബാർ കോഴ കേസ് അവസാനിച്ചത്. പിണറായിയുടെ വീട്ടിലെത്തിയാണ് കെ എം മാണി കൂടിക്കാഴ്ച നടത്തിയത്. ഇതിന് ശേഷം പൊലീസിനെ വിളിച്ച് കേസ് അവസാനിപ്പിക്കാൻ പറയുകയായിരുന്നുവെന്നും ബിജു രമേശ് പറഞ്ഞു. ബാർ കോഴ ആരോപണത്തിൽ ഉറച്ച് നിൽക്കാൻ പറഞ്ഞ കോടിയേരി ബാലകൃഷ്ണനും വാക്ക് മാറ്റിയെന്ന് ബിജു രമേശ് പറഞ്ഞു.

രമേശ് ചെന്നിത്തലക്കെതിരായ ആരോപണം ബിജു രമേശ് ആവർത്തിച്ചു. നേരത്തെ രഹസ്യമൊഴി നൽകാൻ പോകുന്നതിന്റെ തലേദിവസം ചെന്നിത്തല വിളിച്ചു. തന്നെ ഉപദ്രവിക്കരുതെന്ന് പറഞ്ഞു. രമേശ് ചെന്നിത്തലയുടെ സാമ്പത്തിക സ്ഥിതി എങ്ങനെയാണെന്ന് എല്ലാവർക്കുമറിയാം. അന്വേഷണ റിപ്പോർട്ടിൽ കോടികൾ പിരിച്ചെന്ന് പറയുന്നുണ്ട്. ആ തുക എവിടെയെന്ന് കണ്ടെത്താനാകാത്തത് വിജിലൻസിന്റെ വീഴ്ചയാണ്. വിജിലൻസ് അന്വേഷണം പ്രഹസനമാണ്. കേസ് കേന്ദ്ര ഏജൻസികൾ അന്വേഷിക്കട്ടെയെന്നും ബിജു രമേശ് പറഞ്ഞു.