കൊച്ചി: നയതന്ത്ര ബാഗേജിന്റെ മറവിലുള്ള സ്വർണക്കടത്ത് കേസിലും തട്ടിപ്പ് കേസ് പ്രതി മോൻസൻ മാവുങ്കലിന് ബന്ധം. സ്വർണ്ണക്കടത്ത് കേസിലെ പ്രതി സ്വപ്ന സുരേഷിനെ ബാഗ്ലൂരിലേക്ക് കടക്കാൻ സഹായിച്ചത് മോൻസൻ മാവുങ്കലാണെന്നാണ് പുറത്തുവരുന്ന വിവരം. ഇതിനൊപ്പം മറ്റൊരു വാദം കൂടി ജനം ടിവി ചർച്ചയാക്കി. ഇക്കാര്യം സംസ്ഥാന രഹസ്യാന്വേഷണ വിഭാഗം മറച്ചുവച്ചു. ഒളിവിലിരിക്കെ സ്വപ്നയുടെ ശബ്ദരേഖ ആദ്യം പുറത്തുവിട്ട ചാനലിലെ മാധ്യമപ്രവർത്തകൻ ഇതിന് തൊട്ട് മുൻപായി വിളിച്ചത് മോൻസൻ മാവുങ്കലിനെയാണ്. ഫോൺ രേഖകൾ അടക്കം ശേഖരിച്ചത് സംസ്ഥാന രഹസ്യാന്വേഷണ വിഭാഗമാണെന്നും ജനം ടിവി പുറത്തു വിടുന്നു. എന്നാൽ ഇത് ഒതുക്കി തീർക്കുകയായിരുന്നു. വിവരം ഒതുക്കിയതിന് പിന്നിൽ ഉന്നത ബന്ധമുണ്ടോ എന്ന ചോദ്യവും ഉയരുന്നുണ്ടെന്നും ജനം ടിവി വിശദീകരിക്കുന്നു.

ഇതിനൊപ്പം ചേർത്തു വായിക്കേണ്ടതാണ് മാതൃഭൂമിയിലേയും റിപ്പോർട്ട്. കേരള കൗമുദിയും ഇത് റിപ്പോർട്ട് ചെയ്യുന്നു. തിരുവനന്തപുരം വിമാനത്താവളം വഴിയുള്ള നയതന്ത്ര സ്വർണക്കടത്തുകേസിലെ മുഖ്യ പ്രതികളിലൊരാളായ സ്വപ്ന സുരേഷിന് ഒളിത്താവളമൊരുക്കിയത് മോൻസൺ മാവുങ്കലാണെന്ന് സൂചന. തനിക്കുള്ള ഉന്നത പൊലീസ് ബന്ധം ഉപയോഗപ്പെടുത്തി വീട്ടിൽ തന്നെ ഒളിത്താവളമൊരുക്കിയെന്നാണ് കരുതുന്നത്. സ്വപ്നയ്ക്കും സംഘത്തിനും പൊലീസിൽ നിന്ന് പിന്തുണ ലഭിച്ചിരുന്നുവെന്ന് തുടക്കത്തിൽ തന്നെ കേന്ദ്ര അന്വേഷണ ഏജൻസികൾ സംശയം പ്രകടിപ്പിക്കുകയും ചെയ്തിരുന്നുവെന്നാണ് കേരള കൗമുദി ഇപ്പോൾ പറയുന്നത്. എന്നാൽ 2020 ജൂലൈ 19ന് തന്നെ ഈ വാർത്ത മറുനാടൻ റിപ്പോർട്ട് ചെയ്തിരുന്നു. ചേർത്തലയിലെ മറ്റൊരു വ്യവസായിയുടെ തലയിലേക്ക് ആരോപണം കൊണ്ടു ചെന്നുവയ്ക്കാൻ മാവുങ്കലിനായിരുന്നു അന്ന്. സ്വപ്‌നാ സുരേഷ് മാവുങ്കലിന്റെ ചേർത്തലിയിലെ വീട്ടിലോ കൊച്ചയിലെ പുരാവസ്തുക്കൾക്കിടയിലോ ആണ് ഒളിച്ചു താമസിച്ചതെന്ന് വേണം അനുമാനിക്കാൻ.

വ്യാജരേഖയുമായി പ്രതിരോധ വകുപ്പിന്റെ രഹസ്യങ്ങൾ ചോർത്തി; കൃത്രിമ ഡിഗ്രിയുമായി പാസ്പോർട്ട് എടുത്തതിന് പിഴയടച്ചു; ക്രിമിനൽ കേസ് അട്ടിമറിച്ചത് ഹൈക്കോടതി ഉത്തരവിനെ തെറ്റായി വ്യാഖ്യാനിച്ച്; എല്ലാ രാഷ്ട്രീയ പാർട്ടിയിലും ബന്ധങ്ങളുണ്ടാക്കി തട്ടിപ്പുകളെല്ലാം മറച്ചു; 'ഗുരുവായൂർ പീഡനം' ചർച്ചയായപ്പോൾ ചാനൽ മേധാവിക്ക് അടിമയായി; സ്വർണ്ണ കടത്തിൽ കസ്റ്റംസ് രഹസ്യങ്ങൾ കോഴിക്കോട്ടെ മാധ്യമ സിങ്കം ചോർത്തുന്നുവോ? സ്വപ്നാ സുരേഷിന്റെ എക്സ്‌ക്ലൂസീവ് ഓഡിയോയിൽ ദുരൂഹത നിറയുമ്പോൾ-ഇതായിരുന്നു ആ പഴയ വാർത്തയുടെ മറുനാടന്റെ തലക്കെട്ട്. ദീപക് ധർമ്മടം ഓപ്പറേഷനിലേക്കാണ് ഇത് വിരൽ ചൂണ്ടിയത്. ഇപ്പോൾ ജനം ടിവിയുടെ വാർത്ത പ്രകാരം ദീപക്കിനൊപ്പം സഹിൻ ആന്റണിയും ഈ ഓപ്പറേഷൻ ഭാഗമായി എന്നു വേണം നിഗമനത്തിൽ എത്താൻ. എന്നാൽ ഇതെല്ലാം ശ്രീകണ്ഠൻ നായരും ട്വന്റി ഫോറും നിഷേധിച്ചതാണ്.

ശബരിമലയിലെ ചെമ്പോല വിവാദത്തോടെ സഹിൻ ആന്റണിയും മാവുങ്കലുമായുള്ള ബന്ധം തെളിഞ്ഞിട്ടുണ്ട്. മുട്ടിൽ മരം മുറിയിൽ ദീപക്കും കുടുങ്ങി. ഇതോടെയാണ് സ്വപ്‌നാ സുരേഷിന്റെ ഒളിത്താവളത്തിലേക്കും അന്വേഷണവും വാർത്തകളും എത്തുന്നത്. സ്വർണക്കടത്ത് പിടിച്ചതിനുപിന്നാലെ സ്വപ്നയും സംഘവും തലസ്ഥാനത്തുനിന്ന് കടന്നിരുന്നു. ഇവർ കൊച്ചിയിലേക്ക് പോയതായി പൊലീസിന് രഹസ്യവിവരം ലഭിക്കുകയും ചെയ്തിരുന്നു. എന്നിട്ടും ഇവരെ പിടിക്കാൻ പൊലീസ് മിനക്കെട്ടില്ല. ലോക്ക്ഡൗൺ നിയന്ത്രണങ്ങളെത്തുടർന്ന് റോഡിൽ രാവും പകലും പൊലീസിന്റെ വ്യാപക പരിശോധനയുള്ളപ്പോഴാണ് അവരുടെ കണ്ണുവെട്ടിച്ച് സ്വപ്നയും സംഘവും കടന്നത്. ഇതാണ് സംശയത്തിന് ഇടനൽകിയത്. സ്വപ്നയും കൂട്ടരും കൊച്ചിയിലേക്ക് കടന്നെന്ന് മാധ്യമവാർത്തവന്നപ്പോൾ നഗരത്തിൽ പേരിനൊരു പരിശോധന നടത്താൻ മാത്രമാണ് കൊച്ചി സിറ്റി പൊലീസ് തയ്യാറായത്.

ഒരു പേടിയും കൂടാതെ ഒളിവിൽ പാർക്കാൻ കഴിയുന്ന സുരക്ഷിത താവളമാണ് മോൻസന്റെ വീട്. അത്യന്താധുനിക സുരക്ഷാ സംവിധാനങ്ങളാണ് ഏർപ്പെടുത്തിയിരിക്കുന്നത്. കൂടാതെ സുരക്ഷാ ജീവനക്കാരുടെ വൻ പടയും എപ്പോഴും വീടിനുമുന്നിലുണ്ടാവും. ഉന്നതങ്ങളിൽ നിന്നുള്ള നിർദ്ദേശപ്രകാരം ബീറ്റ് ബോക്സ് അടക്കം മോൻസന്റെ വീടിനുമുന്നിൽ സ്ഥാപിച്ചിരിക്കുന്നതിനാൽ സംശയം തോന്നിയാലും പൊലീസുകാർക്ക് ഇവിടേക്ക് കടന്നുവന്ന് പരിശോധന നടത്താനാവില്ല. മുൻ ഡി ജി പിയോടുള്ള മോൻസന്റെ ബന്ധം മറനീക്കി പുറത്തുവന്നതോടെ സംശയം കൂടുതൽ ശക്തമാകുകയാണെന്ന് കേരള കൗമുദി പറയുന്നു.

2020 ജൂലൈ 19ന് മറുനാടൻ നൽകിയ വീഡിയോ വാർത്തയുടെ ലിങ്ക് ചുവടെ

മറുനാടൻ നൽകിയ വിശദ റിപ്പോർട്ട് ചുവടെ

വ്യാജരേഖയുമായി പ്രതിരോധ വകുപ്പിന്റെ രഹസ്യങ്ങൾ ചോർത്തി; കൃത്രിമ ഡിഗ്രിയുമായി പാസ്പോർട്ട് എടുത്തതിന് പിഴയടച്ചു; ക്രിമിനൽ കേസ് അട്ടിമറിച്ചത് ഹൈക്കോടതി ഉത്തരവിനെ തെറ്റായി വ്യാഖ്യാനിച്ച്; എല്ലാ രാഷ്ട്രീയ പാർട്ടിയിലും ബന്ധങ്ങളുണ്ടാക്കി തട്ടിപ്പുകളെല്ലാം മറച്ചു; 'ഗുരുവായൂർ പീഡനം' ചർച്ചയായപ്പോൾ ചാനൽ മേധാവിക്ക് അടിമയായി; സ്വർണ്ണ കടത്തിൽ കസ്റ്റംസ് രഹസ്യങ്ങൾ കോഴിക്കോട്ടെ മാധ്യമ സിങ്കം ചോർത്തുന്നുവോ? സ്വപ്നാ സുരേഷിന്റെ എക്സ്‌ക്ലൂസീവ് ഓഡിയോയിൽ ദുരൂഹത നിറയുമ്പോൾ

കൊച്ചി: സ്വപ്നാ സുരേഷിന് കസ്റ്റംസിന്റെ അന്വേഷണ വിവരങ്ങൾ ചോർത്തി നൽകി രക്ഷപ്പെടാൻ അവസരമൊരുക്കിയത് കോഴിക്കോട്ടെ മാധ്യമ പ്രവർത്തകനെന്ന് സൂചന. വ്യാജ ഡിഗ്രി സർട്ടിഫിക്കറ്റുമായി പ്രതിരോധ വകുപ്പിന്റെ കോഴ്‌സിൽ പങ്കെടുത്ത ഈ മാധ്യമ പ്രവർത്തകൻ വിവരങ്ങൾ ചോർത്തി നൽകുന്നതിന് ആവശ്യപ്പെട്ടത് എക്‌സക്ലൂസീവ് ശബ്ദമായിരുന്നു. ചാനൽ മേധാവിയുടെ പിന്തുണയും അറിവോടെയുമാണ് ഈ ചോർത്തൽ നടന്നത്. ഇതിന്റെ ഭാഗമായാണ് കൊച്ചിയിൽ കസ്റ്റംസ് പിടികൂടുന്നതിന് മുമ്പേ സ്വപ്നയ്ക്ക് രക്ഷപ്പെടാനാകുന്നത്. കഴിഞ്ഞ ദിവസവും കസ്റ്റംസ് ഇന്റലിജൻസിനേയും എൻഐഎയുടേയും രഹസ്യാന്വേഷണ വിഭാഗത്തേയും ഉദ്ദരിച്ച് കഴിഞ്ഞ ദിവസവും വാർത്ത നൽകിയിരുന്നു. ഇതും സംശയങ്ങൾക്ക് ഇട നൽകിയിരുന്നു.

കോഴിക്കോട്ടെ പല സ്വർണ്ണ കടകളിലേയും റെയ്ഡ് ആദ്യം എത്തി ഷൂട്ട് ചെയ്യുന്നത് പ്രതിരോധ രഹസ്യങ്ങൾ ചോർത്താൻ വ്യാജ ഡിഗ്രി സർട്ടിഫിക്കറ്റുമായി കോഴ്‌സിന് പോയ മാധ്യമ പ്രവർത്തകനാണ്. ഉന്നത സ്വാധീനം കാരണം ഈ മാധ്യമ പ്രവർത്തകനെതിരെ ഒരു നടപടിയും ആരും എടുക്കുന്നില്ല. യുഎഇ കോൺസുലേറ്റിലെ സെക്രട്ടറിയായി സ്വപ്നാ സുരേഷ് ഉണ്ടാക്കിയെടുത്തതിന് സമാനമായ ബന്ധങ്ങളാണ് മാധ്യമ പ്രവർത്തകന്റെ റോളിൽ ഇയാൾ ഉണ്ടാക്കിയെടുത്തത്. രാഷ്ട്രീയക്കാരുമായും വ്യവസായികളുമായും സിനിമാക്കാരുമായും ഇയാൾക്ക് അടുത്ത ബന്ധമുണ്ട്. വ്യാജ രേഖാ കേസിൽ അന്വേഷണം അട്ടിമറിച്ച സംഭവിത്തിലെ വീഴ്ചകൾ ചൂണ്ടിക്കാട്ടിയുള്ള പരാതി പൊലീസിൽ എത്തിയങ്കിലും ആരും ഒന്നും അന്വേഷിച്ചില്ല. ധർമ്മടം പൊലീസ് സ്റ്റേഷനിൽ രജിസ്റ്റർ ചെയ്ത ക്രൈം നമ്പർ 813/13 എന്ന കേസ് ഫയൽ പരിശോധിച്ചാൽ കേസ് ഒതുക്കി തീർത്തതിന് പിന്നിലെ ഗൂഢാലോചന മറനീക്കി പുറത്തുവരും. പ്രതിരോധ വകുപ്പും ഇയാൾക്കൈതിരയുള്ള അന്വേഷണം മുക്കി. ഇതാണ് വിചിത്രമായ സത്യം.

സ്വപ്നാ സുരേഷിന്റെ കേസിൽ ഇയാൾ രഹസ്യങ്ങൾ ചോർത്തി നൽകുന്നുവെന്ന സംശയം വ്യാപകമാണ്. തിരുവനന്തപുരത്തെ സ്വർണ്ണ കടയിലേക്ക് അന്വേഷണം എത്തുന്നില്ലെന്ന് ഉറപ്പിക്കലാണ് ലക്ഷ്യം. കേരളത്തിലെ ഒരു ചാനലിന് മാത്രമാണ് സ്വപ്നയുടെ ശബ്ദം കിട്ടിയത്. മനോരമയും ഏഷ്യാനെറ്റും മാതൃഭൂമിയും അടക്കമുള്ളവർ ഗ്രൂപ്പുകളിൽ എത്തിയ ശബ്ദം സംപ്രേഷണം ചെയ്യുകയായിരുന്നു. ചിലർ ഈ ചാനലിൽ എക്‌സ്‌ക്ലൂസീവായി വന്ന ശബ്ദം റിക്കോർഡ് ചെയ്ത് കേൾപ്പിക്കുകയും ചെയ്തു. ആ ശബ്ദം എക്‌സ്‌ക്ലൂസീവായി നൽകിയ ചാനലിന് സ്വപ്നാ സുരേഷ് എവിടെയായിരുന്നു ഒളിവിലുണ്ടായിരുന്നതെന്നതിനെ കുറിച്ച് വ്യക്തമായ സൂചനയുണ്ടെന്നാണ് സൂചന. മറ്റൊരു ചാരക്കേസായി സ്വർണ്ണ കടത്തിനെ അവതരിപ്പിക്കാമെന്ന ലക്ഷ്യത്തോടെയാണ് ശബ്ദം വാങ്ങിയത്. ഇതിന് വേണ്ടിയാണ് രഹസ്യങ്ങൾ നൽകിയതെന്നാണ് സൂചന. എന്നാൽ എൻഐഎ എത്തിയതോടെ കഥമാറി. അപ്പോഴും കസ്റ്റംസിനെ പിന്തുടരുകയാണ് ഈ മാധ്യമ പ്രവർത്തകൻ. കേന്ദ്ര ഇന്റലിജൻസിന് ഇതു സംബന്ധിച്ച വിവരം രണ്ട് ദിവസം മുമ്പ് കിട്ടി.

പ്രതിരോധ വകുപ്പിന്റെ കോഴ്‌സിന് വ്യാജ രേഖ നൽകിയ കേസിൽ ഉന്നത പിന്തുണയോടെ എല്ലാം ഒതുക്കി തീർത്ത വ്യക്തിയെ ഉപയോഗിച്ചാണ് ചാനൽ മേധാവി കാര്യങ്ങൾ നീക്കിയത്. മറ്റൊരു ചാനലിൽ നിന്ന് ഈ ചാനലിലെത്തിയ ഈ മാധ്യമ പ്രവർത്തകന് ഒഹരി ഉടമയുടെ അടുത്ത ആളായിരുന്നു എന്നാണ് ചാനൽ മേധാവി പ്രചരിപ്പിച്ചിരുന്നത്. എന്നാൽ സത്യം അതായിരുന്നില്ല. രണ്ട് മാസം മുമ്പ് ഗുരുവായൂരപ്പന്റെ പേരിൽ ഒരു സ്ത്രീയെ ഒരു മാധ്യമ പ്രവർത്തകൻ പീഡിപ്പിക്കാൻ ശ്രമിച്ചതുമായി ബന്ധപ്പെട്ട് കേരളത്തിലെ അറിയപ്പെടുന്ന സാമൂഹിക പ്രവർത്തക ഒരു പോസ്റ്റിട്ടിരുന്നു. പിന്നീട് ഇത് അവർ പിൻവലിക്കുകയും ചെയ്തു. ഇത് മറുനാടൻ വാർത്തയാക്കുകയും ചെയ്തിരുന്നു. ഈ കേസിലെ വില്ലനാണ് ഇപ്പോൾ കസ്റ്റംസിന്റെ രഹസ്യങ്ങൾ സ്വർണ്ണ കടത്തു കാർക്ക് ചോർത്തി നൽകുന്നതെന്നാണ് സൂചന.

ഗുരുവായൂരപ്പനായി സ്വയം ചമഞ്ഞ് വാർത്തയ്ക്ക് വേണ്ടി വിളിച്ച ആളെ അശ്ലീല പദപ്രയോഗത്തിലൂടെ മാനസികമായി പീഡിപ്പിച്ച പരാതി ചാനൽ മേധാവിക്കും മുന്നിലെത്തിയിരുന്നു. കൃത്യമായ നടപടി എടുക്കാമെന്ന് പറഞ്ഞ് ആ സ്ത്രീയെ ആശ്വസിപ്പിച്ചു. അതിന് ശേഷം ഒരു നടപടിയും എടുത്തില്ല. ഇതോടെയാണ് ചാനലിൽ ഉള്ളവർ പോലും ഇവർ തമ്മിൽ രഹസ്യ ബന്ധം ഉണ്ടെന്ന് മനസ്സിലായത്. ഇതിനിടെയാണ് സ്വപ്നാ സുരേഷുമായി ബന്ധപ്പെട്ട വിവാദമെത്തുന്നത്. ഇതോടെ തീവ്രവാദ ബന്ധങ്ങൾ നേരത്തെ തന്നെ ആരോപിക്കപ്പെട്ടിട്ടുള്ള കോഴിക്കോട്ടെ മാധ്യമ പ്രവർത്തകനും ചാനൽ മേധാവിയും അടുത്തു രണ്ടു പേരും കസ്റ്റംസിൽ നിന്നും പൊലീസിൽ നിന്നും രഹസ്യങ്ങൾ ചോർത്തി. കൊച്ചിയിൽ എത്തി കീഴടങ്ങാൻ സ്വപ്നാ സുരേഷ് ശ്രമിച്ചപ്പോഴും സിബിഐ അന്വേഷണത്തിന്റെ സാധ്യത ചോർത്തി നൽകി.

ഇതോടെ അവർ അതീവ രഹസ്യമായി രക്ഷപ്പെട്ടു. കസ്റ്റംസിന്റേയും പൊലീസിന്റേയും നീക്കങ്ങൾ അറിയാവുന്നതു കൊണ്ട് തന്നെ സമർത്ഥമായി നീങ്ങാനുമായി. ഈ രക്ഷപ്പെടലിനുള്ള പ്രത്യുപകാരമായിരുന്നു എക്‌സ്‌ക്ലൂസീവ് ഓഡിയോ. റേറ്റിങ് ഉയർത്താൻ അതിസമർത്ഥമായി തന്നെ അവർ അത് ഉപയോഗിക്കുകയും ചെയ്തു. അപ്പോഴും കേസ് അന്വേഷണം കസ്റ്റംസിൽ ഒതുങ്ങുമെന്നായിരുന്നു ചാനലിന്റെ വിലയിരുത്തൽ. എന്നാൽ എൻഐഎ എത്തിയതോടെ നിലപാട് മാറ്റി. ഇതിന്റെ സൂചനകൾ മറുനാടന് നേരത്തെ ലഭിച്ചിരുന്നു. ഇപ്പോഴും സ്വർണ്ണ കടത്ത് കേസിൽ കോഴിക്കോട്ടെ മാധ്യമ സിങ്കം റിപ്പോർട്ടുകൾ നടത്തുന്നു. കസ്റ്റംസിലേയും കേരളാ പൊലീസിലേയും സോഴ്‌സ് ഉപയോഗിച്ചാണ് ഇതെന്നാണ് അവകാശ വാദം. അതുകൊണ്ട് തന്നെയാണ് ആശങ്ക കൂടുന്നതും.

ഇയാളുടെ വ്യാജ സർട്ടിഫിക്കറ്റ് കേസ് ധർമ്മടം പൊലീസ് എഴുതി തള്ളിയിരുന്നു. കോഴിക്കോട് പാസ്പോർട്ട് ഓഫീസിലെ ന്നതന്റെ അതിസമർത്ഥമായി നീക്കമാണ് ഇയാളെ രക്ഷിക്കാൻ ധർമ്മടം പൊലീസിന് സഹായകമായത്. കേരളത്തിലെ മുതിർന്ന ബിജെപി നേതാവിനെ തെറ്റിധരിപ്പിച്ച് തന്റെ കേസിൽ അഡ്വക്കേറ്റായി അവതരിപ്പിച്ചിരുന്നു. ഇതിനിടെ ഹൈക്കോടതി സർട്ടിഫിക്കറ്റ് ഹാജരാക്കാൻ ആവശ്യപ്പെട്ടു. ഇതോടെയാണ് ബിജെപി നേതാവിന് കളിയിലെ സത്യം പിടികിട്ടിയത്. ഇതോടെ പാസ്‌പോർട്ട കേസുകളിൽ പരാതി കൊടുക്കേണ്ടത് പാസ്‌പോർട്ട് ചീഫ് കമ്മീഷണർക്കാണെന്ന് ഉപദേശിച്ച് ഹർജി പിൻവലിക്കുകയാണ് നല്ലതെന്ന് ഉപദേശിച്ചു. ഇത് അംഗീകരിച്ച് കേസ് പിൻവലിച്ച് പാസ്‌പോർട്ട് ഓഫീസിൽ പിഴ അടച്ചു. ഇതോടെ തന്നെ താൻ വ്യാജ സർട്ടിഫിക്കറ്റിന് ഉടമയാണെന്ന് മാധ്യമ പ്രവർത്തകൻ സമ്മതിക്കുകയായിരുന്നു. പിന്നീട് പൊലീസിലെ ഉന്നതരെ കൂട്ടു പിടിച്ച് ക്രിമിനൽ കേസ് അട്ടിമറിച്ചു. ഇതിന്റെ തെളിവുകളും മറുനാടന് കിട്ടി.

കേന്ദ്ര പ്രതിരോധമന്ത്രാലയത്തിന്റെ അന്വേഷണ പരിധിയിലാണ് ഇപ്പോഴും വ്യാജ സർട്ടിഫിക്കറ്റ് കേസ്. എന്നാൽ ഏഴ് വർഷമായിട്ടും ഇക്കാര്യത്തിൽ യാതൊരു നടപടിയും എടുത്തിട്ടുമില്ലെന്നാണ് മറുനാടന് ലഭിക്കുന്ന സൂചന. ഇതാണ് ഈ മാധ്യമ പ്രവർത്തകന്റെ സ്വാധീനം. യുപിഎ സർക്കാരിന്റെ കാലത്ത് മലപ്പുറവും കോഴിക്കോടും കേന്ദ്രീകരിച്ച് നടന്ന മാഫിയാ പ്രവർത്തനങ്ങൾക്ക് കോഴിക്കോട് പാസ്പോർട്ട് ഓഫീസിൽ നിന്നും സഹായം കിട്ടിയിട്ടുണ്ടെന്നാണ് സൂചന. 2013 നവംബറിലാണ് ഇയാളുടെ പാസ്പോർട്ടിലെ വ്യാജ സർട്ടിഫിക്കറ്റ് സാന്നിധ്യം തിരിച്ചറിയുന്നത്. പാസ്പോർട്ട് ഓഫീസർക്ക് നേരിട്ട് കിട്ടിയ പരാതിയിൽ നടപടിയും എടുത്തു. അടിയന്തരമായി പാസ്പോർട്ട് റദ്ദാക്കി. കണ്ണൂർ പൊലീസ് സൂപ്രണ്ടിന് പാസ്‌പോർട്ട് ഓഫീസർ പരാതിയും നൽകി. പിന്നീട് നടന്നത് എയർ ഇന്ത്യാ സാറ്റ്‌സിലെ കേസ് ഒതുക്കി തീർക്കാൻ സ്വപ്നാ സുരേഷ് ചെയ്തതിന് സമാനമായ കാര്യങ്ങളാണ്.

ബാഗ്ലൂർ സർവ്വകലാശാലയുടെ വ്യാജ ഡിഗ്രി സർട്ടിഫിക്കറ്റിന്റെ പിൻബലത്തിലാണ് പാസ്പോർട്ടിൽ ഇയാൾ് എമിഗ്രേഷൻ നോട്ട് റിക്വയേർഡ് എന്ന മുദ്ര പതിപ്പിച്ചത്. ഇത് പരിശോധിച്ച കണ്ണൂർ എസ്്പിക്ക് ഗൗരവം പിടികിട്ടി. പക്ഷേ ഈ എസ് പി സ്ഥലം മാറി പോയതോടെ കേസ് തന്നെ അട്ടിമറിക്കുകയായിരുന്നു. ഇതിന് എല്ലാ രാഷ്ട്രീയക്കാരുടേയും പിന്തുണ ഇയാൾക്ക് ലഭിച്ചിട്ടുണ്ട്. ഹൈക്കോടതിയിലെ കേസിൽ കോഴിക്കോട്ടെ പാസ്‌പോർട്ട് ഓഫീസർ നൽകിയ സത്യവാങ്മൂലം തന്നെ ഇയാളുടെ ഭീകര ബന്ധത്തിന് തെളിവാണ്. ഇതെല്ലാം പെട്ടെന്ന് എല്ലാവരും മറന്നു. 1956ലെ ഇന്ത്യൻ പാസ്പോർട്ട് ആക്ട് പ്രകാരം വ്യാജ സർട്ടിഫിക്കറ്റുകൾ ഹാജരാക്കി പാസ്പോർട്ട് സംഘടിപ്പിച്ചാൽ 5000 രൂപയാണ് പരമാവധി പിഴ. നിയമമുണ്ടായതിന് ശേഷം ഇത്തരം വ്യവസ്ഥകളിൽ മാറ്റം വരാത്തതിനാൽ വ്യജ ഡിഗ്രി സർട്ടിഫിക്കറ്റുമായി ആര് പാസ്പോർട്ട് എടുത്താലും 5000 രൂപ പിഴയടച്ചാൽ വീണ്ടും പാസ്പോർട്ട് പുതുക്കി നൽകുകയും വേണം.

ഈ പഴുതാണ് കോഴിക്കോട്ടെ മാധ്യമ പ്രവർത്തകൻ ഉപയോഗിച്ചത്. ഇതിന് എല്ലാവരും കുട പിടിച്ചു. അതിന് ശേഷം അസിസ്റ്റൻ പബ്ലിക് പ്രോസിക്യൂട്ടറുടെ തെറ്റായ നിയമോപദേശത്തിലൂടെ കേസ് അട്ടിമറിച്ചു. ഹൈക്കോടതി വിധിയെ തെറ്റായി വ്യാഖ്യാനിച്ചായിരുന്നു അത്. ഇത് വ്യക്തമാക്കി പൊലീസിന് വീണ്ടും പരാതി എത്തി. എന്നാൽ ആരും അന്വേഷിച്ചില്ല. സ്വപ്നാ സുരേഷിനെ പോലെ ചുറ്റിലും ഉള്ള ഉന്നത സൗഹൃദ തണലിലായിരുന്നു ഇത്. സിപിഎമ്മിലും ബിജെപിയിലും കോൺഗ്രസിലും ഉള്ള നേതാക്കളും ചാനൽ റിപ്പോർട്ടറുടെ തട്ടിപ്പുകൾ അറിഞ്ഞുട്ടും കണ്ടില്ലെന്ന് നടിച്ചു. കേസ് നടക്കുമ്പോൾ സിപിഎം സംസ്ഥാന സെക്രട്ടറി പിണറായി വിജയനുമായി അടുപ്പമുണ്ടെന്ന് പറഞ്ഞു പരത്തി പ്രാദേശിക സിപിഎം നേതാക്കളിലെ ചിലരെ സ്വാധീനിച്ചാണ് ധർമ്മടത്തെ പൊലീസ് സ്റ്റേഷനിലെ ഓപ്പറേഷൻ വിജയകരമാക്കിയതെന്നാണ് പുറത്തു വരുന്ന സൂചനകൾ.

ഇക്കാര്യങ്ങൾ എൻഐഎ അന്വേഷിച്ചാൽ മാധ്യമ ലോകത്തെ കള്ള നാണയങ്ങളും പുറത്താകും. പ്രതിരോധ വകുപ്പിന്റെ കോഴ്‌സിന് വ്യാജ രേഖ നൽകി പോയ ഗൗരവമേറിയ കുറ്റം സംഭവിച്ചത് യുപിഎ സർക്കാരിന്റെ കാലത്താണ്. അത് വീണ്ടും പൊടി തട്ടിയെടുത്താൽ കേരളത്തിലെ തീവ്രവാദ ബന്ധങ്ങളുടെ ചുരുളുകളും അഴിയും. സേനാ കേന്ദ്രങ്ങളിലെ രഹസ്യങ്ങൾ ചോർത്താൻ പാക്കിസ്ഥാൻ പല രീതികളും സ്വീകരിക്കാറുണ്ട്. എന്നിട്ടും ഈ മാധ്യമ പ്രവർത്തകന്റെ കോഴ്‌സിലെ പങ്കാളിത്തം അന്വേഷിച്ചില്ല. കൃത്യമായ അന്വേഷണം നടത്തിയാൽ സർട്ടിഫിക്കറ്റ് പരിശോധിക്കാതെ ഇയാളെ കോഴ്‌സിന് അയച്ച ഉദ്യോഗസ്ഥരും കുടുങ്ങും. അതുകൊണ്ടാണ് പ്രതിരോധ വകുപ്പിന് കീഴിലെ മാധ്യമ വിഭാഗം കേസ് അന്വേഷണത്തിൽ താൽപ്പര്യം കാട്ടത്തത്.