സിഡ്‌നി: എലികൾ കൂട്ടത്തോടെ പെറ്റുപെരുകുന്ന മൈസ് പ്ലേഗ് എന്ന പ്രതിഭാസത്തിനു മുന്നിൽ തരിച്ചുനിൽക്കുന്ന ആസ്ട്രേലിയയ്ക്ക് മീതി മറ്റൊരു വൻ ഭീഷണിയായി നിർത്താതെ പെയ്യുന്ന മഴയും. സിഡ്നിയിൽ ഇന്നലെ രാത്രി ആയിരക്കണക്കിന് ആളുകൾക്കാണ് വീടുകൾ വിട്ടിറങ്ങേണ്ടി വന്നത്. അപ്രതീക്ഷിതമായി എത്തിയ മഴ നിലയ്ക്കാതെ പെയ്യുന്നത് തുടരുന്നതിനാലാണ് പടിഞ്ഞാറൻ സിഡിയിലും ന്യുസൗത്ത് വെയിൽസിലെ വടക്കൻ തീർപ്രദേശങ്ങളിലും ജനങ്ങളെ കൂട്ടമായി ഒഴിപ്പിക്കേണ്ടി വന്നത്. പടിഞ്ഞാറൻ സിഡ്നി ഉൾപ്പടെ, ഇല്ലാവാരവരെയുള്ള വടക്കൻ തീരത്താണ് പ്രളയഭീഷണി കൂടുതലായുള്ളത്.

വടക്കൻ തീരപ്രദേശം, ഹാക്കെസ്ബറി, പടിഞ്ഞാറൻ ന്യു സൗത്ത് വെയിൽസ് എന്നിവിടങ്ങളിൽ പ്രളയം കൂടുതൽ രൂക്ഷമാകുമെന്ന റിപ്പോർട്ടുകളും പുറത്തുവരുന്നുണ്ട്. ഇന്നലെ ഒട്ടനവധി സ്‌കൂളുകൾ അടച്ചിടാൻ ന്യുസൗത്ത് വെയിൽസ് വിദ്യാഭ്യാസവകുപ്പ് ഉത്തരവിട്ടു. ഇതിൽ 150 പബ്ലിക് സ്‌കൂളുകളും 26 സ്വതന്ത്ര സ്‌കൂളുകളും 34 കത്തോലിക് സ്‌കൂളുകളും ഉൾപ്പെടുന്നു. സംസ്ഥാനത്ത് ഇതുവരെ 18,000 പേരെ ഒഴിപ്പിച്ച് സുരക്ഷിത സ്ഥാനങ്ങളിൽ പാർപ്പിച്ചിട്ടുണ്ടെന്ന് പ്രീമിയർ ഗ്ലാഡിസ് ബെരെജിക്ലിയൻ പറഞ്ഞു. നെപീൻ ഹാക്ക്സ്ബറി പ്രദേശത്ത് 3,000 പേരെയും ഒഴിപ്പിച്ചിട്ടുണ്ട്.

അപകട സാധ്യതയുള്ള മേഖലകളിൽ താമസിക്കുന്നവരോട് ഏതുസമയവും വീട് ഒഴിഞ്ഞു പോകാൻ തയ്യാറായിരിക്കുവാനുള്ള മുന്നറിയിപ്പ് നൽകിക്കഴിഞ്ഞു. സംസ്ഥാനത്തെ മിക്ക പ്രദേശങ്ങളിലും ജനങ്ങൾ കടുത്ത ഭീതിയിലും ആശങ്കയിലുമാണ് കഴിയുന്നത്. തൊട്ടുമുൻപ് വരെ കടുത്ത വർൾച്ചയായിരുന്നു സംസ്ഥാനത്ത് ഉണ്ടായിരുന്നത്. അന്ന് കാട്ടുതീ കാരണം പല പ്രദേശങ്ങളിൽ നിന്നും ജനങ്ങളെ ഒഴിപ്പിക്കേണ്ടതായി വന്നിട്ടുണ്ട്. ഇപ്പോൾ വെള്ളപ്പൊക്കം കാരണവും.

സംസ്ഥാനത്തൊട്ടാകെ 38 പ്രദേശങ്ങളേയാണ് അപകടസാധ്യത കൂടുതലുള്ള പ്രദേശങ്ങളായി പരിഗണിച്ചിരിക്കുന്നത്. ഇവിടെയുള്ളവർക്ക് സാമ്പത്തിക സഹായമുൾപ്പടെയുള്ള എല്ല സഹായങ്ങളും സർക്കാർ നൽകുന്നുണ്ട്. ഹാക്സ്ബറി നദീതീരത്ത് താമസിക്കുന്നവർ, വല്ലപ്പോഴും ഒരിക്കൽ മാത്രം ഉണ്ടാകാറുള്ള വെള്ളപ്പൊക്കം ഏതുസമയത്തും ഉണ്ടാകും എന്ന ഭീതിയിലാണ്. അതു സംഭവിച്ചാൽ പിന്നെ ഈ മേഖലയിലെ ജീവിതം സാധാരണ ഗതിയിലാകാൻ ഏറെ മാസങ്ങൾ തന്നെ വേണ്ടിവരും. 1961-ലാണ് ഇത്തരത്തിൽ നാശം വിതച്ച ഒരു വെള്ളപ്പൊക്കം ഇവിടെ ഉണ്ടായിട്ടുള്ളത്.

ഇന്ന് ഉച്ചയോടെ ജലനിരപ്പ് വീണ്ടും ഉയരുകയും വിൻഡ്സർ, പിറ്റ് ടൗൺ, വടക്കൻ റിച്ച്മോണ്ട്, ഫ്രീമാൻസ് റീച്ച്, കോളോ എന്നീ മേഖലകളിൽ വെള്ളപ്പൊക്കം ഉണ്ടാവുകയും ചെയ്യും എന്ന മുന്നറിയിപ്പ് എത്തിക്കഴിഞ്ഞു. ഹാക്സ്ബറിയിൽ 15 മീറ്റർ ഉയരത്തിൽ വരെ വെള്ളം പൊങ്ങാൻ ഇടയുണ്ട്. ചിലയിടങ്ങളിലെല്ലാം വീടുകളുടെ മേല്ക്കൂരവരെ മുങ്ങാനും ഇടയുണ്ട്. മാക്ലെ നദിയിൽ ജലനിരപ്പ് ഉയരാൻ തുടങ്ങിയതോടെ കെംപ്സിയിലെ നിവാസികളെ ഇന്നലെ രാത്രി തന്നെ മാറ്റിപ്പാർപ്പിച്ചു.

കെംപ്സി, മാക്സ്വില്ലി, പോർട്ട് മാക്വയർ റോഡോൻ ദ്വീപുകൾ, വിങ്ങ്ഹാം തുടങ്ങിയ താരതമ്യേന താഴ്ന്ന സ്ഥലങ്ങളിൽ താമസിക്കുന്നവരെയും ഒഴിപ്പിക്കാനുള്ള ശ്രമങ്ങൾ ആരംഭിച്ചിട്ടുണ്ട്. ഞായറാഴ്‌ച്ച രാവിലെ 9 മണിക്കും തിങ്കളാഴ്‌ച്ച വെളുപ്പിന് 4 മണിക്കും ഇടയിൽ കെംപ്സിയിൽ 173 മി മീ മഴയാണ്. ഇതുവരെ ഇത് നിന്നിട്ടുമില്ല.