കൊച്ചി: ന്യൂനപക്ഷ അവകാശങ്ങൾ സംബന്ധിച്ച സർക്കാർ നയങ്ങൾ വിവേചന പരമെന്ന് സീറോ മലബർ സഭാ സിനഡ്. സർക്കാരിന്റെ പല തീരുമാനങ്ങളിലും സിനഡ് പ്രതിഷേധം അറിയിച്ചു. കോവിഡ് പ്രതിസന്ധി കണക്കിലെടുത്തു മൃതദേഹം ദഹിപ്പിക്കാൻ ശ്മശാനം രൂപീകരിക്കാനും സിനഡ് നിർദ്ദേശം നൽകിയിട്ടുണ്ട്. സംവരണേതര വിഭാഗങ്ങളിലെ സാമ്പത്തിക പിന്നോക്കാവസ്ഥയിലുള്ള 10% സംവരണം പി എസ് സി ഉൾപ്പെടെ എല്ലാ മേഖലയിലും നടപ്പാക്കണമെന്നാണ് സിനഡ് പ്രധാനമായും ഉന്നയിക്കുന്നത്.

ന്യൂനപക്ഷ അവകാശങ്ങൾ നൽകുന്ന നിലവിലുള്ള 80:20 അനുപാതം തിരുത്താത്തത് അനീതിയാണ്. ന്യൂനപക്ഷ കമ്മീഷൻ ജില്ലാതല അംഗങ്ങളെ തിരഞ്ഞെടുക്കുന്നതിലും തുല്യതയില്ല. ഇക്കാര്യങ്ങളിൽ സിനഡിന്റെ പ്രതിഷേധം സർക്കാരിനെ അറിയിച്ചതായും തീരുമാനങ്ങൾ വിശദീകരിക്കുന്ന സർക്കുലറിൽ പറയുന്നു. കോവിഡ് കാല പ്രതിസന്ധി മൂലം സഭയിൽ മൃതദേഹം ദഹിപ്പിക്കാൻ രൂപതാ - അതിരൂപതാ തലത്തിൽ ശ്മശാനം രൂപീകരിക്കണം. സംസ്‌ക്കാരത്തിന് ശേഷമുള്ള ചാരം സെമിത്തേരികളിൽ സൂക്ഷിക്കാനും നിർദ്ദേശം നൽകുന്നുണ്ട്.

ഓഗസ്റ്റ് 18 മുതൽ 21 വരെയായിരുന്നു സിനഡ് ഓൺലൈനായി ചേർന്നത്. 62 ബിഷപ്പുമാർ സിനഡിൽ പങ്കെടുത്തു. സിനഡിന്റെ അനന്തര നിർദ്ദേശങ്ങൾ അടങ്ങിയ സർക്കുലർ ജനങ്ങളെ പങ്കെടുപ്പിച്ചുള്ള കുർബാനയുള്ള പള്ളികളിലും സ്ഥാപനങ്ങളിലും ഈ ഞായറാഴ്ച വായിക്കും. മറ്റുള്ളവർക്ക് അയച്ചു കൊടുക്കാനാണ് കർദിനാൾ ജോർജ് ആലഞ്ചേരിയുടെ നിർദ്ദേശം.