തിരുവനന്തപുരം: അമ്മ അറിയാതെ കുഞ്ഞിനെ ദത്ത് നൽകിയ കേസുമായി ബന്ധപ്പെട്ട് കുഞ്ഞിനെ നാട്ടിലെത്തിച്ച് ഒരുദിവസത്തിനുള്ളിൽ ഡിഎൻഎ പരിശോധന ഫലം പുറത്തുവന്ന പശ്ചാത്തലത്തിൽ ബിനോയ് കോടിയേരിക്കെതിരായ ബിഹാർ സ്വദേശിനിയുടെ പരാതി സാമൂഹ്യമാധ്യമങ്ങളിൽ ചർച്ചയാകുന്നു.

യുവതിയുടെ കുട്ടിയുടെ പിതൃത്വം തെളിയിക്കാനുള്ള ഡിഎൻഎ പരിശോധനാ ഫലം സമർപ്പിക്കപ്പെടാത്തതാണ് വിമർശനത്തിന് കാരണം. പരിശോധനാ ഫലം ലാബിൽ നിന്ന് ലഭിച്ചിട്ടില്ലെന്നാണ് പൊലീസ് കോടതിയെ നേരത്തെ അറിയിച്ചത്.

സിപിഎം നേതൃത്വത്തെ ഒരു പോലെ പ്രതിരോധത്തിലാക്കിയ രണ്ട് കേസുകളിൽ ഉണ്ടായ വൈരുദ്ധ്യം ചൂണ്ടിക്കാട്ടിയാണ് വിമർശനം. വിഷയത്തിൽ പ്രതികരിച്ച് ബിജെപി ബൗദ്ധിക സെൽ കൺവീനറും രാഷ്ട്രീയ നിരീക്ഷകനുമായ ടി ജി മോഹൻദാസ് രംഗത്തെത്തി.

ഡിഎൻഎ ഫലം അനുപമയുടെ മകന്റെ ആണെങ്കിൽ ഒറ്റ ദിവസം കൊണ്ട് കിട്ടും. കോടിയേരിയുടെ മകന്റെ ആണെങ്കിൽ കിട്ടില്ല..
ഇന്നസെന്റ് പറഞ്ഞത് എത്ര സത്യം! ചെന്തെങ്ങിന്റെ കുല ആടും; ടിxഡി ആണെങ്കിൽ ആടുകയില്ല! എന്നാണ് തന്റെ ഫേസ്‌ബുക്കിൽ ടി ജി മോഹൻദാസ് കുറിച്ചത്.

ദത്ത് വിവാദത്തിൽ കുഞ്ഞ് അനുപമയുടേതു തന്നെയെന്ന് വ്യക്തമാക്കി ഇന്ന് ഡിഎൻഎ പരിശോധനാ ഫലം പുറത്തുവന്നിരുന്നു. രാജീവ് ഗാന്ധി സെന്റർ ഫോർ ബയോടെക്‌നോളജിയിൽ നടത്തിയ പരിശോധനയിലാണ് കുഞ്ഞ് അനുമപയുടെയും അജിത്തിന്റേയും തന്നെയെന്ന് തെളിഞ്ഞത്.

മൂന്ന് തവണ ഡിഎൻഎ സാമ്പിൾ ക്രോസ് മാച്ച് ചെയ്തപ്പോഴും മാതാവ് അനുപമയും പിതാവ് അജിത്തുമാണെന്ന് ഫലം ലഭിച്ചു. ഡിഎൻഎ പരിശോധനാ ഫലം സിഡബ്ല്യുസിക്ക് കൈമാറിയിട്ടുണ്ട്. ഈ റിപ്പോർട്ട് സിഡബ്ല്യുസി കോടതിയിൽ സമർപ്പിക്കും.

അതേ സമയം വിവാഹവാഗ്ദാനം നൽകി പീഡിപ്പിച്ചെന്ന് ആരോപിച്ച് ബിനോയ് കോടിയേരിക്കെതിരെ ബിഹാർ സ്വദേശിനി നൽകിയ പരാതി കോടതിയുടെ പരിഗണനയിലാണ്. മുംബൈ പൊലീസ് കുറ്റപത്രം സമർപ്പിച്ചിരുന്നു.

വിവാഹ വാഗ്ദാനം നൽകി പീഡനം, വഞ്ചന, ഭീഷണിപ്പെടുത്തൽ എന്നിവയടക്കമുള്ള കുറ്റങ്ങളാണ് ബിനോയ്‌ക്കെതിരെയുള്ളത്. ബീഹാർ സ്വദേശിനിയായ യുവതിയുടെ പരാതിയിൽ 2019 ജൂൺ 13നാണ് കേസ് രജിസ്റ്റർ ചെയ്തത്. യുവതിയുടെ കുട്ടിയുടെ പിതൃത്വം തെളിയിക്കാനുള്ള ഡിഎൻഎ പരിശോധനാ ഫലം സമർപ്പിച്ചിരുന്നില്ല. പരിശോധനാ ഫലം ലാബിൽ നിന്ന് ലഭിച്ചിട്ടില്ലെന്നാണ് പൊലീസ് കോടതിയെ നേരത്തെ അറിയിച്ചത്.