തിരുവനന്തപുരം: 26-ാമത് രാജ്യാന്തര ചലച്ചിത്രമേളയിൽ അതിജീവിതയായ നടിയുടെ രംഗപ്രവേശത്തെ ആവേശത്തോടെയാണ് താൻ കണ്ടതെന്ന് എഴുത്തുകാരൻ ടി പത്മനാഭൻ. രാജ്യാന്തര ചലച്ചിത്രമേളയിൽ വനിതാ സംവിധായകരുടെ സാന്നിധ്യം മാത്രമല്ല അതിജീവതയ്ക്ക് ലഭിച്ച കയ്യടിയാണ് തന്നെ അത്ഭുതപ്പെടുത്തിയതെന്നും ടി പത്മാനാഭൻ പറഞ്ഞു. ചലച്ചിത്രമേളയുടെ സമാപനച്ചടങ്ങിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

തെറ്റു ചെയ്തവർ ശിക്ഷിക്കപ്പെടണം. ഞാൻ നിയമം പഠിച്ചയാളാണ്. ഞാൻ കേസിന്റെ വിശദാംശങ്ങളിലേക്ക് കടക്കുന്നില്ല. തൊഴിൽ രംഗത്ത് സ്ത്രീകൾ നേരിടുന്ന പ്രശ്നങ്ങൾ ഇനിയും വെളിച്ചത്ത് വരേണ്ടതുണ്ട്. നടി അക്രമിക്കപ്പെട്ട ശേഷമാണ് ഹേമ കമ്മീഷൻ അല്ലെങ്കിൽ കമ്മിറ്റി എന്താണെന്ന് പറയേണ്ടതെന്ന് അറിയില്ല.

ജസ്റ്റിസ് ഹേമ കമ്മിറ്റിയുടെ റിപ്പോർട്ട് ഇനിയും വെളിച്ചം കാണാതെ ഇരിക്കരുത്. ഈ സർക്കാർ അത് ചെയ്യണം. ഈ സർക്കാരിനേ അത് സാധിക്കൂ. ഇല്ലെങ്കിൽ ഭാവി തലമുറ മാപ്പ് തരില്ല. തെറ്റ് ചെയ്തവർ അനുഭവിക്കണം. ഇതൊന്നും കണ്ടില്ലെന്ന് നടിക്കാതെ ഇവിടെ ഒരു താരചക്രവർത്തിമാർക്കും വാഴാൻ കഴിയില്ല.- ടി പത്മനാഭൻ പറഞ്ഞു.