കോഴിക്കോട്: സിപിഎം നേതാക്കളായ ഡിവൈഎഫ്ഐ അഖിലേന്ത്യാ പ്രസിഡന്റ് മുഹമ്മദ് റിയാസും ടിവി രാജേഷ് എംഎൽഎയും റിമാൻഡിൽ. വിമാന യാത്രക്കൂലി വർധനവിനെതിരെ സമരം ചെയ്ത കേസിലാണ് കോടതി ഇരുവരെയും രണ്ടാഴ്‌ച്ചത്തേക്ക് റിമാൻഡ് ചെയ്തത്. 2010 ലായിരുന്നു കേസിനാസ്പദമായ സംഭവം. വിമാനയാത്രക്കൂലി വർധിപ്പിച്ചതിൽ പ്രതിഷേധിച്ച് ഡിവൈഎഫ്ഐ നേതൃത്വത്തിൽ കോഴിക്കോട് എയർ ഇന്ത്യയുടെ ഓഫീസ് ഉപരോധിച്ചിരുന്നു.

2010ലെ എയർ ഇന്ത്യ ഓഫീസ് മാർച്ചുമായി ബന്ധപ്പെട്ട കേസിലെ ജാമ്യം റദ്ദായതിനേത്തുടർന്ന് കോഴിക്കോട് കോടതിയിൽ ഹാജരായപ്പോഴാണ് നടപടി. കോഴിക്കോട് ജെ സി എം കോടതി നാലിന്റെതാണ് ഉത്തരവ്. ടിവി രാജേഷ് എം എൽ എ, പി എ മുഹമ്മദ് റിയാസ്, കെ കെ ദിനേശൻ എന്നിവർക്കെതിരെ പൊലീസ് കേസെടുത്തിരുന്നു. മൂവരോടും കോഴിക്കോട് ജെസിഎം കോടതിയിൽ ഹാജരാകാൻ ഹൈക്കോടതി നിർദ്ദേശിച്ചിരുന്നു.

ഇതിനേത്തുടർന്നാണ് ടി വി രാജേഷും മുഹമ്മദ് റിയാസും കെ കെ ദിനേശനും ഇന്ന് കോടതിയിലെത്തിയത്. ഈ വേളയിലാണ് കോടതി രണ്ടാഴ്‌ച്ചത്തേക്ക് വീണ്ടും റിമാൻഡ് ചെയ്തത്. ഒരുകേസിൽ പ്രതിയായ ശേഷം വിചാരണയ്ക്ക് ഹാജരാകാതെ വരികയും എന്നാൽ ഹാജരായവരെ മാത്രം വിചാരണ ചെയ്ത് ശിക്ഷിക്കുമ്പോഴാണ് ഒളിവിൽ കഴിയുന്നവരെ ഉൾപ്പെടുത്തി പുതിയ ക്രൈം നമ്പറിൽ ലോങ്ങ് പെൻഡിങ്ങ് കേസ് ചാർജ്ജ് ചെയ്യുന്നത്. ഇത്തരത്തിൽ കേസിൽ ഒന്നാം പ്രതിയായിരുന്നു മുഹമ്മദ് റിയാസ്. ഇത്തരത്തിൽ ലോങ്ങ് പെൻഡിങ്ങ് കേസിൽ ഉൾപ്പെട്ടാൽ ഇത്തരക്കാരെ പിടികിട്ടാപ്പുള്ളിയായാണ് കണക്കാക്കുന്നത്. മാത്രമല്ല എല്ലാ മാസവും ഇവർക്ക് വാറണ്ട് അയക്കുന്നതിനൊപ്പം സ്വത്തുക്കൾ കണ്ടുകെട്ടുകയും ചെയ്യാം. ഈ നിയമങ്ങളൊക്കെ മുഖ്യമന്ത്രിയുടെ മരുകൻ കാറ്റിൽപ്പറത്തിയിരുന്നു.

കോഴിക്കോട് എയർ ഇന്ത്യ ഓഫീസ് തല്ലിത്തകർത്തതുമായി ബന്ധപ്പെട്ടാണ് കോഴിക്കോട് നടക്കാവ് പൊലീസ് സ്റ്റേഷനിൽ കേസ് രജിസ്റ്റർ ചെയ്തത്. പത്തോളം പ്രതികൾ ആണ് കേസിലുള്ളത്. ഐപിസി 143, 147, 452, 332, 353, 427, 149 എന്നിവയും പൊതുമുതൽ നശിപ്പിക്കുന്നതുമായി ബന്ധപ്പെട്ട നിയമത്തിലെ സെക്ഷൻ 3 മാണ് പൊലീസ് പ്രതികൾക്കെതിരെ ചുമത്തിയിരിക്കുന്നത്. കേസിൽ ഒന്നാം പ്രതിയാണ് മൂഹമ്മദ് റിയാസ്. പക്ഷെ ഒരൊറ്റത്തവണ മാത്രമാണ് കേസിന്റെ വിചാരണക്കായ് കോഴിക്കോട് ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയിൽ റിയാസ് ഹാജരായത്. തുടർന്നുള്ള പല അവസരങ്ങളിലും കോടതി സമൻസ് അയച്ചിട്ടുപോലും ഇയാൾ ഹാജരായില്ല. ടിവി രാജേഷ് എംഎൽഎ ഉൾപ്പടെ പ്രതിയായ കേസിൽ ആകെ മൂന്ന് പേര് മാത്രമാണ് ഹജരായത്. മൂന്നൂപ്രതികളിൽ മൂന്ന്, നാല് പ്രതികളെ ശിക്ഷിച്ചപ്പോൾ ഹാജരായ എട്ടാം പ്രതിയെ കോടതി വെറുതെ വിടുകയും ചെയ്തു. 2019 മാർച്ച് മാസമാണ് ഹാജരായ പ്രതികളെ വച്ച് കേസിൽ കോടതി വിധി പ്രസ്താവിച്ചത്.

ലോങ്ങ് പെൻഡിങ്ങുമായി ബന്ധപ്പെട്ട കേസിൽ നടപ്പാക്കേണ്ട ഒരു നടപടികളും മുഖ്യമന്ത്രിയുടെ മരുമകന്റെ കാര്യത്തിൽ നടപ്പായിട്ടില്ല. അയക്കുന്ന സമൻസുകൾ കൈപ്പറ്റുന്നുണ്ടോ എന്നത് മാത്രമല്ല സ്വത്തുക്കൾ കണ്ടുകെട്ടുന്നതുൾപ്പടെയുള്ള സകല നടപടികളും പരസ്യമായിത്തന്നെ ലംഘിക്കപ്പെടുകയാണ്. ഇപ്പോൾ അറസ്റ്റ് ചെയ്ത് കോടതിയിൽ എത്തിച്ചാൽ പോലും ജാമ്യം ലഭിക്കാതെ റിമാൻഡ് ചെയ്യേണ്ട പ്രതിയെയാണ് മുഖ്യമന്ത്രി സംരക്ഷിച്ചത്.

സാധാരണക്കാരന്റെ കാര്യത്തിൽ നിയമങ്ങൾ കൃത്യമായി നടപ്പിലാക്കിക്കുകയും വേണ്ടി വന്നാൽ പുതിയ സാധ്യതകൾ ഉണ്ടാക്കി നിയമത്തിന് മുന്നിൽ കൊണ്ട് വരികയും ചെയ്യുകയും ചെയ്യുന്ന അതേ കേരള പൊലീസാണ് ഇവിടെ മൗനം പാലിക്കുകയും ചെയ്തിരുന്നു. ശബരിമലയിൽ യുവതീപ്രവേശന വിഷയത്തിൽ തന്റെ പ്രഖ്യാപിത നിലപാടിൽ ഉറച്ചുനിന്നതിന്റെ പേരിൽ കെ.സുരേന്ദ്രനെ അറസ്റ്റ് ചെയ്ത് 28 ദിവസം ജയിലിലടച്ചു. മുഖ്യമന്ത്രിയുടെ വിമർശകനായി കെ.എം.ഷാജഹാനെ 14 ദിവസമാണ് അകത്തിട്ടത്. തോക്കുസ്വാമി ഭദ്രാനന്ദയെ മൂന്നുവട്ടം ജയിലിലാക്കി. എന്നാൽ, പിടികിട്ടാപുള്ളിയായ മുഹമ്മദ് റിയാസിനെ മാത്രം പൊലീസ് കണ്ടില്ലെന്ന ഭാവം നടിക്കുയായിരുന്നു.

കേസ് ഇങ്ങനെ

2010 സെപ്റ്റംബർ 9 നാണ് കേസിന് ആസ്പദമായ സംഭവം. കോഴിക്കോട് ബാങ്ക് റോഡിലുളേള എറോത്ത് എയർ ഇന്ത്യയുടെ ഓഫീസിലേക്ക് ഡിവൈഎഫ്ഐ മാർച്് നടത്തി. എയർ ലൈൻ സർവീസുകൾ റദ്ദാക്കിയതിൽ പ്രതിഷേധിച്ചായിരുന്നു മാർച്ച്. നടക്കാവ് പൊലീസ് തടയാൻ ശ്രമിച്ചെങ്കിലും ഡിവൈഎഫ്ഐ പ്രവർത്തകർ ഓഫീസിന് ഉള്ളിലേക്ക് തള്ളിക്കയറി. പൊലീസ് ഉദ്യോഗസ്ഥരെ തള്ളിമാറ്റിക്കൊണ്ട് തെക്ക്ഭാഗത്തെ വാതിൽ വഴിയായിരുന്നു തള്ളിക്കയറ്റം. ഉറക്കെ മുദ്രാവാക്യം വിളിച്ചുകൊണ്ട് തള്ളിക്കയറിയ പ്രവർത്തകർ ഗ്ലാസ് വാതിലും, ജനാലകളും, കമ്പ്യൂട്ടറുകളും, ടെലിഫോണും, ക്രെഡിറ്റ് കാർഡ് സ്വൈപ്പിങ് മെഷീനും തകർത്തു. നാല് പൊലീസുകാർക്ക് പരുക്കേറ്റു.

ഒരുലക്ഷത്തോളം രൂപയുടെ നഷ്ടം എയർ ഇന്ത്യ ഓഫീസിന് ഉണ്ടായി. ടി.വി.രാജേഷ്, മുഹമ്മദ് റിയാസ്, വരുൺഭാസ്‌കർ, ജംഷീർ, ദിനേശ്, എന്നിവരാണ് മാർച്ചിന് നേതൃത്വം നൽകിയത്. CC 950 -2010 കേസിൽ മൂന്നും നാലും പ്രതികളെ ശിക്ഷിച്ചു. എട്ടാം പ്രതിയെ കോടതി വെറുതെ വിടുകയും ചെയ്തു. ഇപ്പോൾ CC 110-19 നമ്പർ റീഫയൽ ചെയ്തിരിക്കുകയാണ്. 1,2,5,6,7 പ്രതികൾ ഒളിവിൽ കഴിയുന്നതുകൊണ്ടാണ് ഇവർക്കെതിരെയുള്ള കേസ് റീഫയൽ ചെയ്തിരിക്കുന്നത്. 2019 മാർച്ച് 30 നായിരുന്നു ജുഡീഷ്യൽ മജിസട്രേറ്ര് കോടതി-4 ന്റെ വിധി. തെരഞ്ഞെടുപ്പു അടുത്തതോടെ കേസിൽ ജാമ്യമെടുക്കാൻ എത്തിയപ്പോഴാണ് റിയാസും ടി വി രാജേഷ് എംഎൽഎയെയും കോടതി റിമാൻഡ് ചെയ്തത്.