കണ്ണൂർ: കേരളത്തിലെ ഏറ്റവും വലിയ രവീന്ദ്രനാഥ ടാഗോർ പ്രതിമ തളിപ്പറമ്പിൽ പുനരാഛാദനം ചെയ്യുന്നു. തളിപ്പറമ്പ് ടാഗോർ വിദ്യാനികേതൻ വിദ്യാലയ മുറ്റത്തെ വിശ്വ കവിയുടെ പ്രതിമയാണ് മൂന്ന് പതിറ്റാണ്ടിനിപ്പുറം പുനരനാഛാദനം ചെയ്യുന്നത്. കേരളത്തിൽ ടാഗോർ പ്രതിമകൾ അപൂർവ്വമാണ്. ഉള്ളതിൽ വച്ചേറ്റവും വലിയ പ്രതിമകളിൽ ഒന്നാണ് തളിപ്പറമ്പിലേത്. മൂന്ന് പതിറ്റാണ്ടിനിപ്പുറത്ത്, പിതാവ് നിർമ്മിച്ച പൂർണ കായ പ്രതിമയിൽ ശിൽപ്പിയായ മകൻ മിനുക്കുപണികൾ നടത്തി പുനർ അനാഛാദനം ചെയ്യുന്നുവെന്ന പ്രത്യേക തകൂടി ഇതിനുണ്ട്.

പ്രശസ്ത ശിൽപ്പി കുഞ്ഞിമംഗലം നാരായണൻ മാസ്റ്റർ 29 കൊല്ലം മുമ്പ് പൂർത്തിയാക്കിയ ശിൽപ്പമാണ് കാലത്തെ അതിജീവിച്ച് നിലനിൽക്കുന്നത്. 1992 ലാണ് നാരായണൻ മാസ്റ്റർ, ടാഗോർ വിദ്യാനികേതനു വേണ്ടി പത്തടി ഉയരമുള്ള ടാഗോറിന്റെ പൂർണകായ പ്രതിമ പണി തീർത്തത്. അക്കാലത്ത് ഇത് വലിയ വെല്ലുവിളിയായിരുന്നു. ആറു മാസം സമയമെടുത്താണ് പ്രതിമ പണി പൂർത്തിയാക്കിയത്.

ആദ്യം കളിമണ്ണിലും പിന്നീട് പ്ലാസ്റ്റർ ഓഫ് പാരീസിലും രൂപം മെനഞ്ഞ ശേഷമാണ് കോൺക്രീറ്റിലേക്ക് മാറ്റിയത്. മഹാത്മജിയും എ.കെ.ജി യും ഉൾപ്പെടെയുള്ള ദേശീയ നേതാക്കളുടെ പ്രതിമകൾ തീർത്ത നാരായണൻ മാസ്റ്റർ പണി തീർത്ത ടാഗോറിന്റെ പൂർണകായ പ്രതിമ, 1992 ൽ അന്നത്തെ കേന്ദ്ര മന്ത്രിയായിരുന്ന മുല്ലപ്പള്ളി രാമചന്ദ്രനാണ് അനാഛാദനം ചെയ്തത്. 2009 ലാണ് നാരായണൻ മാസ്റ്റർ മരിച്ചത്.

സമീപകാലത്ത് കെട്ടിട നിർമ്മാണ ആവശ്യത്തിനായി പ്രതിമ, ക്രെയിൻ ഉപയോഗിച്ചാണ് മാറ്റി സ്ഥാപിച്ചത്. തുടർന്ന് നാരായണൻ മാസ്റ്ററുടെ മകനും യുവ ശിൽപ്പിയുമായ ചിത്രൻ കുഞ്ഞിമംഗലമാണ് ടാഗോർ പ്രതിമ മിനുക്കുപണികൾ നടത്തി പുനർ അനാഛാദനത്തിനായി ഒരുക്കിയത്. സ്‌കൂളിന് മുന്നിൽ പ്രത്യേക പീഠമൊരുക്കിയാണ് പ്രതിമ സ്ഥാപിച്ചിരിക്കുന്നത്. ശിൽപ്പം വീണ്ടും മിനുക്കുപണികൾ ചെയ്ത് വെങ്കല നിറത്തിൽ ഫിനിഷ് ചെയ്യുകയായിരുന്നു.

കിഷോർ, തിങ്കൾ ജിത്ത് എന്നിവർ സഹായികളായി. വിശ്വകവി രവീന്ദ്രനാഥ ടാഗോറിന്റെ പൂർണകായ പ്രതിമയുടെ പുനരനാഛാദനം ഇന്ന് തളിപ്പറമ്പ് ടാഗോർ വിദ്യാനികേതനിൽ തദ്ദേശമന്ത്രി എം വിഗോവിന്ദൻ നിർവ്വഹിക്കും.