കോഴിക്കോട്: പന്തീരങ്കാവ് യു.എ.പി.എ കേസിൽ ജാമ്യം ലഭിച്ച താഹ ഫസൽ ജയിൽ മോചിതനായി. തന്റെ മോചനം യു.എ.പിഎ ചുമത്തിയ സംസ്ഥാന സർക്കാരിനുള്ള തിരിച്ചടിയാണെന്ന് ജയിൽ മോചിതനായി ശേഷം താഹ പ്രതികരിച്ചു. വിയ്യൂർ ജയിലിലായിരുന്നു താഹ തടവിൽ കഴിഞ്ഞിരുന്നത്. കോടതി നടപടികൾ പൂർത്തിയാക്കിയശേഷം വൈകീട്ടാണ് വിയ്യൂർ ജയിലിൽ നിന്ന് പുറത്തിറങ്ങിയത്.

പന്തീരാങ്കാവ് കേസിൽ വിദ്യാർത്ഥികളായ അലൻ ഷുഹൈബ്, താഹ ഫസൽ എന്നിവർക്കെതിരെ മാവോവാദി ബന്ധം ആരോപിച്ച് ഭീകരവിരുദ്ധ നിയമമായ യു.എ.പി.എ ചുമത്തിയത് പ്രഥമദൃഷ്ട്യാ നിലനിൽക്കില്ലെന്നായിരുന്നു സുപ്രീംകോടതി വിധി. ഒന്നാം പ്രതി അലൻ ഷുഹൈബിന്റെ ജാമ്യം റദ്ദാക്കണമെന്ന ദേശീയ അന്വേഷണ ഏജൻസിയായ എൻ.ഐ.എയുടെ ആവശ്യവും കോടതി തള്ളിയിരുന്നു.

ഹൈക്കോടതി ജാമ്യം നിഷേധിച്ചതിനെ തുടർന്നാണ് താഹ സുപ്രീം കോടതിയെ സമീപിച്ചത്. 2019 നവംബർ ഒന്നിനാണ് മാവോയിസ്റ്റ് ബന്ധം ആരോപിച്ച് അലനെയും താഹയേയും പന്തീരാങ്കാവ് പൊലീസ് അറസ്റ്റു ചെയ്തത്. കേസ് പിന്നീട് എൻഐഎ ഏറ്റെടുക്കുകയായിരുന്നു.