സിഡ്‌നി : വനിതകളെ സ്പോർടിസിൽ നിന്നും വിലക്കിയ താലിബാന് ചുട്ട മറുപടിയുമായി ഓസ്ട്രേലിയൻ ക്രിക്കറ്റ് ബോർഡായ ക്രിക്കറ്റ് ഓസ്ട്രേലിയ. സ്ത്രീകളെ കളിക്കുവാൻ അനുവദിക്കാത്തതിനാൽ അഫ്ഗാനിസ്ഥാൻ പുരുഷ ടീമുമായി നിശ്ചയിച്ചിരുന്ന മത്സരങ്ങളിൽ നിന്നും പിന്മാറിയതായി ക്രിക്കറ്റ് ഓസ്ട്രേലിയ അറിയിച്ചു. നവംബറിലായിരുന്നു അഫ്ഗാനിസ്ഥാൻ ടീമുമായി ഓസ്‌ട്രേലിയ ടെസ്റ്റ് പരമ്പര പ്രഖ്യാപിച്ചത്.

ട്വിറ്ററിൽ പോസ്റ്റ് ചെയ്ത പ്രസ്താവനയിലാണ് ക്രിക്കറ്റ് ഓസ്ട്രേലിയ ഇക്കാര്യം അറിയിച്ചത്. രാജ്യത്ത് വനിതാ ക്രിക്കറ്റ് ഉൾപ്പെടെ വനിതകൾ പങ്കെടുക്കുന്ന കായിക ഇനങ്ങൾ നിരോധിക്കാനുള്ള താലിബാൻ നീക്കത്തിൽ പ്രതിഷേധിച്ചാണ് നടപടി. ഹൊബാർട്ടിൽ ഒരു ടെസ്റ്റ് മത്സരം കളിക്കാനായിരുന്നു തീരുമാനം. എന്നാൽ ഇനി ഈ മത്സരത്തിന് വേദിയൊരുക്കില്ലെന്നാണ് ക്രിക്കറ്റ് ഓസ്ട്രേലിയ അറിയിച്ചത്.

'ആഗോള തലത്തിൽ വനിതാ ക്രിക്കറ്റിന്റെ വളർച്ചയ്ക്ക് വളരെയേറെ പ്രാധാന്യം ക്രിക്കറ്റ് ഓസ്ട്രേലിയ നൽകുന്നുണ്ട്. കായിക മത്സരങ്ങളെന്നത് എല്ലാവർക്കും വേണ്ടിയുള്ളതാണെന്നതാണ് ഞങ്ങളുടെ കാഴ്ചപ്പാട്.

അടുത്തിടെയുള്ള വാർത്തകൾ പറയുന്നത് അഫ്ഗാനിസ്താൻ വനിതാ ക്രിക്കറ്റിനെ പിന്തുണയ്ക്കില്ലെന്നാണ്. അതിനാൽ അഫ്ഗാനിസ്താനെതിരേ ഹൊബാർട്ടിൽ നടക്കാനിരിക്കുന്ന ടെസ്റ്റ് മത്സരത്തിൽ നിന്ന് പിന്മാറുകയല്ലാതെ ഞങ്ങൾക്ക് മറ്റ് വഴികളില്ല.' - ക്രിക്കറ്റ് ഓസ്ട്രേലിയ പ്രസ്താവനയിൽ പറഞ്ഞു.

അഫ്ഗാനിസ്ഥാൻ ക്രിക്കറ്റ് ബോർഡ് (എസിബി) തങ്ങളുടെ ആദ്യ വനിതാ ദേശീയ ടീമിനെ മത്സരിപ്പിക്കുവാൻ തയ്യാറെടുക്കുന്ന അവസരത്തിലാണ്, പുതുതായി രാജ്യം കീഴ്പ്പെടുത്തി ഭരണം സ്ഥാപിച്ച താലിബാൻ ഭീകരർ വിലക്കുമായി വന്നത്. സ്പോർട്‌സിൽ പങ്കെടുക്കുമ്പോൾ സ്ത്രീകളുടെ ശരീരം പുറത്ത് കാണുമെന്ന കാരണത്താലാണ് വനിതകളെ സ്പോർട്‌സിൽ നിന്നും വിലക്കാൻ താലിബാൻ സർക്കാർ തീരുമാനിച്ചത്.

ഓഗസ്റ്റ് 15-ന് അഫ്ഗാൻ ഭരണം ഏറ്റെടുത്ത താലിബാൻ ഒരു കായിക മത്സരങ്ങളിലും വനിതകളുടെ സാന്നിധ്യം അനുവദിക്കില്ലെന്ന് കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. വനിതാ ക്രിക്കറ്റും ഇതോടെ രാജ്യത്ത് നിരോധിക്കപ്പെടും. ഇതിനാൽ തന്നെ അഫ്ഗാനിസ്താൻ പുരുഷ ടീമിന് ഐസിസി അംഗത്വം നഷ്ടമാകും. കാരണം ഐസിസി അംഗരാഷ്ട്രങ്ങൾക്ക് വനിതാ ദേശീയ ടീം ഉണ്ടായിരിക്കണമെന്ന നിബന്ധനയുണ്ട്.