ചെന്നൈ : നടൻ ശ്രീകാന്ത് അന്തരിച്ചു. 82 വയസ്സായിരുന്നു. നടിയും തമിഴ്‌നാട് മുഖ്യമന്ത്രിയുമായിരുന്ന ജയലളിതയുടെ ആദ്യ നായകനാണ് ശ്രീകാന്ത്.അമേരിക്കൻ കോൺസുലേറ്റിലെ ജോലി രാജിവച്ചാണ് ശ്രീകാന്ത് സിനിമാരംഗത്തേക്ക് പ്രവേശിക്കുന്നത്. 1965 ൽ സി വി ശ്രീധർ സംവിധാനം ചെയ്ത വെണ്ണിറൈ ആടൈ എന്ന സിനിമയിൽ ജയലളിതയുടെ നായകനായി അരങ്ങേറി.

തമിഴകത്ത് നായകനായും സഹനടനായും വില്ലനായും ഒക്കെ മികവ് തെളിയിച്ച നടനാണ് ശ്രീകാന്ത്. രജനികാന്ത് ആദ്യമായി നായകനായി അഭിനയിച്ച ഭൈരവി എന്ന ചിത്രത്തിലെ വില്ലനായത് ശ്രീകാന്താണ്. കെ ബാലചന്ദറിന്റെ ഭാമവിജയം, പൂവ തലൈയ, എതിർ നീച്ചൽ, കാശേതാൻ കടവുളഡാ തുടങ്ങിയവ ശ്രീകാന്തിന്റെ ശ്രദ്ധേയ സിനിമകളാണ്. നാലു പതിറ്റാണ്ടോളം നീണ്ട അഭിനയ ജീവിതത്തിൽ 200 ലേറെ സിനിമകളിൽ അഭിനയിച്ചു. ഇതിൽ 50 ലേറെ ചിത്രങ്ങളിൽ നായകനായിരുന്നു.

ശിവാജി ഗണേശൻ, മുത്തുരാമൻ, ശിവകുമാർ, രജനീകാന്ത്, കമൽഹാസൻ തുടങ്ങിയവർക്കൊപ്പം അഭിനയിച്ചിട്ടുണ്ട്.മേജർ സുന്ദർരാജൻ, നാഗേഷ്, കെ ബാലചന്ദർ എന്നിവർക്കൊപ്പം നാടകരംഗത്തും ശ്രീകാന്ത് പ്രവർത്തിച്ചിട്ടുണ്ട്. 1940 മാർച്ചിൽ ജനിച്ച ശ്രീകാന്ത് വിവിധ തലമുറകളിലെ അഭിനേതാക്കൾക്കൊപ്പം വേഷമിട്ടു. ഇമേജുകൾ നോക്കാതെ വേറിട്ട ചിത്രങ്ങൾ തെരഞ്ഞെടുത്ത നടനായിരുന്നു ശ്രീകാന്ത്.

നായകൻ, വില്ലൻ, കഥാപാത്ര കഥാപാത്രങ്ങൾ എന്നിങ്ങനെ നിറഞ്ഞുനിന്ന നടനായിരുന്നു ശ്രീകാന്ത് എന്ന് നടൻ കമൽഹാസൻ അനുസ്മരിച്ചു.തങ്കപ്പതക്കം എന്ന തന്റെ ചിത്രത്തിലെ അഭിനയത്തിലൂടെ ഒട്ടേറെ ആരാധകരെ സ്വന്തമാക്കിയ താരമാണ് ശ്രീകാന്ത് എന്ന് സംവിധായകനും നടനുമായി മഹേന്ദ്ര പറഞ്ഞു.