ചെന്നൈ: തമിഴ്‌നാട്ടിൽ ഗവർണർ - സർക്കാർ പോര് മൂർച്ഛിക്കുന്നതിനിടെ സംസ്ഥാനത്തെ സർവകലാശാലകളിൽ സർക്കാരിന് നേരിട്ട് വൈസ് ചാൻസലർമാരെ നിയമിക്കാൻ അധികാരം നൽകുന്ന നിയമഭേദഗതി പാസാക്കി നിയമസഭ. തമിഴ്‌നാട് ഗവർണർ ആർ.എൻ. രവി ഊട്ടിയിൽ സംസ്ഥാനത്തെ സർവകലാശാലാ വൈസ് ചാൻസലർമാരുടെ സമ്മേളനം വിളിച്ച ദിവസംതന്നെയാണ് ചാൻസലർ നിയമനത്തിൽ ഗവർണറുടെ അധികാരം വെട്ടിക്കുറച്ചുകൊണ്ടുള്ള നിയമഭേദഗതി സ്റ്റാലിൻ സർക്കാർ പാസാക്കിയത്. വിഷയത്തിൽ കടുത്ത എതിർപ്പുമായി പ്രതിപക്ഷ പാർട്ടികളായ എഐഎഡിഎംകെയും ബിജെപിയും രംഗത്തെത്തി.

സർവകലാശാല വൈസ് ചാൻസലർമാരുടെ നിയമനത്തിനുള്ള അധികാരം സംസ്ഥാന സർക്കാരിൽ നിക്ഷിപ്തമാക്കുന്ന നിയമനിർമ്മാണമാണ് സർക്കാർ ലക്ഷ്യമിടുന്നത്. ഗവർണർ ആർ.എൻ.രവി വിളിച്ച വൈസ് ചാൻസലർമാരുടെ ദ്വിദിന സമ്മേളനം ഊട്ടിയിൽ നടക്കുന്ന അതേ സമയത്ത് തന്നെയാണ് സംസ്ഥാന സർക്കാർ പുതിയ പോർമുഖം തുറന്നത്.

ഉന്നത വിദ്യഭ്യാസ മന്ത്രി ഡോ.കെ.പൊന്മുടിയാണ് വൈസ് ചാൻസലർ നിയമനാധികാരം സംസ്ഥാന സർക്കാരിൽ നിക്ഷിപ്തമാക്കാനുള്ള ബിൽ നിയമസഭയിൽ അവതരിപ്പിച്ചത്. നിലവിൽ ഗവർണറാണ് വൈസ് ചാൻസലർ നിയമനത്തിൽ തീരുമാനമെടുക്കുന്നത്. ഇത് പ്രായോഗികമായി വലിയ പ്രതിസന്ധികൾ ഉണ്ടാക്കുന്നുവെന്ന് മുഖ്യമന്ത്രി എം.കെ.സ്റ്റാലിൻ പറഞ്ഞു.

വൈസ് ചാൻസലറെ നിയമിക്കുന്നതിൽ സർക്കാരിന് അധികാരമില്ലാത്ത സാഹചര്യം ഉന്നത വിദ്യാഭ്യാസ രംഗത്തെ ബാധിക്കുമെന്ന് നിയമ നിർമ്മാണത്തെ അനുകൂലിച്ചുകൊണ്ട് തമിഴ്‌നാട് മുഖ്യമന്ത്രി എൻ.കെ.സ്റ്റാലിൻ പറഞ്ഞു. സംസ്ഥാന സർക്കാരുമായി കൂടിയാലോചിച്ച് ഗവർണർ വൈസ് ചാൻസലർമാരെ നിയമിക്കുന്നതാണ് കാലങ്ങളായുള്ള പതിവ്. എന്നാൽ, കഴിഞ്ഞ നാല് വർഷങ്ങളായി ഗവർണർ ഇത് തന്റെ സവിശേഷ അധികാരമായി കരുതുന്ന പ്രവണതയുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

പ്രധാനമന്ത്രിയുടെ സംസ്ഥാനമായ ഗുജറാത്തിൽ പോലും സംസ്ഥാന സർക്കാരിന്റെി സേർച്ച് കമ്മിറ്റി ശുപാർശ ചെയ്യുന്ന മൂന്ന് പേരിൽ ഒരാളെയാണ് വൈസ് ചാൻസലറായി നിയമിക്കുന്നത്. തെരഞ്ഞെടുക്കപ്പെട്ട സർക്കാരിനെ മറികടന്ന് ഗവർണർ പ്രത്യേക അധികാരം ഉപയോഗിക്കുന്നത് ജനാധിപത്യത്തെ അവമതിക്കലാണെന്നും സ്റ്റാലിൻ സഭയിൽ പറഞ്ഞു.

സർവകലാശാലകളുടെ ചാൻസലർ സ്ഥാനത്തുനിന്ന് ഗവർണർമാരെ നീക്കണമെന്ന് ശുപാർശ ചെയ്യുന്ന മുൻ ചീഫ് ജസ്റ്റിസ് മദൻ മോഹൻ പുഞ്ചി കമ്മീഷന്റെ കേന്ദ്ര സംസ്ഥാന ബന്ധങ്ങളെപ്പറ്റിയുള്ള റിപ്പോർട്ടും സ്റ്റാലിൻ ഉദ്ധരിച്ചു. ഗവർണർ ഊട്ടിയിൽ വിളിച്ചുചേർത്ത കേന്ദ്ര, സംസ്ഥാന, സ്വകാര്യ സർവകലാശാലകളിലെ വൈസ് ചാൻസലർമാരുടെ സമ്മേളനം പുരോഗമിക്കുന്നതിനിടയിലാണ് പുതിയ നീക്കം. അണ്ണാ ഡിഎംകെയും ബിജെപിയും ബില്ലിനെ എതിർത്തു.

സർവകലാശാലകളുടെ ചാൻസലർ എന്ന അധികാരം ഉപയോഗിച്ചാണ് ഊട്ടി രാജ്ഭവനിൽ ഗവർണർ വൈസ് ചാൻസലർമാരുടെ സമ്മേളനം വിളിച്ചത്. നീറ്റ് നിയമഭേദഗതി ബിൽ രാഷ്ട്രപതിക്ക് അയ്ക്കാതെ പിടിച്ചുവെച്ച നടപടിയെത്തുടർന്ന് ഗവർണറുമായി ഇടഞ്ഞുനിൽക്കുന്ന ഡി.എം.കെ. സർക്കാരുമായി കൂടിയാലോചിക്കാതെയാണ് സമ്മേളനം വിളിച്ചത്.

നീറ്റ് പരീക്ഷ ഒഴിവാക്കണം എന്നതടക്കം സംസ്ഥാന സർക്കാർ പാസാക്കിയ പത്ത് ബില്ലുകളെങ്കിലും ഗവർണർ രാഷ്ട്രപതിക്ക് അയക്കാത്തതിനാൽ രാജ്ഭവനിൽ കെട്ടിക്കിടപ്പുണ്ട്. ഇതിനിടെ സ്വന്തം അധികാരം വെട്ടിക്കുറയ്ക്കാൻ ശുപാർശ ചെയ്യുന്ന ബിൽ ഗവർണർ ആർ.എൻ.രവി രാഷ്ട്രപതിക്ക് കൈമാറുമോ എന്ന് കണ്ടറിയണം. കഴിഞ്ഞ ഒരാഴ്ചയായി ഗവർണർ പങ്കെടുക്കുന്ന പരിപാടികൾ സംസ്ഥാന മന്ത്രിമാർ ബഹിഷ്‌കരിക്കുകയാണ്. ഗവർണറുടെ പൊതു പരിപാടികളിൽ ഭരണസഖ്യത്തിന്റെ കരിങ്കൊടി പ്രതിഷേധവും തുടരുന്നു.