ചെന്നൈ: വർഷങ്ങൾക്ക് ശേഷം മുല്ലപ്പെരിയാർ അണക്കെട്ടിൽ വൈദ്യുതി പുനഃസ്ഥാപിച്ച് കേരളം. വൈദ്യുതി പുനഃസ്ഥാപിച്ചതിന് തമിഴ്‌നാട് സർക്കാർ കേരളത്തിന് നന്ദി അറിയിച്ചു. സംസ്ഥാനത്തിന്റെ ദീർഘനാളായുള്ള ആവശ്യമാണ് സാധിച്ചതെന്നും കേരള മുഖ്യമന്ത്രി പിണറായി വിജയന് നന്ദി അറിയിക്കുന്നതായും തമിഴ്‌നാട് മുഖ്യമന്ത്രി എടപ്പാടി പളനിസ്വാമി വ്യക്തമാക്കി.

19 വർഷങ്ങൾക്ക് ശേഷമാണ് മുല്ലപ്പെരിയാർ അണക്കെട്ടിൽ വൈദ്യുതി പുനഃസ്ഥാപിക്കുന്നത്. അണക്കെട്ടിന്റെ ഷട്ടറുകൾ ഉയർത്തുന്നതിന് 1980‑ൽ വനപാതയിലൂടെ മുല്ലപെരിയാറിലേയ്ക്ക് വൈദ്യുതി എത്തിച്ചിരുന്നു. വൈദ്യുതി കമ്പി പൊട്ടി വീണ് വന്യമൃഗങ്ങൾ ഷോക്കേറ്റ് ചാകുന്നത് പതിവായതോടെയാണ് 1999‑ൽ വൈദ്യുതി വിച്ഛേദിച്ചത്. 1.65 കോടി മുതൽ മുടക്കി 5.65 കിലോമീറ്റർ ഭൂഗർഭ കേബിൾ സ്ഥാപിച്ചാണ് ഇപ്പോൾ വൈദ്യുതി എത്തിക്കുന്നത്.