തൃശ്ശൂർ: ലോക്ക്ഡൗൺ മൂലം വിപണനത്തിന് ബുദ്ധിമുട്ടുന്ന കപ്പ കർഷകരിൽ നിന്നും കൃഷി വകുപ്പ് ഹോർട്ടികോർപ്പ് വഴി കപ്പ സംഭരിക്കുന്നു. അടിസ്ഥാന വില പദ്ധതി പ്രകാരം കർഷകർക്ക് കിലോഗ്രാമിന് 12 രൂപ ലഭ്യമാക്കിയാണ് കപ്പ സംഭരിക്കുന്നത്. കൃഷി വകുപ്പിന്റെ അടിസ്ഥാനവില പദ്ധതിയിൽ രജിസ്റ്റർ ചെയ്ത കർഷകരിൽ നിന്നാണ് ആദ്യ ഘട്ടത്തിൽ സംഭരണം നടത്തുന്നത്. അടിസ്ഥാന വില പദ്ധതിയിൽ രജിസ്റ്റർ ചെയ്ത കർഷകർ വിപണനത്തിനായി അതത് കൃഷി ഓഫിസർമാരുമായി ബന്ധപ്പെടേണ്ടതാണെന്നു പ്രിൻസിപ്പൽ കൃഷി ഓഫീസർ അറിയിച്ചു.

ഹോർട്ടികോർപ്പ്് മുഖേന കർഷകരിൽ നിന്നും കിലോഗ്രാമിന് 6 രൂപയ്ക്ക് സംഭരിക്കുന്ന കപ്പ ക്ഷീര വികസന വകുപ്പിന്റെ സഹകരണത്തോടെ ക്ഷീര സംഘങ്ങളിലൂടെ ക്ഷീര കർഷകർക്ക് കാലിത്തീറ്റയ്ക്കായി 7 രൂപയ്ക്ക് വിപണനവും നടത്തി വരുന്നു. കർഷകരിൽ നിന്നു സംഭരിക്കുന്ന കപ്പ വാട്ടി ഉണക്കി കൃഷി വകുപ്പിന് നൽകാൻ താൽപര്യമുള്ള ഡ്രയർ സംവിധാനമുള്ള വ്യക്തികളും, സ്ഥാപങ്ങളും 9037999891 എന്ന നമ്പരിൽ ബന്ധപ്പെടുക.