തിരുവനന്തപുരം: ഇന്ത്യയുടെ സ്വന്തം വൈദ്യുത എസ്യുവിയായ ടാറ്റാ മോട്ടോഴ്സിന്റെ നെക്സൺ ഇവിയെ മോട്ടോർ വെഹിക്കിൾ ഡിപ്പാർട്ട്മെന്റിനായി (എംവിഡി) 'സേഫ് കേരളം' പരിപാടിയുടെ ഭാഗമായി കേരള സർക്കാർ തിരഞ്ഞെടുത്തു. 65 നെക്സൺ വൈദ്യുത വാഹനങ്ങളുടെ നിര പദ്ധതിയെ ശക്തിപ്പെടുത്തുകയും ദിവസം മുഴുവനും സംസ്ഥാനത്തെ വാഹന ഗതാഗതം കാര്യക്ഷമമായി കൈകാര്യം ചെയ്യാനും നിയന്ത്രിക്കാനും സഹായിക്കുകയും ചെയ്യും. ഏജൻസി ഫോർ ന്യൂ ആൻഡ് റിന്യൂവബിൾ എനർജി റിസർച്ച് ആൻഡ് ടെക്നോളജി (അനെർട്ട്) വഴി എനർജി എഫിഷ്യൻസി സർവീസസ് ലിമിറ്റഡിൽ (ഇഇഎസ്എൽ) നിന്ന് എട്ടു വർഷത്തേക്ക് 65 നെക്സൺ വൈദ്യുത വാഹനങ്ങളാണ് കേരള മോട്ടോർ വാഹന വകുപ്പ് വാടകയ്ക്കെടുക്കുന്നത്. ആദ്യഘട്ടത്തിൽ തിരുവനന്തപുരത്ത് നടന്ന ചടങ്ങിൽ 45 നെക്സൺ വൈദ്യുത വാഹനങ്ങൾ കേരള എംവിഡിക്ക് കൈമാറി.

ട്രാഫിക് കുറ്റകൃത്യങ്ങൾ കുറയ്ക്കുന്നതിലൂടെയും ്രൈഡവർമാരുടെ ശരിയായ പരിശീലനം, സുരക്ഷിതമായ റോഡുകൾ, കാൽനടയാത്രക്കാർക്കിടയിൽ അവബോധം വളർത്തുക, വാഹന ഗതാഗതം ഫലപ്രദമായി കൈകാര്യം ചെയ്യുക തുടങ്ങിയ മാർഗങ്ങളിലൂടെ റോഡ് സുരക്ഷയുമായി ബന്ധപ്പെട്ട എല്ലാ വിഷയങ്ങളെയും അഭിമുഖീകരിക്കുന്നതിലൂടെയും റോഡ് സുരക്ഷയ്ക്ക് പ്രാധാന്യം നൽകിയുള്ള പരിപാടിയാണ് 'സേഫ് കേരള'. വാഹനഗതാഗതം കാര്യക്ഷമമാക്കുമെന്ന് ഉറപ്പാക്കുകയാണ് ഇതുവഴി.

പൊതുജന സുരക്ഷ ഉറപ്പാക്കുന്നതിന് നിരവധി നടപടികൾ നടപ്പാക്കുന്നതിൽ കേരള സർക്കാർ മുന്നിലാണെന്ന് ടാറ്റ മോട്ടോഴ്സ് പാസഞ്ചർ വെഹിക്കിൾ ബിസിനസ് യൂണിറ്റ് പ്രസിഡന്റ് ശൈലേഷ് ചന്ദ്ര പറഞ്ഞു. കേരള സർക്കാരിനു വേണ്ടി ഈ സംരംഭത്തിന് തുടക്കമിട്ട അനെർട്ടിന് നന്ദി പറയുന്നു. അവരുമായും എംവിഡിയുമായുമുള്ള ഫലപ്രദമായ പങ്കാളിത്തത്തെ വളരെ പ്രതീക്ഷയോടെയാണ് കാണുന്നത്. റോഡ് സുരക്ഷയ്ക്കായുള്ള സേഫ് കേരള പരിപാടിക്കായി നെക്സൺ ഇവിയെ തിരഞ്ഞെടുത്തതിൽ അഭിമാനമുണ്ട്. ഇന്ത്യയിൽ ഏറ്റവുമധികം വിൽക്കപ്പെടുന്ന വൈദ്യുത കാറായി നെക്സൺ ഇവി മാറിക്കഴിഞ്ഞു. വ്യക്തിഗത വൈദ്യുത വാഹന വിഭാഗത്തിൽ 63% വിപണി വിഹിതമാണുള്ളത്. ഈ ഓർഡറുകളിലൂടെ വിപണിയിലെ മേധാവിത്വം തുടരാനാകുമെന്ന പ്രതീക്ഷയാണുള്ളതെന്നും അദ്ദേഹം പറഞ്ഞു.

ഇന്ത്യയിലെ പ്രമുഖ വാഹന ബ്രാൻഡായ ടാറ്റ മോട്ടോഴ്സ് രാജ്യത്ത് വൈദ്യുത മൊബിലിറ്റിയെക്കുറിച്ച് അവബോധവും മുൻഗണനയും സൃഷ്ടിക്കുന്നതുമായി ബന്ധപ്പെട്ട ചർച്ചകൾക്ക് നേതൃത്വം നൽകുന്നു. ഏറ്റവും മികച്ച ഹരിത ഗതാഗത പരിഹാരങ്ങൾ അവതരിപ്പിക്കാനുള്ള ശ്രമങ്ങളുടെ ഭാഗമായി വിവിധ വൈദ്യുത, ഹൈബ്രിഡ് വാഹന സേവനങ്ങളുമായി സഹകരിച്ച് പ്രവർത്തിക്കുന്നു. ഒറ്റ ചാർജിംഗിൽ 312 കിലോമീറ്റർ ദൈർഘ്യമുള്ള ഉത്കണ്ഠരഹിതമായ യാത്ര ലഭ്യമാക്കുന്ന നെക്സൺ ഇവി ഏറെ പ്രതീക്ഷ നൽകുന്ന എസ് യു വിയാണ്. വായു മലിനീകരണവും ഇല്ല. കരുത്തുറ്റതും ഉയർന്ന കാര്യക്ഷമതയുമുള്ള 129 പിഎസ് പെർമനന്റ്-മാഗ്‌നെറ്റ് എസി മോട്ടോറിന് കരുത്തു പകരുന്നത് 30.2 kWh ലിഥിയം അയൺ ബാറ്ററിയാണ്.

ഐപി 67 മാനദണ്ഡങ്ങൾ പാലിക്കുന്ന വിപണിയിലെ ഏറ്റവും മികച്ച ഡസ്റ്റ് ആൻഡ് വാട്ടർപ്രൂഫ് ബാറ്ററി പായ്ക്ക് സഹിതമാണ് ഇവി എത്തുന്നത്. കൂടാതെ, വിദൂര കമാൻഡുകൾ, വെഹിക്കിൾ ട്രാക്കിങ്, ഡ്രൈവിങ് ബിഹേവിയർ അനലിറ്റിക്സ്, നാവിഗേഷൻ, വിദൂര ഡയഗ്നോസ്റ്റിക്സ് തുടങ്ങിയ 35 മൊബൈൽ അപ്ലിക്കേഷനുകൾ അടിസ്ഥാനമാക്കിയുള്ള കണക്റ്റഡ് ഫീച്ചറുകളും വാഹനത്തിലുണ്ട്. 1500 ലധികം നെക്സൺ വൈദ്യുത വാഹനങ്ങൾ ഇന്ത്യൻ റോഡുകളിൽ സഞ്ചരിക്കുന്ന സാഹചര്യത്തിൽ ഈ വൈദ്യുത എസ്യുവിയെ വിപണിയും ഉപഭോക്താക്കളും ഒരുപോലെ വിലമതിക്കുന്നു.