മുംബൈ: ഒരു സെഡാന്റെ പ്രീമിയം ആഡംബരങ്ങൾ. മറ്റു സൗകര്യങ്ങൾ നോക്കിയാൽ എല്ലാം തികഞ്ഞ ഒരു എസ് യു വി. ഒറ്റനോട്ടത്തിൽ ഇത്തരത്തിൽ ഒരു ക്രോസ് ഓവർ ആണ് ടാറ്റ നിരത്തിലിറക്കിയ പുതിയ വാഹനം ഹെക്‌സാ.

ഏറെക്കാലമായി വാഹനപ്രേമികൾ കാത്തിരിക്കുന്ന വാഹനം 11.99 ലക്ഷം രൂപമുതൽ വിവിധ വേർഷനുകളിൽ ലഭ്യമാണ്. 17.49 ലക്ഷം രൂപയുടെ 4x4 ട്രിം മോഡൽവരെ നീളുന്ന വിവിധ സൗകര്യങ്ങളോടെയുള്ള പതിപ്പുകൾ. ടാറ്റയിൽ നിന്ന് പ്രതീക്ഷിക്കുന്നതിലപ്പുറം ഒരു കരുത്തേറിയ വാഹനമാണ് ടെക്‌സയെന്നാണ് ആദ്യ വിലയിരുത്തലുകൾ.

1994ൽ സുമോ അവതരിപ്പിച്ച് രാജ്യത്തെ ഞെട്ടിച്ച ടാറ്റ വീണ്ടുമൊരിക്കൽ കൂടി തരംഗമാകാൻ ഒരുങ്ങുകയാണ് ഇന്ത്യൻ വാഹന വിപണിയിൽ. 2017ൽ വാഹനവിപണി കീഴടക്കി ടാറ്റയുടെ ഹെക്‌സായെന്ന ഉശിരൻ എസ് യു വി മുന്നേറുമോയെന്ന ചർച്ച പലരും തുടങ്ങിക്കഴിഞ്ഞു.

കഴിഞ്ഞവർഷം ഡൽഹിയിൽ നടന്ന ഓട്ടോ എക്‌സ്‌പോയിലാണ് ഈ ഗാംഭീര്യമുള്ള വാഹനം ടാറ്റ അവതരിപ്പിച്ചത്. എല്ലാ സീസണിനും അനുയോജ്യമായ വാഹനമെന്ന നിലയിൽ അന്നുതന്നെ ടെക്‌സ പലരുടേയും മനസ്സിൽ ചേക്കേറി. ടെക്‌സയുടെ ചില വിശേഷങ്ങൾ ഇങ്ങനെ.

പുറംപകിട്ടിൽ കിടിലോൽക്കിടിലം

മുമ്പ് ടാറ്റ പുറത്തിറക്കിയ ആര്യയുടെ ലുക്ക് ഒറ്റനോട്ടത്തിൽ തോന്നുമെങ്കിലും അതിൽ നിന്ന് മാറി നിരവധി സവിശേഷകതകളുണ്ട് പുറമെയ്‌ക്ക്. ടൊയോട്ടയുടെ ഇന്നോവ ക്രിസ്റ്റ, മഹീന്ദ്രയുടെ എക്‌സ് യു വി 500 എന്നിവയോടാണ് മത്സരിക്കേണ്ടതെന്ന് മനസ്സിൽ കണ്ടാണ് ഹെക്‌സയുടേയും രൂപകൽപന. ബാലൻസ് ചെയ്തുള്ള ഒരു സ്‌റ്റൈലാണ് നൽകിയിട്ടുള്ളത്. ടാറ്റയുടെ മുഖമുദ്രയായ തേനീച്ചക്കൂടിന്റെ രൂപത്തിൽ തന്നെയാണ് ഫ്രണ്ട് ഗ്രിൽ. ഇതൊടൊപ്പം ചുറ്റുമായി 'ക്രോം ഹ്യുമാനിറ്റി ഗ്രില്ലും' ഉണ്ട്. ഫോഗ് ലാമ്പിന് മുകളിലുമുണ്ട് ആകർഷണം കൂട്ടി ക്രോമിയം പുരികങ്ങൾ. സഫാരി സ്റ്റോമിൽ നിന്ന് പ്രചോദനമുൾക്കൊണ്ടതുപോലെയാണ് ബോണറ്റ് ലൈൻ. മുൻനിരയോട് ചേർന്നുപോകുന്ന പ്രൊജക്റ്റർ ഹെഡ് ലാമ്പുകളും കാണാം. പിൻവശത്തും ലൈറ്റുകളോട് ചേർന്ന് ഗ്രെ-സിൽവർ കഌഡിങ് ഉണ്ട്. ഏത് കോണിൽ നിന്നും നോക്കിയാലും ഒരു തലയെടുപ്പുള്ള വാഹനമാണ് ഹെക്‌സയെന്ന് നിസ്സംശയം പറയാം.

അടിപൊളി ഇന്റീരിയർ

ടാറ്റയുടെ വാഹനങ്ങളിലെ ഇന്റീരിയറിനെ പറ്റി ഇതുവരെ അത്ര നല്ല അഭിപ്രായമല്ല വാഹനപ്രേമികൾക്കുള്ളത്. എന്നാൽ ആ കുറവെല്ലാം നികത്തി നല്ലതു പറയിപ്പിക്കുമെന്ന് ഉറപ്പിച്ച് അത്രയും സൂക്ഷ്മതയോടെയാണ് ഹെക്‌സയുടെ ഇന്റീരിയർ തയ്യാറാക്കിയിട്ടുള്ള്ത. ആംബിയന്റ് മൂഡ് തരുന്ന ലൈറ്റിങ്, ഹാർമൻ പവേർഡ് ആയ കണക്ട് നെക്സ്റ്റ് ടച്ച് സ്‌ക്രീൻ, ജെബിഎൽ സ്പീക്കർ തരുന്ന സുഖം, ക്രൊം ലൈനിംഗോടെ കറുത്ത ഡാഷ്‌ബോർഡ്, ചുറ്റിനും എസി വെന്റുകൾ, കൺസോളുകൾ.. ഇങ്ങനെ ആരുകണ്ടാലും നോക്കിപ്പോകുന്ന ഇന്റീരിയർ. ആറു സീറ്റായും ഏഴുസീറ്റായും മാറ്റാനുള്ള സൗകര്യവും മത്സരിക്കുന്നവരെ പിന്നിലാക്കാനായി കൂടുതൽ നീളവും വീതിയും. ഇങ്ങനെ നിരവധി കാര്യങ്ങൾകൊണ്ട് മികച്ചതാണ് ഹെക്‌സ.

ആറ് എയർബാഗിന്റെ സുരക്ഷ

ആറ് എയർബാഗുകളുമായാണ് ഹെക്‌സയുടെ സുരക്ഷാ സംവിധാനം. മുന്നിലും വശങ്ങളിലുമുണ്ട് സുരക്ഷാ ക്രമീകരണം. സ്റ്റാൻഡേർഡ് ആന്റിലോക്ക് ബ്രേക്കിങ് സിസ്റ്റവും ഇലക്ട്രോണിക് ബ്രേക്ക് ഫോഴ്‌സ് ഡിസ്ട്രിബ്യൂഷൻ സിസ്റ്റവും കുത്തനെ കയറ്റം കയറാൻ ഹിൽറോഡ് അസിസ്റ്റും എല്ലാം ചേർന്ന് സുരക്ഷിതമായ ഡ്രൈവിങ് അനുഭവമാണ് ഹെക്‌സയുടെ വാഗ്ദാനം.

പവർഫുൾ ഹെക്‌സ

സ്റ്റോമിലേതുപോലെ 2.2. ലിറ്റർ ഡീസർ വെരികോർ എൻജിനാണ് ഹെക്‌സയിലും. പക്ഷേ, രണ്ടു പവർ ലെവലിൽ ട്യൂൺചെയ്താണ് ഇവിടെ അവതരിപ്പിക്കുന്നത്. 150 പിഎസ്-320 എൻഎം ടോർക്കും 156 പിഎസ്-400എൻഎം ടോർക്കും. ആറു സ്പീഡ് ഗിയർ സിസ്റ്റം. മാന്വലും ഓട്ടോയും വേരിയന്റുകൾ. ടൊയോട്ടയുടെ ക്രിസ്റ്റയോടും മഹീന്ദ്രയുടെ എക്‌സ് യു വിയോടും മത്സരിക്കുന്ന ഹെക്‌സയ്ക്ക് മത്സരം അൽപം കടുത്തതായിരിക്കുമെന്നാണ് വിപണിയിലെ വിലയിരുത്തൽ.

അതേസമയം, നിരത്തിലിറങ്ങുംമുമ്പുതന്നെ ആരാധകരെ ഉണ്ടാക്കാനായി എന്നത് നേട്ടമാകും. ഇന്നോവ ക്രിസ്റ്റയുടെ ബേസ് വിലയായ 14 ലക്ഷത്തിന് രണ്ടുലക്ഷം കുറച്ചാണ് ഹെക്‌സ മോഡലുകളുടെ വില തുടങ്ങുന്നത്. മഹീന്ദ്രയുടെ വാഹനത്തിനും ആരംഭവില 12.5 ലക്ഷമാണ്. വിലയിലെ ഈ വ്യത്യാസം കുറച്ചെങ്കിലും ഹെക്‌സയ്ക്ക് ഗുണകരമാകും.