ന്ത്യൻ കാർവിപണിയിൽ പുതിയ തരംഗമാകാൻ ടാറ്റ അവതരിപ്പിച്ചതാണ് സിക്കയെ. എന്നാൽ, കാർ വിപണിയിൽ ഇറങ്ങാനിരിക്കെ, ലാറ്റിനമേരിക്കയിൽ മരണതാണ്ഡവവുമായി മഹാരോഗം പിടിപെട്ടു. കഷ്ടകാലം അല്ലാതെന്ത് പറയാൻ? ആ രോഗത്തിനും പേര് സിക്ക. മരണത്തിന്റെ പര്യായമായി മാറി സിക്ക എന്ന പദം.

ഇതോടെ പ്രതിസന്ധിയിലായ ടാറ്റയ്ക്ക് ഒടുവിൽ കാറിന്റെ പേര് പരിഷ്‌കരിക്കേണ്ടിവന്നു. പുതിയ കാറിന് ടിയാഗോ എന്നായിരിക്കും പേരെന്ന് പ്രഖ്യാപിക്കേണ്ടിവന്നു. മൂന്നുപേരുകളാണ് സിക്കയ്ക്ക് പകരം ടാറ്റ പരിഗണിച്ചിരുന്നത്. അതിൽ ടിയാഗോയാണ് തിരഞ്ഞെടുക്കപ്പെട്ടത്.

സിവെറ്റ, അഡോർ എന്നിവയായിരുന്നു മറ്റു രണ്ടുപേരുകൾ. സോഷ്യൽ മീഡിയയിലൂടെയാണ് സീക്കയ്ക്ക് പകരമുള്ള പേര് ടാറ്റ തേടിയത്. 37,000-ത്തോളം പേരുകൾ നിർദ്ദേശിക്കപ്പെട്ടതിൽ നിന്നാണ് ടിയാഗോ അടക്കമുള്ള മൂന്നുപേരുകൾ തിരഞ്ഞെടുത്തത്. ഒടുവിൽ നറുക്ക് ടിയാഗോയ്ക്ക് വീഴുകയായിരുന്നു.

ടാറ്റ മോട്ടോഴ്‌സിന്റെ ബ്രാൻഡ് അംബാസിഡറായ അർജന്റീന ഫുട്‌ബോൾ താരം ലയണൽ മെസ്സിയുടെ മൂത്ത മകൻ തിയാഗോയുടെ പേരിൽനിന്നാണ് ടിയാഗോ എന്ന പദം സ്വീകരിച്ചതെന്ന അഭ്യൂഹവുമുണ്ട്. പേര് മാറ്റേണ്ടിവന്നതോടെ കാറിന്റെ രംഗപ്രവേശവും വൈകി. അടുത്ത മാസം അവസാനത്തോടെ ഹാച്ച്ബാക്ക് ഇനത്തിൽപ്പെട്ട കാർ നിരത്തിലിറങ്ങുമെന്നാണ് പ്രതീക്ഷിക്കുന്നത്.