മൂന്നാർ: പ്രിഥ്വിരാജ് നായകനായ മാണിക്യകല്ല് എന്ന സിനിമയെ വെല്ലുന്ന അദ്ധ്യാപക പോരാട്ടത്തിന്റെ കഥ. അതും മറ്റൊരു സിനിമയില്ലല്ല യഥാർത്ഥ ജീവിതത്തിൽ. ചിത്രത്തിൽ പ്രിഥ്വിരാജിന്റെ അദ്ധ്യാപക കഥാപാത്രത്തിന് നേടിയെടുക്കേണ്ടി വന്നത് നൂറുശതമാനം വിജയം മാത്രമാണെങ്കിൽ ഈ യഥാർത്ഥ സംഭവത്തിൽ ഇടമലക്കുടിയിലെ അദ്ധ്യാപകർക്ക് നേരിടേണ്ടി വന്നത് സമാനതകളില്ലാത്ത പ്രതിസന്ധിയാണ്.ഒടുവിൽ ഈ പ്രതിസന്ധികളെയൊക്കെ അതിജീവിച്ച് വിജയം കൈവരിച്ച് സ്‌കുളിന്റെ പടി ഇറങ്ങുകയാണ് അദ്ധ്യാപകർ.സിനിമയിൽ ഒരൊറ്റ അദ്ധ്യാപകനാണെങ്കിൽ ഇവിടെ രണ്ട് പേരാണെന്ന വ്യത്യാസം മാത്രം.

2014-ലാണ് ഈ കഥ തുടങ്ങുന്നത്. കഥാനായകരായ സുധീഷ് മാഷും, ഷിംലാൽ മാഷും ഇടമലക്കുടി ട്രൈബൽ യു.പി.സ്‌കൂളിൽ അദ്ധ്യാപകരായി എത്തുന്നത് ആ വർഷമാണ്. വാഹന സൗകര്യങ്ങളൊന്നുമില്ലാതിരുന്ന അക്കാലത്ത് പെട്ടിമുടിയിൽനിന്ന് 18 കിലോമീറ്റർ കൊടുംവനത്തിലൂടെ നടന്നാണ് ഇവർ സ്‌കൂളിലെത്തിയിരുന്നത്.എസ്.രാമസ്വാമി എന്ന വിദ്യാർത്ഥി മാത്രമായിരുന്നു അന്ന് സ്‌കൂളിൽ പഠിച്ചിരുന്നത്. ഏതുസമയത്തും തകർന്നുവീഴാവുന്ന സ്‌കൂൾ കെട്ടിടത്തിലായിരുന്നു താമസം.ഇവിടെ തുടങ്ങുകയാണ് ആരെയും അതിശയിപ്പിക്കുന്ന പോരാട്ടം.സ്‌കുളിൽ കുട്ടികൾ കുറഞ്ഞതിന്റെ കാരണം കണ്ടെത്തുകയായിരുന്നു ആദ്യപടി.

കുടികളിലെ കുട്ടികൾ ക്ലാസിൽ എത്താത്തത് സംബന്ധിച്ച് ഇരുവരും നടത്തിയ പഠനത്തിൽ കുട്ടികളുടെ മുതുവാൻ ഭാഷ അദ്ധ്യാപകർക്കും അദ്ധ്യാപകരുടെ ഭാഷയായ മലയാളം കുട്ടികൾക്കും മനസ്സിലാകാത്തതാണ് കാരണമെന്ന് കണ്ടെത്തി. ഇതേത്തുടർന്ന് 2014 ഡിസംബറിൽ ഇരുവരും മുതുവാൻ ഭാഷയെ മനസ്സിലാക്കാനായി ഓരോ കുടിയും സന്ദർശിച്ചു. കിട്ടിയ വാക്കുകൾ ക്ലാസ്സിൽ പ്രയോഗിച്ചുതുടങ്ങി. ഇതോടെ വിവരമറിഞ്ഞ് കൂടുതൽ കുട്ടികൾ എത്തിത്തുടങ്ങി. കുട്ടികളുടെ വരവ് വർധിച്ചതോടെ കൂടുതൽ മുതുവാൻ വാക്കുകൾ ശേഖരിച്ച് ആശയവിനിമയം നടത്തുകയും മൂന്നാം ക്ലാസിലെ പരിസരപഠനം എന്ന പുസ്തകത്തെ പൂർണമായി ഗോത്രഭാഷയിലേക്ക് മൊഴിമാറ്റം നടത്തുകയുംചെയ്തു.

ഇതിന് പിന്നാലെ ഇടമലക്കുടി ഗോത്ര പാഠാവലി ഇരുവരും ചേർന്ന് ഇറക്കി.2020-ൽ മാതൃഭാഷാ ദിനത്തിൽ സുധീഷ് ആദ്യമായി മുതുവാൻ ഭാഷയിലെ 2500 വാക്കുകൾ ഉപയോഗിച്ചുള്ള ആദ്യ മുതുവാൻ ഭാഷാനിഘണ്ടു പുറത്തിറക്കി. അദ്ധ്യാപകനായ ഷിംലാലിന്റെ സഹായത്തോടെയാണ് നിഘണ്ടു തയ്യാറാക്കിയത്. ഇതോടെ സ്‌കുളിലെ കുട്ടികളുടെ കുറവിന് കാര്യമായ പരിഹാരം ഉണ്ടായി.ഒരു കുട്ടിയുമായി അടച്ചുപൂട്ടലിന്റെ വക്കിൽനിന്ന് 139 കുട്ടികളെന്ന ചരിത്രനേട്ടത്തിലേക്കാണ് വിദ്യാലയം കുതിച്ചുയർന്നത്. ഈ നേട്ടം അത്ര എളുപ്പമായിരുന്നില്ല. കാരണം ഇവർക്ക് പോരാടേണ്ടിവന്നത് വന്യജീവികളുൾപ്പടെയുള്ള സമാനതകളില്ലാ പ്രതിസന്ധികളോടാണ്.സ്‌കുളിന്റെ മുന്നേറ്റത്തിന് കരുത്തായി സംസ്ഥാനത്തെ മികച്ച എൽ.പി.സ്‌കൂളിനുള്ള ഹരിതമുകുളം പുരസ്‌കാരം തുടർച്ചയായി രണ്ടുവർഷം സ്‌കൂളിനെ തേടിയെത്തി.

ഇടമലക്കുടിയിലെ ആദിവാസി മേഖലയിൽ അക്ഷരവെളിച്ചമെത്തിക്കുക എന്ന ദൗത്യം വിജയകരമായി പൂർത്തിയാക്കി ഏഴുവർഷത്തിന് ശേഷം ഇ ഇരട്ട അദ്ധ്യാപകർ വിദ്യാലയത്തിൽ നിന്നും പടിയിറങ്ങുകയാണ്. കോഴിക്കോട് മേപ്പയൂർ സ്വദേശികളാണ് വി.സുധീഷ്, ഡി.ആർ.ഷിം ലാലും.ഏഴുവർഷത്തെ സേവനത്തിനുശേഷം സ്ഥലംമാറ്റം വാങ്ങി സ്വദേശത്തേക്കാണ് ഇരുവരുടെയും യാത്ര. സുധീഷിന് കോഴിക്കോട് മലാപ്പറമ്പ് ഗവ.യു.പി.സ്‌കൂളിലേക്കും ഷിംലാലിന് കോഴിക്കോട് കൊയിലാണ്ടി ആൻദത്ത സർക്കാർ യു.പി.സ്‌കൂളിലേക്കുമാണ് സ്ഥലംമാറ്റം ലഭിച്ചത്. കുട്ടികളും രക്ഷിതാക്കളും ചേർന്ന് സ്‌നേഹോഷ്മളമായ യാത്രയയപ്പാണ് ഇരുവർക്കും നൽകിയത്.