കൊച്ചി: ചുരുളിയിലെ ഭാഷാപ്രയോഗത്തെ വെല്ലുന്ന തെറിപ്രയോഗവുമായി അദ്ധ്യാപകന്റെ തെറിപ്രയോഗം അതിരുവിട്ടപ്പോൾ ഒരു വിദ്യാർത്ഥി പകർത്തിയ ഓഡിയോയാണ് ഇപ്പോൾ പുറത്തായിരിക്കുന്നത്. സംഭവം വിവാദമായതോടെ പ്രത്യേക സാഹചര്യത്തിൽ സംഭവിച്ചതാ' എന്നുപറഞ്ഞ് അദ്ധ്യാപകൻ ഫോണും ഓഫ് ചെയ്ത് മുങ്ങിയിരിക്കുകയാണ്. തിരുവാങ്കുളത്തിനടുത്തു കേശവൻ പടിയിലുള്ള ട്യൂഷൻ സെന്റർ അദ്ധ്യാപകന്റെതാണ് ഓഡിയോ.

നോട്ട് എഴുതാതെ വന്ന വിദ്യാർത്ഥിയോടായിരുന്നു അദ്ധ്യാപകന്റെ കട്ടക്കലിപ്പ്. ചുരുളി സിനിമയെ വെല്ലുന്ന അസഭ്യ വാക്കുകളാണ് അദ്ധ്യാപകൻ എന്ന് അവകാശപ്പെടുന്ന ഇയാൾ പ്രയോഗിക്കുന്നത്. പ്രയോഗം അതിരുവിട്ടപ്പോഴാകാം വിദ്യാർത്ഥി ഇത് റെക്കോർഡ് ചെയ്തിട്ടുണ്ടാവുക. തെറിവിളിയിൽ തുടങ്ങുന്ന ഓഡിയോയിൽ വിദ്യാർത്ഥിയുടെ രാജ്യസ്‌നേഹത്തെപ്പോലും അദ്ധ്യാപകൻ ചോദ്യം ചെയ്യുന്നുണ്ട്.

ഓഡിയോ പ്രചരിച്ചതിനു പിന്നാലെ മനുഷ്യാവകാശ പ്രവർത്തകരിൽ ഒരാൾ അദ്ധ്യാപകനെ ഫോണിൽ വിളിച്ച് സംസാരിക്കുമ്പോൾ അസഭ്യ വാക്കുകൾ ഉപയോഗിച്ചതായി ഇയാൾ സമ്മതിക്കുന്നുണ്ട്.നിങ്ങൾ ഒരു അദ്ധ്യാപകനെ കുട്ടികൾക്ക് മാതൃകയാകേണ്ട നിങ്ങൾ ഇങ്ങനെ ചെയ്യാമോ എന്ന് ചോദിക്കുമ്പോൾ ഇനി ആവർത്തിക്കില്ലെന്നും ഒരു പ്രത്യേക സാഹചര്യത്തിൽ പറ്റിപ്പോയതാണെന്നും പറയുന്നുണ്ട്.കുട്ടികളുടെ പുസ്തകങ്ങൾ വാങ്ങി വലിച്ചു കീറുന്നതു പോലെയുള്ള പെരുമാറ്റങ്ങളും ഇയാളിൽനിന്ന് ഉണ്ടായിട്ടുണ്ടെന്നു പറയുന്നു. ഇക്കാര്യവും സമ്മതിക്കുന്നുണ്ട്.

ഒടുവിൽ മുന്നറിയിപ്പും നൽകിയാണ് മനുഷ്യാവകാശ പ്രവർത്തകൻ ഫോൺ കട്ട് ചെയ്യുന്നത്. അതേസമയം, ഇത് അദ്ദേഹത്തിന്റെ പതിവു പരിപാടിയാണെന്നു നേരത്തേ ഇവിടെ പഠിച്ചു പുറത്തിറങ്ങിയിട്ടുള്ള വിദ്യാർത്ഥികൾ പറയുന്നു. ഫിസിക്‌സ്, കെമിസ്ട്രി, കണക്ക് ക്ലാസുകളാണ് 'സാറിന്റെ മെയിൻ'. ഓഡിയോ പ്രചരിച്ചതിനു പിന്നാലെ അദ്ധ്യാപകൻ ഫോൺ ഓഫ് ചെയ്തു വച്ചിരിക്കുകയാണ്.