തിരുവനന്തപുരം: വാക്‌സിൻ എടുക്കാൻ വിമുഖത കാട്ടുന്ന അദ്ധ്യാപകർക്കും അനധ്യാപകർക്കും സാവകാശം നൽകാൻ വിദ്യാഭ്യാസ വകുപ്പിന്റെ തീരുമാനം. എന്തുകാരണം കൊണ്ടാണ് വാക്സിൻ എടുക്കാത്തത് എന്ന കാര്യം ബോധ്യപ്പെടുത്തണം. വിശദീകരണം നൽകുന്നത് പരിശോധിച്ച് സർക്കാരുമായി ആലോചിച്ച് തുടർനടപടി സ്വീകരിക്കുമെന്നും വിദ്യാഭ്യാസമന്ത്രി വി.ശിവൻ കുട്ടി മാധ്യമപ്രവർത്തകരോട് പറഞ്ഞു.

അദ്ധ്യാപകരും അനധ്യാപകരുമായി സംസ്ഥാനത്ത് അയ്യായിരത്തോളം പേർ വാക്സിനെടുക്കാത്തവരായി ഉണ്ട്. വാക്സിനെടുക്കാത്തവരെ സ്‌കൂളിൽ വന്ന് ക്ലാസ് എടുക്കാൻ അനുവദിക്കില്ല. അവർക്ക് ഓൺലൈൻ ക്ലാസ് തുടരാം. വാക്സിനെടുക്കാത്തവരെ ഒരുതരത്തിലും സർക്കാർ പ്രോത്സാഹിപ്പിക്കില്ലെന്നും മന്ത്രി പറഞ്ഞു.

സംസ്ഥാനത്ത് 47 ലക്ഷം വിദ്യാർത്ഥികളാണ് ഉള്ളത്. ഇവരുടെ സുരക്ഷയ്ക്കാണ് സർക്കാർ മുഖ്യപരിഗണന നൽകുന്നത്. സമൂഹത്തിന്റെ താത്പര്യം പരിഗണിക്കാൻ അദ്ധ്യാപകർ തയ്യാറാവണം. വാക്സിനെടുക്കാത്ത അദ്ധ്യാപകരുള്ള സകൂളുകളിലേക്ക് കുട്ടികളെ അയക്കുന്ന കാര്യത്തിൽ മാതാപിതാക്കൾക്ക് ആശങ്കയുണ്ട്. അതിനാൽ വാക്സിനെടുക്കാത്ത അദ്ധ്യാപകർ എത്രയും പെട്ടെന്ന് വാക്സിൻ എടുക്കാൻ തയ്യാറാവണമെന്നും മന്ത്രി ആവശ്യപ്പെട്ടു.

നിലവിൽ വാക്സിൻ എടുക്കാത്ത അദ്ധ്യാപകർക്ക് അവരുടെ ഭാഗം വിശദീകരിക്കാൻ സാവകാശം നൽകും. ഗുരുതര ആരോഗ്യപ്രശ്നങ്ങൾ അടക്കം എന്തു കാരണം കൊണ്ടാണ് വാക്സിൻ എടുക്കാത്തത് എന്നതിൽ വിശദീകരണം നൽകണം. ഇത് പരിശോധിച്ചതിന്റെ അടിസ്ഥാനത്തിൽ സർക്കാരുമായി ആലോചിച്ച് തുടർനടപടി സ്വീകരിക്കുമെന്നും മന്ത്രി പറഞ്ഞു.