ന്യൂഡൽഹി: സാമൂഹ്യപ്രവർത്തക തീസ്ത സെതൽവാദിനെതിരെ ആരോപണങ്ങളുമായി ഗുജറാത്ത് സർക്കാർ. ഗുജറാത്ത് സർക്കാരിനെ അപകീർത്തിപ്പെടുത്താൻ തീസ്ത 20 വർഷക്കാലത്തോളം ശ്രമം നടത്തിയെന്നാണ് സർക്കാരിന്റെ ആരോപണം. ഗുജറാത്ത് കലാപവുമായി ബന്ധപ്പെട്ട് സാകിയ ജഫ്രിയയുടെ ഹരജി സുപ്രീംകോടതി പരിഗണിക്കവേയാണ് സർക്കാറിന്റെ ആരോപണം.

സാകിയ ജാഫ്രിക്ക് അടുത്ത ബന്ധുക്കളെയും പ്രിയപ്പെട്ടവരെയും നഷ്ടപ്പെട്ടതിനാൽ തനിക്കെതിരെ ഒന്നും പറയാനില്ലെന്ന് ഗുജറാത്തിന് വേണ്ടി ഹാജരായ സോളിസിറ്റർ ജനറൽ തുഷാർ മേത്ത ജസ്റ്റിസ് എ.എം. ഖാൻവിൽക്കർ അധ്യക്ഷനായ ബെഞ്ചിനോട് പറഞ്ഞു. എന്നാൽ ഒരു വിധവയുടെ ദുരിതങ്ങളുടെ പേരിൽ 'മുതലെടുപ്പ്' നടത്തുന്നതിന് പരിധിയുണ്ടെന്നും മേത്ത പറഞ്ഞു.

കലാപത്തിനിടെ വലിയ ഗൂഢാലോചന നടത്തിയെന്ന ആരോപണം സാകിയ ജാഫ്രി നൽകിയ ഹരജിയിലെ രണ്ടാം നമ്പർ ഹരജിക്കാരിയായ തീസ്തയാണ് ഉണ്ടാക്കുന്നതെന്നാണ് പ്രത്യേക അന്വേഷണ സംഘത്തിന് (എസ്‌ഐ.ടി) വേണ്ടി ഹാജരായ മുതിർന്ന അഭിഭാഷകൻ മുകുൾ റോത്തഗി സുപ്രീം കോടതിയിൽ വാദിച്ചു.

ഏതാണ്ട് 20 വർഷമായി ഒരു സംസ്ഥാനത്തെ മുഴുവൻ അപകീർത്തിപ്പെടുത്താൻ തീസ്ത ഒരു വലിയ ഗൂഢാലോചന നടത്തുന്നുവെന്നാണ് തനിക്ക് പറയാനുള്ളതെന്നാണ് ജസ്റ്റിസുമാരായ ദിനേഷ് മഹേശ്വരിയും സി.ടി. രവികുമാറും അടങ്ങുന്ന ബെഞ്ചിനോട് മേത്ത പറഞ്ഞത്. ഗുജറാത്ത് കലാപത്തിന് ഇരയായവർക്കുവേണ്ടിയുള്ള പ്രവർത്തനങ്ങളിൽ മുന്നിൽ നിന്ന ആളാണ് തീസ്ത.