കൊച്ചി: ഡ്യൂട്ടിയിലുണ്ടായിരുന്ന വനിതാ ഡോക്ടറെ അസഭ്യം പറഞ്ഞ കേസിൽ മൂന്ന് യുവാക്കൾ അറസ്റ്റിൽ. തോപ്പുംപടി സ്വദേശി വി ഡബ്ല്യു ജിൻസൻ(23), ബീച്ച് റോഡ് മിഷേൽ ക്ലീറ്റസ്(18), മൂലങ്കുഴു ജിബിൻ ജോസഫ്(21) എന്നിവരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്.

കഴിഞ്ഞ ദിവസം മട്ടാഞ്ചേരി കരുവേലിപ്പടി മഹാരാജാസ് സർക്കാർ ആശുപത്രിയിലാണ് സംഭവം. വനിതാ ഡോക്ടറെ അസഭ്യം പറയുകയും ആശുപത്രിയിൽ ഭീകരാന്തരീക്ഷം സൃഷ്ടിക്കുകയും ചെയ്ത സംഭവത്തിലാണ് പൊലീസ് നടപടി. കഴിഞ്ഞ ദിവസം രാത്രി കൂട്ടത്തിലൊരാൾക്ക് പരിക്കേറ്റതിനെ തുടർന്ന് സംഘം ആശുപത്രിയിലെത്തി.

പുലർച്ചെ ഒരുമണിയോടെയാണ് എത്തിയത്. മുറിവ് തുന്നിക്കെട്ടുന്നതിന് പുരികം വടിച്ച് കളയണമെന്ന് ഡോക്ടർ പറഞ്ഞത് ഇവരെ പ്രകോപിപ്പിച്ചു. പുരികം വടിക്കാതെ മുറിവ് തുന്നിക്കെട്ടാൻ ഇവർ ആവശ്യപ്പെട്ടെങ്കിലും ഡോക്ടർ സമ്മതിച്ചില്ല. ഇതോടെ ഇവർ ഡോക്ടറെ അസഭ്യം പറയുകയും ആശുപത്രിയിൽ ഭീകരാന്തരീക്ഷം സൃഷ്ടിക്കുകയും ചെയ്‌തെന്നാണ് പരാതി.