കോഴിക്കോട്: കാമുകിയോട് സംസാരിക്കാൻ അർദ്ധരാത്രിയിൽ പുറത്തിറങ്ങിയ കൗമാരക്കാരൻ പൊലീസിന്റെ പിടിയിൽ. ലോക്ഡൗൺ നിയന്ത്രണങ്ങൾ നിലനിൽക്കെ കോഴിക്കോട് ബീച്ച് റോഡിൽനിന്നാണ് ഫോണുമായി കാമുകൻ പിടിയിലായത്.

നിക്കറും ബനിയനും ധരിച്ചു നിൽക്കുകയായിരുന്ന 12ാം ക്ലാസുകാരനെ കള്ളനാണെന്ന് കരുതിയാണ് പൊലീസ് പിടികൂടിയത്. എന്നാൽ ചോദ്യം ചെയ്യലിൽ പൊലീസിന് കാര്യം മനസിലായി. കാമുകിയോട് സംസാരിക്കാനാണ് കൗമാരക്കാരൻ വീടുവിട്ടിറങ്ങിയതെന്ന്.

രാത്രി 12ന് കുട്ടിയെ റോഡിൽ കണ്ട പട്രോളിങ് പൊലീസ് പിടികൂടി ചോദ്യം ചെയ്തപ്പോഴാണ് കാമുകന്റെ മനസ് പൊലീസ് വായിച്ചെടുത്തത്. ചോദ്യം ചെയ്യലിൽ തന്റെ വിഷമം കുട്ടി പൊലീസിനെ അറിയിച്ചു.

'വീട്ടിൽ രണ്ട് മുറിയുണ്ട്. ഒന്നിൽ അച്ഛനും അമ്മയും മറ്റേതിൽ ഞാനും അനിയനും കിടക്കും. എന്നാൽ രാത്രി തന്റെ കാമുകിയോട് സംസാരിക്കാൻ അനിയനുള്ളപ്പോൾ സാധിക്കില്ല'.

വീണ്ടും കാരണം തിരക്കിയപ്പോൾ 'എനിക്കും ഇല്ലേ സാറേ സ്വകാര്യത' എന്നായി കാമുകന്റെ മറുചോദ്യം. രാത്രി ആരും ശല്യം ചെയ്യാനില്ലാത്ത സ്ഥലം നോക്കി നടക്കുന്നതിനിടെയാണ് പൊലീസ് വില്ലനായി എത്തിയത്.

വീട്ടുകാരെ വിളിച്ചുവരുത്തി കുട്ടിയെ കയ്യോടെ രക്ഷിതാക്കളെ ഏൽപ്പിച്ചു. പ്രദേശത്തുനിന്ന് മുൻപും പൊലീസ് ഇത്തരത്തിൽ രാത്രി സമയത്ത് കുട്ടികളെ പിടികൂടിയിരുന്നു.

ഇതിന് മുമ്പ് ഒരു ദിവസം പിടിയിലായ പയ്യൻ ലഹരി ഉപയോഗിക്കില്ല. മറിച്ച് ലഹരിയുടെ കാരിയർ ആയി പ്രവർത്തിക്കുകയാണ്. ഇതിലൂടെ വലിയ തുക പ്രതിഫലമായി കിട്ടും. ഈ തുക ഉപയോഗിച്ച് ബൈക്ക് വാങ്ങണം ഇതായിരുന്നു ആഗ്രഹം.

ആർക്കു വേണ്ടിയിട്ടാണെന്നും ആര് നൽകിയിട്ടാണ് വന്നതെന്നും പൊലീസ് ചോദ്യം ചെയ്യലിൽ കുട്ടി വ്യക്തമാക്കി. സംഭവത്തിൽ കൂടുതൽ അന്വേഷണം നടക്കുന്നു.

രാത്രിയിൽ അനാവശ്യമായി പുറത്തിറങ്ങുന്ന കുട്ടികൾ സഞ്ചരിക്കുന്ന വാഹനം പിടിച്ചെടുക്കുകയും രക്ഷിതാക്കളെ വിളിച്ചുവരുത്തി പിഴ ഈടാക്കുകയും ചെയ്യുന്നുണ്ട്. ലോക്ഡൗൺ അവസാനിച്ചതിനു ശേഷം മാത്രമേ വാഹനം വിട്ടുകൊടുക്കൂ.