തിരുവനന്തപുരം: വിവിധ ജില്ലകളിൽ ഉയർന്ന താപനില സാധാരണയിൽ നിന്ന് രണ്ട് മുതൽ മൂന്ന് ഡിഗ്രി സെൽഷ്യസ് വരെ ഉയരാൻ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. കൊല്ലം, ആലപ്പുഴ, കോട്ടയം, തൃശൂർ, കോഴിക്കോട്, കണ്ണൂർ ജില്ലകളിലാണ് തിങ്കളാഴ്ച് താപനില ഉയരാൻ സാധ്യത.

ഉഷ്ണതരംഗ ജാഗ്രത മുന്നറിയിപ്പിന്റെ സാഹചര്യത്തിൽ സംസ്ഥാന ദുരന്ത നിവാരണ അഥോറിറ്റി പൊതുജനങ്ങൾക്കായി ജാഗ്രതാ നിർദ്ദേശം പുറപ്പെടുവിച്ചു. പൊതുജനങ്ങൾ കാലാവസ്ഥ വകുപ്പിന്റെയും ദുരന്ത നിവാരണ അഥോറിറ്റിയുടെയും ഔദ്യോഗിക മുന്നറിയിപ്പുകൾ ശ്രദ്ധിക്കുകയും അനുസരിക്കുകയും ചെയ്യണമെന്നും നിർദ്ദേശത്തിൽ പറയുന്നു.

അതിനിടെ, കോഴിക്കോട് തൊഴിലുറപ്പ് ജോലിക്കിടെ തൊഴിലാളിക്ക് സൂര്യാതപം ഏറ്റു. തിരുവള്ളൂർ ഗ്രാമപഞ്ചായത്ത് ഒന്നാം വാർഡ് വള്ള്യാട് കടുങ്ങാണ്ടിയിൽ അജിതയുടെ മുഖത്തും ചെവിയുടെ അടുത്തുമാണ് പൊള്ളലേറ്റത്. വള്ള്യാട് മഴുക്കൽ താഴ പറമ്പിലായിരുന്നു ഇവർ ജോലി ചെയ്തിരുന്നത്.

ജനങ്ങൾ പാലിക്കേണ്ട പൊതുജാഗ്രത നിർദ്ദേശങ്ങൾ

1. കാലാവസ്ഥ വകുപ്പിന്റെയും ദുരന്ത നിവാരണ അഥോറിറ്റിയുടെയും ഔദ്യോഗിക മുന്നറിയിപ്പുകൾ ശ്രദ്ധിക്കുകയും അനുസരിക്കുകയും ചെയ്യുക.

2. പൊതുജനങ്ങൾ 11 മുതൽ 3 വരെയുള്ള സമയമെങ്കിലും നേരിട്ട് സൂര്യപ്രകാശം എൽക്കുന്നത് ഒഴിവാക്കുക.

3. നിർജലീകരണം തടയാൻ കുടിവെള്ളം എപ്പോഴും ഒരു ചെറിയ കുപ്പിയിൽ കയ്യിൽ കരുതുക.

4. പരമാവധി ശുദ്ധജലം കുടിക്കുക. ദാഹമില്ലെങ്കിലും വെള്ളം കുടിക്കുന്നത് തുടരുക. മദ്യം, കാപ്പി, ചായ എന്നീ പാനീയങ്ങൾ പകൽ സമയത്ത് ഒഴിവാക്കുക.

5. അയഞ്ഞ, ഇളംനിറത്തിലുള്ള പരുത്തി വസ്ത്രങ്ങൾ ധരിക്കുക.

6. വിദ്യാർത്ഥികളുടെ പരീക്ഷാക്കാലമായതിനാൽ സ്‌കൂൾ അധികൃതരും രക്ഷിതാക്കളും പ്രത്യേകശ്രദ്ധ പുലർത്തേണ്ടതാണ്. കുട്ടികളെ അവധി പ്രമാണിച്ച് വിനോദസഞ്ചാരത്തിന് കൊണ്ടുപോകുന്ന സ്‌കൂളുകൾ 11 മുതൽ 3 വരെ കുട്ടികൾക്ക് നേരിട്ട് ചൂട് ഏൽക്കുന്നില്ല എന്ന് ഉറപ്പ് വരുത്തുക.

7. അങ്കണവാടികളിൽ കുട്ടികൾക്ക് ചൂട് ഏൽക്കാത്ത തരത്തിലുള്ള സംവിധാനം നടപ്പാക്കാൻ അതത് പഞ്ചായത്ത് അധികൃതരും ജീവനക്കാരും പ്രത്യേകം ശ്രദ്ധിക്കണം.

8. പ്രായമായവർ, ഗർഭിണികൾ, കുട്ടികൾ, മറ്റ് രോഗങ്ങൾ മൂലമുള്ള അവശത അനുഭവിക്കുന്നവർ തുടങ്ങിയ വിഭാഗങ്ങൾ പകൽ 11 മുതൽ 3 മണി വരെ നേരിട്ട് സൂര്യപ്രകാശം ഏൽക്കാതെയിരിക്കാൻ ശ്രദ്ധിക്കണം. ഇത്തരം വിഭാഗങ്ങൾക്ക് എളുപ്പത്തിൽ സൂര്യാഘാതം ഏൽക്കാനുള്ള സാധ്യതയുള്ളതിനാൽ പ്രത്യേകശ്രദ്ധ വേണം.

9. വേനൽക്കാലത്ത് താപനില ക്രമാതീതമായി ഉയരുന്ന സാഹചര്യത്തിൽ ലേബർ കമ്മിഷണർ തൊഴിൽസമയം പുനഃക്രമീകരിച്ച് ഉത്തരവിടും. അതിനനുസരിച്ച് തൊഴിൽ ദാതാക്കളും തൊഴിലാളികളും സഹകരിക്കണം.

10. ഇരുചക്ര വാഹനങ്ങളിൽ ഓൺലൈൻ ഭക്ഷണ വിതരണം നടത്തുന്നവർ ഉച്ച സമയത്തു സുരക്ഷിതരാണെന്ന് അതത് സ്ഥാപനങ്ങൾ ഉറപ്പുവരുത്തേണ്ടതാണ് . അവർക്കു ചൂട് ഏൽക്കാതിരിക്കാൻ ഉതകുന്ന രീതിയിലുള്ള വസ്ത്രധാരണം നടത്താൻ നിർദ്ദേശം നൽകുകയും ആവശ്യമെങ്കിൽ യാത്രക്കിടയിൽ വിശ്രമിക്കാനുള്ള അനുവാദം നൽകുകയും ചെയ്യേണ്ടതാണ്.

11. മാധ്യമപ്രവർത്തകരും പൊലീസ് ഉദ്യോഗസ്ഥരും കുടകൾ ഉപയോഗിക്കുകയും നേരിട്ട് വെയിൽ ഏൽക്കാതിരിക്കാൻ ശ്രദ്ധിക്കുകയും ചെയ്യുക. ജോലിയിൽ ഏർപ്പെട്ടിരിക്കുന്ന പൊലീസുകാർക്ക് സുമനസ്‌കർ കുടിവെള്ളം നൽകി നിർജലീകരണം തടയാൻ സഹായിക്കുക.

12. യാത്രയിലേർപ്പെടുന്നവർ ആവശ്യമായ വിശ്രമത്തോടെ യാത്ര തുടരുന്നതാകും നല്ലത്. വെള്ളം കയ്യിൽ കരുതുക.

13. കാഠിന്യമുള്ള ജോലികളിൽ ഏർപ്പെടുന്നവർ ജോലി സമയം ക്രമീകരിക്കുക.

14. മൃഗങ്ങൾക്കും പക്ഷികൾക്കും ശുദ്ധജല ലഭ്യത ഉറപ്പാക്കുക.

15. പഴങ്ങളും പച്ചക്കറികളും ധാരാളമായി കഴിക്കുക.

16. പുറത്തിറങ്ങുമ്പോൾ പാദരക്ഷകൾ ധരിക്കുക.

17. പാർക്ക് ചെയ്ത വാഹനങ്ങളിൽ കുട്ടികളെയോ വളർത്തുമൃഗങ്ങളെയോ ഇരുത്തി പോകാൻ പാടില്ല.

18. തെറ്റായ വാർത്തകൾ പ്രചരിപ്പിക്കാതിരിക്കുക. ആകാശവാണിയിലൂടെയും മുഖ്യധാര മാധ്യമങ്ങളിലൂടെയും വരുന്ന ഔദ്യോഗിക സന്ദേശങ്ങൾ പാലിക്കുകയും പ്രചരിപ്പിക്കുകയും ചെയ്യുക.

19. അസ്വസ്ഥകൾ അനുഭവപ്പെട്ടാൽ ഉടനെ വിശ്രമിക്കുകയും വൈദ്യസഹായം തേടുകയും ചെയ്യുക.