മൂന്നാർ: വിനോദ സ‍ഞ്ചാരികളുടെ ഇഷ്ട ഇടങ്ങളിലൊന്നാണ് മൂന്നാർ. ​ദൈവത്തിന്റെ സ്വന്തം നാട്ടിലെ കശ്മീർ എന്നറിയപ്പെടുന്ന മൂന്നാറിൽ ഇപ്പോൾ തണുപ്പ് മൈനസിലും താഴെയാണ്. മരംകോച്ചുന്ന തണുപ്പിൽ മഞ്ഞുവീഴ്‌ച്ചയുടെ പശ്ചാത്തലത്തിൽ പ്രകൃതിഭം​ഗി ആസ്വദിക്കാൻ നിരവധി പേരാണ് മൂന്നാറിലേക്ക് എത്തുന്നത്. സാധാരണയായി ഡിസംബർ, ജനുവരി മാസങ്ങളിലാണ് കുറഞ്ഞ താപനില പൂജ്യത്തിൽ താഴെ എത്തിയിരുന്നതെങ്കിൽ ഇക്കുറി ഫെബ്രുവരിയിലും മൂന്നാർ മഞ്ഞണിഞ്ഞ് നിൽക്കുകയാണ്. മൂന്നാറിലെ പെരിയവരൈ, ദേവികുളം, മാട്ടുപെട്ടി മേഖലകളിൽ മഞ്ഞുവീഴ്‌ച്ച ശക്തമാണ്.

വിശാലമായ തേയിലത്തോട്ടങ്ങൾ, മനോഹരമായ ചെറു പട്ടണങ്ങൾ, വളഞ്ഞുയർന്നും താഴ്ന്നും പോവുന്ന പാതകൾ, അവധി ആഘോഷത്തിന് യോജിച്ച സൗകര്യങ്ങൾ എന്നിങ്ങനെ മൂന്നാർ ഇന്ന് ഏറെ ജനകീയമായ വിനോദ സഞ്ചാര കേന്ദ്രമാണ്. പുൽമേടുകളും, ഷോലക്കാടുകളും തേയിലത്തോട്ടങ്ങളുമാണ് മൂന്നാറിന്റെ പ്രകൃതിഭംഗി ഒരുക്കുന്നത്. പന്ത്രണ്ട് വർഷത്തിലൊരിക്കൽ പൂക്കുന്ന നീലക്കുറിഞ്ഞി ഷോലക്കാടുകളിലും, പുൽമേടുകളിലും നീല നിറം പകരും. 2018-ലായിരുന്നു അവസാനമായി നീലക്കുറിഞ്ഞി പൂത്തത്. ഇനി 2030-ൽ ഈ കുറിഞ്ഞി പുഷ്പിക്കൽ കാണാം. തെക്കേയിന്ത്യയിലെ ഏറ്റവും ഉയർന്ന കൊടുമുടിയായ ആനമുടി, 2695 മീറ്റർ, മൂന്നാറിനടുത്താണ്. ഈ മേഖല സാഹസിക നടത്തത്തിന്‌ യോജിച്ചതാണ്.

ടീ മ്യൂസിയം

തേയില തോട്ടങ്ങളുടെ ആരംഭവും വളർച്ചയും മൂന്നാറിന്റെ ചരിത്രം കൂടെയാണ്. മൂന്നാറിന്റെ ഈ പ്രാധാന്യം കണക്കിലെടുത്ത് ടാറ്റാ ടീയാണ് തോട്ടങ്ങളുടെ ഉദ്ഭവവും വളർച്ചയും രേഖപ്പെടുത്തുന്ന ടീ മ്യൂസിയം ആരംഭിച്ചത്. മൂന്നാറിലെ ടാറ്റാ ടീയുടെ നല്ലതണ്ണി എസ്റ്റേറ്റിലാണ് ഈ മ്യൂസിയം. ആദ്യകാലത്ത് സമയമളക്കാൻ ഉപയോഗിച്ചിരുന്ന നിഴലളക്കുന്ന സൂര്യഘടികാരം (സൺഡയൽ) ഇവിടെ പ്രദർശിപ്പിച്ചിട്ടുണ്ട്.

മൂന്നാറിൽ ഏറ്റവും അധികം സഞ്ചാരികളെത്തുന്ന മാട്ടുപെട്ടിയിൽ ഇക്കോ പോയിന്റ്, ബോട്ടിങ് എന്നിവയാണ് പ്രധാന ആകർഷണം. മാട്ടുപെട്ടിയിലെ പുൽമേട്ടിൽ കൂട്ടത്തോടെ എത്തുന്ന കാട്ടാനകളാണ് ഇവിടുത്തെ പ്രധാന കാഴ്ച. കൊമ്പന്മാർ മുതൽ കുട്ടിയാനകൾ വരെ കാണും. കൊളുക്കുമലയാണു മൂന്നാറിലെ മറ്റൊരു പ്രധാന വിനോദ സഞ്ചാര കേന്ദ്രം. കൊളുക്കുമലയിലെ സൂര്യോദയം കാണാനാണു സഞ്ചാരികൾ ഇവിടെയെത്തുന്നത്. രാ‍ജമലയിലാണ് ഇരവികുളം ദേശീയോദ്യാനം സ്ഥിതി ചെയ്യുന്നത്. വരയാടുകളുടേയും 12 വർഷത്തിൽ ഒരിക്കൽ മാത്രം പൂക്കുന്ന നീലകുറിഞ്ഞി പൂക്കളുടെയും മല. വംശനാശ ഭീഷണി നേരിടുന്ന വരയാടുകൾ ഏറ്റവും കൂടുതലുള്ളത് രാജമലയിലാണ്.

മൂന്നാർ ചുറ്റിക്കാണിക്കാൻ കുറഞ്ഞ ചെലവിൽ കെഎസ്ആർടിസി

250 രൂപക്ക് മൂന്നാർ ചുറ്റിക്കറങ്ങി രാത്രി അവിടെ തന്നെ തങ്ങണമെങ്കിൽ അതിനുള്ള സൗകര്യവും കെഎസ്ആർടിസി ഒരുക്കിയിട്ടുണ്ട്. അതാകട്ടെ വെറും 100 രൂപയ്ക്ക്. മൂന്നാർ കെഎസ്ആർടിസി സ്റ്റാൻഡിൽ നിന്നും രാവിലെ ഒൻപതിന്‌ പുറപ്പെടുന്ന സർവീസ് ടോപ്പ് സ്റ്റേഷൻ, കുണ്ടള ഡാം, എക്കോ പോയിന്റ്, ടീ മ്യൂസിയം, മാട്ടുപെട്ടി, ബോട്ടാണിക്കൽ ഫ്ലവർ ഗാർഡൻ എന്നിവിടങ്ങളിൽ സഞ്ചാരികളെ കൊണ്ട് പോയി തിരികെ മൂന്നാർ കെഎസ്ആർടിസി സ്റ്റേഷനിൽ എത്തിക്കും. ഓരോ പോയിന്റുകളിലും ഒരു മണിക്കൂർ വരെ ചുറ്റിക്കണ്ട് ചെലവഴിക്കാനും ഫോട്ടോ എടുക്കാനുമുള്ള സമയം ഉണ്ടെന്നതാണ് ഇതിന്റെ മറ്റൊരു പ്രത്യേകത. കൂടാതെ കുണ്ടള ഡാമിൽ ബോട്ടിങ് നടത്താനും സാധിക്കും. ഭക്ഷണം കഴിക്കുന്നതിന് ഉൾപ്പെടെയുള്ള സൗകര്യം കെഎസ്ആർടിസി ഏർപ്പെടുത്തിയിട്ടുണ്ട്. ഇതിനുള്ള തുക നമ്മൾ പ്രത്യേകം കൊടുക്കണമെന്ന് മാത്രം. വൈകുന്നേരം അഞ്ചരയോടെയാണ് തിരികെ എത്തുക. ഏകദേശം 80 കിലോ മീറ്ററോളം ദൂരം സഞ്ചരിക്കുന്നതിന് ഒരാളിൽ നിന്ന് വെറും 250 രൂപ മാത്രമാണ് ടിക്കറ്റ് നിരക്ക്.

മൂന്നാറിലെത്തുന്ന വിനോദസഞ്ചാരികൾക്ക് താമസത്തിനായി മൂന്ന് എസി ബസുകളാണ് കെഎസ്ആർടിസി സജ്ജമാക്കിയിരിക്കുന്നത്. ഓരോന്നിലും 16 കിടക്കകൾ വീതമാണുള്ളത്. സന്ദർശകർക്ക് ദിവസവാടകയ്ക്ക് ആണ് ബസ് നൽകുന്നത്. ഒരു സീറ്റിന് 100 രൂപയാണ് ഈടാക്കുന്നത്. തണുപ്പിൽ കമ്പിളി പുതച്ച് ഉറങ്ങണമെങ്കിൽ 50 രൂപ അധികം തുക നൽകണം. കൂടാതെ ഒരു ടീമിന് മൊത്തമായോ, ഒന്നോ രണ്ടോ പേർക്ക് മാത്രമായോ 1600 രൂപ നൽകി ബസ് ബുക്ക് ചെയ്ത് താമസിക്കാവുന്നതാണ്.

ഡിപ്പോയിൽത്തന്നെ‌യാണ് രാത്രി ബസുകൾ നിർത്തിയിടുന്നത്. താമസക്കാർക്ക് ഡിപ്പോയിലെ ശുചിമുറികൾ ഉപയോഗിക്കാം. സമീപത്ത് ഭക്ഷണശാലകളും ഉണ്ട്. നവംബർ 14 മുതലാണ് ബസിലെ സ്ലീപ്പർ കോച്ച് താമസസൗകര്യം ആരംഭിച്ചത്. തുടക്കത്തിൽ രണ്ട് ബസുകളിലായിരുന്നു ഈ സൗകര്യം. മിക്കവാറും ദിവസങ്ങളിലും ഇരുബസുകളും ഫുൾ ആയതോടെയാണ് മൂന്നാമതൊരു ബസ് കൂടി തുടങ്ങിയത്. മൂന്നാർ ഡിപ്പോയിലെ കൗണ്ടറിൽ ബുക്ക് ചെയ്തു പണം അടച്ച് വൈകിട്ട് അഞ്ചിന് ബസിൽ പ്രവേശിക്കാം.

ഇരവികുളം ദേശീയോദ്യാനം

ഇരവികുളം ദേശീയോദ്യാനം മൂന്നാറിനടുത്തു സഞ്ചാരികളെ ആകർഷിക്കുന്ന ഏറ്റവും പ്രധാന കേന്ദ്രമാണ്. വംശനാശം നേരിടുന്ന വരയാടിനെ സംരക്ഷിക്കാനുള്ള പ്രത്യേക സംരക്ഷിത മേഖലയാണിത്. 97 ചതുരശ്ര കിലോമീറ്റർ വിസ്തൃതിയുണ്ട് ഈ സംരക്ഷിത വനമേഖലയ്ക്ക്. പന്ത്രണ്ടു വർഷത്തിലൊരിക്കൽ പൂക്കുന്ന നീലക്കുറിഞ്ഞിയുടെ പുഷ്പിക്കൽ സമയത്ത് ഇരവികുളം ദേശീയോദ്യാനത്തിലേക്കുള്ള സന്ദർശക പ്രവാഹം പത്തിരട്ടിയാവും.

ആനമുടി

ഇരവികുളം ദേശീയോദ്യാനത്തിന് ഉള്ളിലാണ് പശ്ചിമഘട്ടങ്ങളിലെ ഏറ്റവും വലിയ കൊടുമുടിയായ ആനമുടി. 2700 മീറ്ററോളം ഉയരമുണ്ട് ഇതിന്. വനം വകുപ്പിന്റെ അനുമതിയോടെ ആനമുടിയിലേക്ക് ദീർഘദൂര നടത്തത്തിന് അനുമതിയുണ്ട്. മൂന്നാറിലെ ഇരവികുളം ദേശീയോദ്യാനം അധികൃതരാണ് അനുമതി നൽകേണ്ടത്.

മാട്ടുപ്പെട്ടി

മൂന്നാർ ടൗണിൽ നിന്ന് 12 കി. മീ. അകലെയാണ് മാട്ടുപ്പെട്ടി. 1700 മീറ്റർ ഉയരത്തിലുള്ള മാട്ടുപ്പെട്ടിയിൽ പഴയ അണക്കെട്ടും വലിയ ജലാശയവുമുണ്ട്. ഈ തടാകത്തിൽ ബോട്ടിംഗിനും സൗകര്യങ്ങളുണ്ട്. ചുറ്റുമുള്ള കുന്നുകളും തോട്ടങ്ങളും കാണാൻ കഴിയും. ഇൻഡോ-സ്വിസ്സ് പദ്ധതി പ്രകാരം നടക്കുന്ന കന്നുകാലി പ്രജനന കേന്ദ്രവും ഇവിടെയാണ്. ഉയർന്ന പാലുല്പാദന ശേഷിയുള്ള പശുക്കളെ ഇവിടെ കാണാനാകും.

പള്ളിവാസൽ

മൂന്നാറിൽ നിന്ന് 3 കി. മീ. താഴേയാണ് ചിത്തിരപുരത്തെ പള്ളിവാസൽ. കേരളത്തിലെ ആദ്യത്തെ ജലവൈദ്യുത പദ്ധതി ഇവിടെയാണ്. ഒട്ടേറെ റിസോർട്ടുകളുള്ള പള്ളിവാസൽ നല്ല ഉല്ലാസകേന്ദ്രമാണ്.

ചിന്നക്കനാലും ആനയിറങ്കലും

പവർ ഹൗസ് വെള്ളച്ചാട്ടം എന്നറിയപ്പെടുന്ന ചിന്നക്കനാൽ മൂന്നാറിനടുത്താണ്. കടൽ നിരപ്പിൽ നിന്ന് 2000 മീറ്റർ ഉയരത്തിലാണ് ഈ വെള്ളച്ചാട്ടം. ചിന്നക്കനാലിൽ നിന്നു 7 കി. മീ. യാത്ര ചെയ്താൽ ആനയിറങ്കൽ എത്താം. തേയിലത്തോട്ടങ്ങളും സ്വാഭാവിക വനങ്ങളും വലയം ചെയ്യുന്ന തടാകവും ഒരു അണക്കെട്ടും ഉണ്ട്. ആന ഉൾപ്പെടെ വന്യമൃഗങ്ങളെയും കാണാം. ചിന്നക്കനാലും ആനയിറങ്കലും താമസ സൗകര്യങ്ങളുള്ള പ്രകൃതി സുന്ദരമായ പ്രദേശങ്ങളാണ്.

ടോപ് സ്റ്റേഷൻ

മൂന്നാറിൽ നിന്ന് 32 കി. മീ. അകലെയാണ് ടോപ്‌സ്റ്റേഷൻ. മൂന്നാർ - കൊഡൈക്കനാൽ റോഡിൽ സമുദ്ര നിരപ്പിൽ നിന്നും 1700 മീറ്റർ ഉയരെയാണ് ഈ സ്ഥലം. തമിഴ്‌നാട് തെക്കുഭാഗത്തായി കൊളുക്കു മലയും, വടക്കു പടിഞ്ഞാറായി കുണ്ടള പ്രദേശങ്ങളും കാണാൻ കഴിയുന്ന ടോപ്‌സ്റ്റേഷനിൽ നിന്ന് കൊഡൈക്കനാൽ വരെ നീളുന്ന നടപ്പാതയുണ്ട്.